

അഹാന കൃഷ്ണ,വസന്ത
നടി അഹാന കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണകുമാറിനും എതിരേ ഗുരുതര ആരോപണവുമായി അമ്മൂമ്മ വസന്ത. അഹാന തന്നെ അടിക്കാൻ വന്നെന്നും വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത് എന്നുമാണ് വസന്ത പറഞ്ഞത്. തന്നെ അസഭ്യം പറഞ്ഞതുകൊണ്ടാണ് തിരിച്ച് പറഞ്ഞതെന്നും അവർ ആരോപിക്കുന്നു. താൻ മരിച്ചിരുന്നെങ്കിൽ ഡാഡിയെ തന്‍റെ വീട്ടിൽ കൊണ്ടുപോയി നോക്കുമായിരുന്നെന്ന് സിന്ധു പറഞ്ഞിട്ടുണ്ടെന്നും വസന്ത വെളിപ്പെടുത്തുന്നു.
സിന്ധുവിന്‍റെ സഹോദരിയുടെ മകൾ തൻവിയാണ് അമ്മൂമ്മയുടെ വിഡിയോ പങ്കുവച്ചത്. തന്‍റെ ഭർത്താവിന്‍റെ കാര്യങ്ങൾ സിന്ധു നോക്കിയിരുന്നെന്നും എന്നാൽ തന്‍റെ കാര്യങ്ങൾ നോക്കിയിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. അമ്മു (അഹാന) തന്നോട് പറയാൻ പാടില്ലാത്തതു പറഞ്ഞതുകൊണ്ടാണ് താനും തിരിച്ചു പറഞ്ഞത്. താനുമായി ബന്ധമില്ലെന്ന് പറഞ്ഞ് അഹാന തനിക്ക് മെസേജ് അയച്ചെന്നും ഇവർ കൂട്ടിച്ചേർത്തു. തുടർന്ന് അഹാനയുടെ മെസേജ് വായിക്കുകയായിരുന്നു. ‘ഇനി എനിക്ക് ഒരു അമ്മൂമ്മ, അപ്പച്ചി, വസന്ത... എന്റെ ജീവിതത്തിൽ ഇല്ല. ഇനി നിനക്ക് മെസേജ് അയക്കാനും സാധിക്കില്ല, ഞാൻ നിന്നെ ബ്ലോക്ക് ചെയ്യുന്നു.’- എന്നാണ് മെസേജിലുള്ളത്.
എടീ വസന്തേ എന്നാണ് താന്നെ വിളിച്ചിരുന്നതെന്നും ഇവർ പറയുന്നു. അപ്പൂപ്പന്‍റെ മൂക്കിൽ നിന്ന് രക്തം വന്നു എന്നൊക്കെ വെറുതെ പറയുന്നതാണ്. ഏത് ഹോം നേഴ്സ് വന്നാലും ഏജൻസിയിൽ വിളിച്ച് ഈ വീട്ടിൽ മാനസിക പ്രശ്നമുള്ള സ്ത്രീയുണ്ടെന്ന് പറയുമെന്നും അവർ പറയുന്ന കാര്യങ്ങളൊന്നും കേൾക്കേണ്ട കാര്യമില്ലെന്നും പറയുമെന്നും അവർ കൂട്ടിച്ചേർത്തു. ഹോം നേഴ്സിന്‍റെ കൈയിൽ ഫ്രൂട്സ് വാങ്ങിക്കൊടുത്തിട്ട് അമ്മൂമ്മയ്ക്ക് കൊടുക്കരുത് എന്ന് പറഞ്ഞുവിടും. അഹാന ഇങ്ങനെ പറഞ്ഞെന്ന് പറയാൻ പറയും. അവസാനം അഹാന തന്നെ അടിക്കാൻ വന്നു. തന്നെ അടിച്ചാൽ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞെന്നാണ് വസന്ത പറയുന്നത്.
ഇഷാനിയും ഹൻസികയും ഓസിയുമൊക്കെ ഡീസന്റ് പിള്ളേരാണ്. അഹാനയുടെ കല്ല്യാണത്തിന് എന്നെ വിളിക്കില്ലെന്ന് അവൾ പറഞ്ഞു. ‘നീയെന്റെ കാലിൽ വീണ് മാപ്പ് പറയണം. അല്ലാതെ കല്യാണത്തിന് വിളിക്കില്ല’ എന്നു പറഞ്ഞു. കല്യാണത്തിന് വരരുത് എന്ന് പറയാൻ കൂടിയാണ് അന്ന് വന്നതെന്ന് പറയുകയും ചെയ്തു. മകൾ സിന്ധുവും തന്നോട് മോശമായാണ് പെരുമാറിയിട്ടുള്ളത്. എന്റെ ഭർത്താവിനോട് അവൾ പറയുമായിരുന്നു, 'ഡാഡി ആ വൃത്തികെട്ട സ്ത്രീ ചത്തെങ്കിൽ ഡാഡിയെ എന്റെ വീട്ടിൽ കൊണ്ടുവന്നു നിർത്താമായിരുന്നു' എന്ന്. ആ സ്ത്രീ ചാവുന്നില്ലല്ലോ എന്ന് എപ്പോഴും പറയും. ഒരു മോളു പറയേണ്ട വാചകമാണോ ഇത്. എന്റെ ഭർത്താവ് മിണ്ടാതെ ഇരുന്നത് ആളെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും ഒക്കെ അവളായിരുന്നു. പക്ഷേ, ഈ ഹോം നഴ്സിന്റെ മുൻപിൽ വച്ച് ആള് സിന്ധുവിനെ പറ്റി പറഞ്ഞിട്ടുണ്ട്– 'ഇത്രയും വഞ്ചകിയായ ഒരു സ്ത്രീ ഈ ലോകത്തുണ്ടാകില്ല' എന്ന്.
മക്കൾ തന്നെ നോക്കുന്നില്ലെന്നും പണം അയച്ചു തരുന്നില്ലെന്നും വസന്തി ആരോപിച്ചു. ബാങ്കിൽ കിടക്കുന്ന പൈസയ്ക്ക് പലിശയായി 18,000 രൂപയാണ് കിട്ടുന്നത്. വീട്ടുജോലിക്കാരിക്ക് 24,000 രൂപ കൊടുക്കണം. മരുന്നിനും മറ്റു ചെലവുകൾക്കും എന്‍റെ കൈയിൽ പൈസയില്ല. അനിയത്തിയുടെ മക്കളോട് വിളിച്ചു പൈസ ഇടാമോ എന്ന് ചോദിച്ചു. മക്കളായ സിന്ധുവിനോടും സിമിയോടും 25,000 രൂപ വീതം ഇടാനും പറഞ്ഞു.- അവർ കൂട്ടിച്ചേർത്തു.