

'ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തും'; ഹാൽ സിനിമ കാണാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ആക്ഷേപങ്ങൾ ശരിയല്ലെങ്കിൽ പിഴ
കൊച്ചി: ഹാല്‍ സിനിമ ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തുമെന്ന കത്തോലിക്ക കോണ്‍ഗ്രസിന്‍റെ അപ്പീലിൽ സിനിമ കണ്ട ശേഷം നടപടിയെടുക്കാൻ ഹൈക്കോടതി. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും പി.വി. ബാലകൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാകും സിനിമ കാണുക. അപ്പീലിൽ ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ചുമത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിനിമ പ്രദർശിപ്പിച്ചാൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുമെന്നും സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകരുമെന്നുമാണ് കത്തോലിക്ക കോൺഗ്രസിന്റെ അപ്പീലിൽ പറയുന്നത്. അനുമതിയില്ലാതെയാണ് താമരശ്ശേരി ബിഷപ് ഹൗസ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തെയും താമരശ്ശേരി ബിഷപ് ഹൗസിനെയും പ്രതിപാദിക്കുന്ന സിനിമയിലെ മൂന്ന് സീനുകൾക്ക് സിംഗിൾ ബെഞ്ച് അനുമതി നൽകിയതിനെയും അപ്പീലിൽ ചോദ്യം ചെയ്യുന്നുണ്ട്.
ഹാൽ സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാൻ പല സീനുകളും ഒഴിവാക്കാൻ നിർദേശിച്ച സെൻസർ ബോർഡിന്റെ തീരുമാനം സിനിമ കണ്ട ശേഷം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. സെൻസർ ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. തുടർന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ കത്തോലിക്കാ കോൺഗ്രസ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.