

ഗൗതം വാസുദേവ് മേനോൻ
തന്‍റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകൻ ഗൗതം വാസുദേവ മേനോൻ. വിക്രമിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ ധ്രുവനച്ചത്തിരം എന്ന സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ വിധിക്ക് നന്ദി പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലാണ് ഗൗതം മേനോൻ ഇത്തരമൊരു ആരോപണം നടത്തിയത്.
തനിക്ക് വേണ്ടി നിയമപ്പോരാട്ടം നടത്തിയ മുതിർന്ന അഭിഭാഷകൻ അബ്ദുൽ ഹമീദിനും കേസിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിക്കും നന്ദി പറയുന്നതാണ് പോസ്റ്റ്.
"എന്‍റെ കരിയർ നശിപ്പിക്കാനും നൂറിലധികം പേരുടെ അധ്വാനമായ എന്‍റെ സിനിമ പുറത്തിറങ്ങുന്നത് തടയാനും ചിലയാളുകൾ ശ്രമിച്ചു. വളരെ വിരളമായി മാത്രം സംഘടിതവും ചിട്ടവട്ടങ്ങളുമുള്ളതുമായ ഫണ്ടുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയിൽ, റിലീസ് കാത്തിരിക്കുന്ന ഏതൊരു സിനിമയ്ക്കും ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ നിർദേശിച്ചുള്ള സുപ്രധാന ഉത്തരവ് സഹായകമാവും. ഇനിയങ്ങോട്ട് ഉയർച്ച മാത്രം" -ഗൗതം കുറിച്ചു.
2023-ൽ ചിത്രീകരണം പൂർത്തിയായിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെതുടർന്ന് ചിത്രം റിലീസ് ചെയ്യാനായിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. ജൂൺ 15 നുള്ളിൽ ചിത്രം റിലീസ് ചെയ്യാനാണ് കോടതി നിർദേശം.
തങ്ങളുടെ കൈയിൽ നിന്ന് വാങ്ങിയ പണത്തിന്‍റെ കുടിശിക തീർക്കുന്നതു വരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് 2023 ൽ കെ. പുണ്യമൂർത്തി, കെ. പ്രേംകുമാർ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. പലവട്ടം റിലീസ് തീയതി പ്രഖ്യാപിച്ചുവെങ്കിലും പുറത്തിറക്കാനായില്ല. തുടർന്ന് ഇപ്പോഴാണ് കോടതിയിൽ നിന്ന് അനുകൂലമായൊരു വിധി വരുന്നത്.