

റിമി ടോമി, ലിബിൻ
വിവാഹചിത്രങ്ങൾ പങ്കു വച്ച് റിമി ടോമിയുടെ ഭർത്താവ് ലിബിൻ മാത്യു. ഇൻസ്റ്റഗ്രാമിലൂടെയാണ് ലിബിൻ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. മുംബൈയിൽ വച്ച് ശനിയാഴ്ചയായിരുന്നു റിമിയുടെയും ലിബിന്റെയും വിവാഹം. സുന്ദരമായൊരു തുടക്കത്തിൽ നിന്ന് അവസാനിക്കാത്ത യാത്രയിലേക്ക് എന്നു തുടങ്ങുന്ന ദീർഘമായൊരു കുറിപ്പും ലിബിൻ ചിത്രങ്ങൾക്കൊപ്പം പങ്കു വച്ചിട്ടുണ്ട്.
കുറിപ്പ് വായിക്കാം-
സുന്ദരമായൊരു തുടക്കത്തിൽ നിന്ന് ഒരിക്കലും അവസാനിക്കാത്തൊരു യാത്രയിലേക്ക്…
ഒൻപത് മാസം മുമ്പാണ് ഞങ്ങളുടെ വഴികൾ ഒന്നിച്ചുചേർന്നത്. യാദൃച്ഛികമായി നടന്ന ആ
ഒരു കൂടിക്കാഴ്ച ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്നായി മാറുമെന്ന് അന്നറിയില്ലായിരുന്നു. പരസ്പരം അടുത്തറിയാൻ തുടങ്ങിയ രണ്ട് ഹൃദയങ്ങൾ, പതിയെ സ്നേഹവും വിശ്വാസവും ചിരിയും ഒത്തിരി മനോഹരമായ ഓർമ്മകളും നിറഞ്ഞൊരു ബന്ധമായി വളർന്നു.
ആ മനോഹരമായ യാത്ര ഇന്നലെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടൊരു വാഗ്ദാനത്തിലേക്ക് എത്തിച്ചേർന്നു. ഇനി ഒരുമിച്ച് ജീവിക്കാനും ജീവിതപങ്കാളികളായി പരസ്പരം ചേർത്തുപിടിക്കാനും, ഭാര്യാഭർത്താക്കന്മാരായി പുതിയൊരു ജീവിതം തുടങ്ങാനുമുള്ള ആ വാഗ്ദാനത്തിലേക്ക്…
റിമി ടോമി, നമ്മുടെ വഴികൾ ഒന്നിച്ചുചേർന്ന ആ ദിവസം മുതൽ നിന്നെ എന്റെ ഭാര്യയെന്ന് വിളിക്കാൻ കഴിഞ്ഞ ഈ നിമിഷം വരെ, ഓരോ നിമിഷവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്ന് ഞാൻ ആഘോഷിക്കുന്നത് പ്രണയം കണ്ടെത്തിയതിന്റെ സന്തോഷം മാത്രമല്ല; ജീവിതകാലം മുഴുവൻ കൂടെയുണ്ടാകേണ്ട എന്റെ പ്രിയപ്പെട്ട ഒരാളെ കണ്ടെത്തിയതിന്റെ സന്തോഷം കൂടിയാണ്. ഒരുമിച്ച് വളരാനും, ഏത് പ്രതിസന്ധിയിലും പരസ്പരം താങ്ങാകാനും, ഇനിയുമൊരുപാട് മനോഹരമായ ഓർമ്മകൾ ചേർത്തുവെക്കാനും… ഇതാ, നമ്മുടെ ഒരായിരം സ്വപ്നങ്ങളിലേക്കുള്ള പുതിയ യാത്ര!
ഈ സന്തോഷനിമിഷത്തിൽ ഞങ്ങൾക്കൊപ്പം നിന്ന, സന്തോഷത്തിൽ പങ്കുചേർന്ന, സ്നേഹവും പ്രാർത്ഥനകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ ഇരുകുടുംബങ്ങളിലെയും പ്രിയപ്പെട്ടവരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സാന്നിധ്യവും സ്നേഹവുമാണ് ഈ ദിനത്തെ ഇത്രമേൽ അർഥവത്തും മനോഹരവുമാക്കിയത്.
ഞങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകാൻ ഇത്രയും ദൂരം യാത്രചെയ്തെത്തിയ പ്രിയപ്പെട്ട മീഡിയ ടീമിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു. നിങ്ങളുടെ ആത്മാർഥമായ പരിശ്രമവും സ്നേഹവും ഓരോ ചെറിയ വികാരവും മനോഹര നിമിഷവും ക്യാമറയിൽ പകർത്തിയതിലൂടെ ജീവിതകാലം മുഴുവൻ ഞങ്ങൾ ചേർത്തുപിടിക്കുന്ന ഓർമ്മകളാണ് സമ്മാനിച്ചത്. ഞങ്ങളുടെ ഈ ദിനത്തെ കൂടുതൽ മനോഹരവും അവിസ്മരണീയവുമാക്കിയത് നിങ്ങളാണ്!
ഞങ്ങളോടൊപ്പം സന്തോഷം പങ്കിട്ട, അനുഗ്രഹങ്ങൾ ചൊരിഞ്ഞ, സ്നേഹംകൊണ്ട് ചേർത്തുപിടിച്ച ഓരോരുത്തർക്കും ഒരായിരം നന്ദി. ഈ ദിനം എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഒരിക്കലും മായാത്തൊരു ഓർമ്മയായി നിലനിൽക്കും.
യാത്ര മനോഹരമായിരുന്നു… ആ ദിനം മാന്ത്രികമായിരുന്നു… എന്നാൽ ഏറ്റവും മനോഹരമായ കാര്യം, ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതയാത്രയ്ക്ക് ഇപ്പോഴാണ് യഥാർഥ തുടക്കമാകുന്നത് എന്നതാണ്.
മിസ്റ്റർ & മിസിസ് -ഇനി ഒരുമിച്ച്, ജീവിതാവസാനം വരെ!