

രൺവീർ സിങ്
ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് 'ധുരന്ധർ'. മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ചിത്രം ആഗോള ബോക്സ് ഓഫിസിൽ വൻ നേട്ടം കൈവരിച്ചിരുന്നു.
എന്നാൽ മിഡിൽ ഈസ്റ്റ് രാജ‍്യങ്ങളായ യുഎഇ, ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, സൗദി അറേബ‍്യ എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് വിലക്കുണ്ട്. ഇതിൽ കേന്ദ്രം ഇടപെടണമെന്നാവശ‍്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചിരിക്കുകയാണ് ചലചിത്ര നിർമാതാക്കളുടെ സംഘടനയായ ഇന്ത‍്യൻ മോഷൻ പിക്ച്ചർ അസോസിയേഷൻ.
ചിത്രത്തിന്‍റെ നിരോധനം ഏകപക്ഷീയവും അനാവശ‍്യവുമാണെന്നാണ് ഐഎംപിപിഎ പറയുന്നത്. ചിത്രത്തിന്‍റെ നിർമാതാക്കളുടെ ആവിഷ്കാര സ്വാതന്ത്ര‍്യത്തെ ലംഘിക്കുന്നതാണെന്നും ഐഎംപിഎ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ചിത്രത്തിൽ പാക്കിസ്ഥാൻ വിരുദ്ധ പ്രമേയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മിഡിൽ ഈസ്റ്റ് രാജ‍്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത്.
സ്പൈ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ റൺവീർ സിങ്, അക്ഷയ് ഖന്ന, അർജുൻ രംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ എന്നിവരാണ് മുഖ‍്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇതുവരെ 1,230 കോടി രൂപയാണ് ആഗോള ബോക്സ് ഓഫിസിൽ നിന്നും ചിത്രം നേടിയിട്ടുള്ളത്.