
ഹനുമാൻകൈൻഡ് അമെരിക്കൻ മ്യൂസിക് ഫെസ്റ്റിവലിൽ
ലോകപ്രശസ്തമായ കൊച്ചെല്ല സംഗീതോത്സവത്തിൽ മലയാളി റാപ്പർ ഹനുമാൻകൈൻഡിന്‍റെ അരങ്ങേറ്റം. അമെരിക്കൻ മ്യൂസിക് ഫെസ്റ്റിവലിൽ തന്‍റെ ഏറ്റവും പുതിയ ഹിറ്റായ റൺ ഇറ്റ് അപ്പ് അവതരിപ്പിച്ച ഹനുമാൻകൈൻഡിന് അകമ്പടിയായത് മുണ്ടും ഷർട്ടും ധരിച്ച ചെണ്ടക്കാർ. തന്‍റെ മറ്റു ഹിറ്റുകളായ ബിഗ് ഡോഗ്സ്, ഗോ ടു സ്ലീപ്പ് എന്നിവയും വേദിയിൽ അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു.
സൂരജ് ചെറുകാട് എന്ന മലപ്പുറം സ്വദേശിയാണ് ഹനുമാൻകൈൻഡ് എന്ന പേരിൽ ലോകമെങ്ങും ആരാധകരുള്ള റാപ്പറും ഗായകനുമായി മാറിയത്. റൈഫിൾ ക്ലബ് എന്ന ആഷിക് അബു ചിത്രത്തിലൂടെ സിനിമാ പ്രേമികൾക്കും പരിചിതനായി.
ബിഗ് ഡോഗ്സ് എന്ന ആൽബമാണ് അദ്ദേഹത്തെ ആദ്യമായി അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഇന്ത്യൻ റാപ്പറല്ല, ഇന്ത്യയിൽനിന്നുള്ള റാപ്പർ എന്നാണ് ഹനുമാൻകൈൻഡ് സ്വയം വിശേഷിപ്പിക്കാറുള്ളത് (Not Indian rapper, but rapper from India).
ഇന്ത്യൻ ഗായകർക്ക് അമെരിക്കൻ മ്യൂസിക് ഫെസ്റ്റിവലിൽ അവസരം കിട്ടുന്നത് അപൂർവമായി മാത്രമാണ്. കൗച്ചെല്ല 2025 പ്രകടനത്തിന്‍റെ വീഡിയോകൾ ഹനുമാൻകൈൻഡ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. അമെരിക്കൻ റാപ്പർ മാക്സോ ക്രീമുമൊത്തുള്ള പ്രകടനത്തിന്‍റെ ക്ലിപ്പും പങ്കുവച്ചിട്ടുണ്ട്. ഏപ്രിൽ 11ന് ആരംഭിച്ച കൗച്ചെല്ല 2025 ഏപ്രിൽ 20 വരെ നീളും.