

ജെയിംസ് ബറോസ്
പ്രമുഖ ടെലിവിഷൻ സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസായിരുന്നു. അമേരിക്കൻ സിറ്റ്കോം ആയ ചിയേഴ്സിന്‍റെ കോ ക്രിയേറ്ററായിരുന്നു. കൂടാതെ ലോകപ്രശസ്ത ടെലിവിഷൻ സീരീസുകളായ ഫ്രണ്ട്സ്, ദി ബിഗ് ബാങ് തിയറി, വിൽ ആൻഡ് ഗ്രേസ്, ടാക്സി ആൻഡ് ഫ്രേസിയർ തുടങ്ങിയ സീരീസുകളുടെ എപ്പിസോഡുകൾ സംവിധാനം ചെയ്തിട്ടുണ്ട്.
ജയിംസ് ബറോസിന്‍റെ കുടുംബം തന്നെയാണ് മരണം സ്ഥിരീകരിച്ചത്. അഞ്ച് പതിറ്റാണ്ട് നീണ്ടു നിൽക്കുന്ന കരിയറിൽ വിവിധ ഷോകൾക്കു വേണ്ടി ആയിരത്തിൽ അധികം ടെലിവിഷൻ എപ്പിസോഡുകൾ സംവിധാനം ചെയ്തു. ജെയിംസ് ബറോസിന്‍റെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ ഫ്രണ്ട്സ് സീരീസിലെ അഭിനേതാക്കൾ ആദരാഞ്ജലിയുമായി എത്തി.
അഭിനേതാക്കളിൽ നിന്ന് ഏറ്റവും മികച്ചതു പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തിനായി എന്നാണ് ഫ്രണ്ട്സിൽ റോസ് ഗെല്ലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡേവിഡ് ഷ്വിമ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ജോയ് ട്രിബിയാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാറ്റ് ലെബ്ലാങ്ക്, ഫീബിയായി എത്തിയ ലിസ കുദ്രോസ് എന്നിവരും ആദരാഞ്ജലി നേർന്നു. 1940ൽ ലോസ് ആഞ്ചലസിലാണ് ജെയിംസ് ബറോസ് ജനിച്ചത്. നാടകത്തിലൂടെയാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. 11 എമ്മി പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.