

ജി.വി. പ്രകാശ്
സുഹൃത്തിന്‍റെ ഓപ്പറേഷനായി സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർഥിച്ച യുവാവിന്‍റെ പോസ്റ്റ് കണ്ട് സഹായഹസ്തവുമായി സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാർ. എക്സിലൂടെയായിരുന്നു സഹായ അഭ്യർഥന. കൊയമ്പത്തൂരിലെ പിഎസ്ജി ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിന്‍റെ ചികിത്സയ്ക്കായാണ് ഫീനിക്സ് എന്ന അക്കൗണ്ടിൽ നിന്ന് പോസ്റ്റ് വന്നത്. ഇത് കണ്ട താരം 50,000 രൂപ അയക്കുകയായിരുന്നു.
ഇപ്പോൾ 12 മണിക്കൂറിൽ അധികമായെന്നും സർജറി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പിഎസ്ജി ആശുപത്രിയിലെ ഐസിയു ചാർജ് വളരെ കൂടുതലാണെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിനൊപ്പം ജിപേ നമ്പറും അക്കൗണ്ടുള്ള ആളുടെ പേരും നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട താരം പണം അയക്കുകയായിരുന്നു. എന്‍റെ ഭാഗത്തു നിന്ന് ചെറിയ സഹായം. ഇത് സത്യസന്ധമെന്ന് കരുതുന്നു എന്ന് പറഞ്ഞാണ് 50,000 രൂപ യുപിഐയിലൂടെ അയച്ചതിന്‍റെ സ്ക്രീൻഷോട്ട് താരം പങ്കുവച്ചത്.
പിന്നാലെ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് എക്സ് യൂസർ എത്തി. ഇങ്ങനെയൊരു സഹായത്തിനായി ഒരാഴ്ചയായി കാത്തിരിക്കുകയായിരുന്നു എന്നാണ് കുറിച്ചത്. പിന്നാലെ രോഗിയുടെ വിവരങ്ങളും ഡിസ്ചാർജ് ഡേറ്റുമെല്ലാം ചോദിച്ചുകൊണ്ട് നിരവധി പേർ എത്തി. ഇതോടെ താൻ നൂറു ശതമാനം സത്യസന്ധമാണെന്നും സുഹൃത്തിന് ബുദ്ധിമുട്ടാകേണ്ട എന്നുകരുതിയാണ് ഫോട്ടോ പങ്കുവയ്ക്കാത്തതെന്നും ഇയാൾ പറഞ്ഞു. കൊയമ്പത്തൂർ പിഎസ്ജി ആശുപത്രിയിൽ എത്തിയാൽ നേരിട്ട് കാണാമെന്നും കുറിച്ചു.