

'Haq' Movie
മുംബൈ: യാമി ഗൗതമും ഇമ്രാൻ ഹാഷ്മിയും മത്സരിച്ച് അഭിനയിച്ച ഹഖിന് ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ. സുപ്രീംകോടതി വിധിയെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം ആദ്യദിനം തന്നെ 2.03 കോടി വാരിയെന്നാണ് റിപ്പോർട്ട്. ചിത്രം നവംബർ 7 നാണ് തീയേറ്ററുകളിലെത്തിയത്.
ചിത്രത്തിന്‍റെ ആദ്യദിനം തന്നെ വൻ കളക്ഷൻ നേടിയത് ആരാധകരെയും അണിയറ പ്രവർത്തകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. കോടതി മുറിയിൽ നടക്കുന്ന വൈകാരിക രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. കോടതി മുറി നാടകം എന്ന് വേണമെങ്കിൽ പറയാം.
ഒരു സ്ത്രീ തന്‍റെ കുട്ടികൾക്ക് വേണ്ടി നടത്തുന്ന ആത്മാഭിമാന പോരാട്ടമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. യാമി ഗൗതമും ഇമ്രാൻ ഹാഷ്മിയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. അവകാശങ്ങളെയും ആത്മാഭിമാനത്തെയും കുറിച്ചുള്ള രസകരവും ആകർഷകവുമായ കോടതി മുറി വിചാരണയാണ് ഹഖ്. 1985ലെ ഷാ ബാനോ കേസിലെ സംഭവവികാസങ്ങളെ ഉൾക്കൊളളിച്ച് ജംഗ്ലി പിക്ചേഴ്സ് സഹനിർമ്മാതാവായ സുപർണ്.എസ്.വർമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹഖിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഗംഭീര സിനിമയെന്നാണ് നടനും നിർമ്മാതാവുമായ നിഖിൽ ദ്വിവേദി കുറിച്ചത്. നിഖിൽ ദ്വിവേദിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. ഹഖ് അതിശയകരമാണ്, നന്നായി ചെയ്തു, സൂപർൺ വർമ, അമൃത പാണ്ഡെ ഈ ചിത്രം നിർമ്മിച്ചതിൽ നിങ്ങൾ അഭിമാനിക്കണം എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചില സ്ഥലങ്ങളിൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നിപ്പോയിയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. യാമി ഗൗതം തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി നിഖിലിന്‍റെ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ജംഗ്ലി പിക്ചേഴ്സിന്‍റെ ബാനറിൽ വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത, ഹർമൻ ബവെജ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.