
ജോർജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ജീത്തു ജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ടിൽ ദൃശ്യം - 3 ആരംഭിച്ചു
പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫിന്‍റെ സംവിധാനത്തിൽ വലിയ വിജയം സമ്മാനിച്ച ദൃശ്യം എന്ന ചിത്രത്തിന്‍റെ മൂന്നാം ഭാഗം ചിത്രീകരണം തുടങ്ങി.
ജോർജ് കുട്ടിയെയും കുടുംബത്തെയും വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്ന ദൃശ്യം മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണത്തിന്, തിങ്കളാഴ്ച്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളെജിൽ നടത്തിയ ലളിതമായ ചടങ്ങിൽ തുടക്കമിട്ടു.
രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം - 3 ആരംഭിക്കുവാൻ കഴിഞ്ഞതിന്‍റെ ഇരട്ടിമധുരമാണ് ഈ ദിനമെന്ന് സംവിധായകൻ ജീത്തു ജോസഫും, നിർമാതാവ് ആന്‍റണി പെരുമ്പാവൂരും പറഞ്ഞു.
സെറ്റിലെത്തിയ മോഹൻലാലിനെ നിർമാതാവ് ആന്‍റണി പെരുമ്പാവൂരും സംവിധായകൻ ജീത്തു ജോസഫും പൂച്ചെണ്ടു നൽകി സ്വീകരിച്ചു. മോഹൻലാൽ ആദ്യ ഭദ്രദീപം തെളിച്ചു. ആന്‍റണി പെരുമ്പാവൂർ സ്വിച്ചോൺ കർമവും, മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു.
ചടങ്ങിനു ശേഷം ദദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം ഏറ്റുവാങ്ങാനായി ഡൽഹിയിലേക്കു പുറപ്പെട്ട മോഹൻലാൽ ബുധനാഴ്ച ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും. ചിത്രത്തിന്‍റെ മറ്റു വിശദാംശങ്ങളിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.