

വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ; നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം
ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ ചിത്രീകരിച്ച നടൻ ചിയാൻ വിക്രം വിവാദത്തിൽ. ലാർ ഗിബ്ബൺ എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായായിരുന്നു വിക്രമിന്‍റെ റീൽ. സംഭവം വിവാദമായതോടെ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് വിക്രം ഈ വീഡിയോ ഡിലീറ്റ് ചെയ്തു. സംഭവത്തിൽ തമിഴ്നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
വിക്രമിന്‍റെ ചെന്നൈയിലെ വീട്ടിൽ വച്ചാണോ ഈ റീൽ ചിത്രീകരിച്ചതെന്ന് അന്വേഷണം നടക്കുന്നുണ്ട്. വിക്രമിന്‍റെ മകളുടെ ഭർത്താവിന്‍റെ അച്ഛനും ബിസിനസുകാരനുമായ സി.കെ. രാംഗനാഥന് വംശനാശഭീഷണി നേരിടുന്ന അപൂർവ ജീവികളുടെ വ്യാപകമുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ കുരങ്ങിനെ വിക്രം രാംഗനാഥിന്‍റെ കൈയിൽ നിന്ന് വാങ്ങിയതാവാമെന്നും മണിപ്പൂരിൽ നിന്നാണ് കുരങ്ങിനെ എത്തിച്ചതെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
നിയമങ്ങൾ കൃത്യമായി പാലിച്ചാണോ കുരുങ്ങിനെ കൈവശം വച്ചിരിക്കുന്നത്, എവിടെ നിന്നാണ് കുരങ്ങിനെ എത്തിച്ചത് എന്നിവയിലാണ് അന്വേഷണം നടക്കുന്നത്. വിക്രമിന്‍റെ കൈവശമുള്ള ലാർ ഗിബ്ബൺ പൂർണ വളർച്ചയെത്തിയതാണെന്നും എത്രകാലമായി ഇതിന് തടവിലാക്കിയിരിക്കുകയാണെന്നുമൊക്കെയുള്ള ആശങ്കകളുമായി നിരവധി വന്യജീവി സംരക്ഷകരാണ് രംഗത്തെത്തിയിരിക്കുന്നത്.