

"ലെജൻഡ്സിന്‍റെ പാട്ട് ഇങ്ങനെ പാടി നശിപ്പിക്കരുത്", വിമർശകന് വെറൈറ്റി മറുപടിയുമായി ഗൗരി ലക്ഷ്മി
സംഗീതത്തെ വ്യത്യസ്തമായ രീതികളിൽ കേൾവിക്കാരിലേക്ക് എത്തിക്കാറുള്ള ഗായികയാണ് ഗൗരി ലക്ഷ്മി. താരത്തിന്‍റെ പ്രസന്‍റേഷൻ തന്നെയാണ് പലപ്പോഴും കൈയടി നേടാറുള്ളത്. കീർത്തനങ്ങളും മലയാളത്തിലെ എവർഗ്രീൻ ഹിറ്റുകളുമെല്ലാം തന്‍റേതായ ശൈലിയിൽ ഗൗരി അവതരിപ്പിക്കാറുണ്ട്. ഗൗരിയുടെ ബോൾഡായ അവതരണ ശൈലിക്ക് ഏറെ ആരാധകരുമുണ്ട്. അതുപോലെ തന്നെ വിമർശകരും.
ഇപ്പോൾ തന്‍റെ വിമർശകന് ഗൗരി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 'ദയവ് ചെയ്ത് ലെജൻഡ്സ് പാടി വച്ചിരിക്കുന്ന പാട്ട് ഇങ്ങനെ പാടി നശിപ്പിക്കരുത്. ഞങ്ങളും സംഗീതം ആസ്വദിക്കുന്നവരാണ്. പക്ഷേ ഇതൊക്കെ കാണുമ്പോൾ... ഉള്ള വില കളയരുത്'- എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇതിന് തന്‍റെ സ്വതസിദ്ധമായ ശൈലിയിലാണ് ഗൗരി മറുപടി നൽകിയത്.
യോദ്ധയിലെ പടകാളി എന്ന പ്രശസ്ത ഗാനമാണ് തന്‍റെ മറുപടിയായി ആലപിച്ചത്. ചുവന്ന സാരിയുടുത്ത് എത്തിയ ഗൗരി ആദ്യം വിമർശന കമന്‍റ് കാണിച്ചു പിന്നാലെ നേരത്തെ റെക്കോർഡ് ചെയ്തു വെച്ച വിഡിയോ കൊണ്ട് തന്‍റെ ചുണ്ട് മറച്ചുവെച്ച് പ്ലേ ചെയ്യുകയായിരുന്നു.
വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഗൗരിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം നിരവധി വിമർശനങ്ങളും ഗാനത്തിന് ലഭിക്കുന്നുണ്ട്.