''ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്'': വിനീതിന്‍റേയും ധ്യാനിന്‍റേയും ചിത്രം പങ്കുവച്ച് ഹരീഷ് പേരടി

''ജീവിക്കുന്ന കാലത്ത് മക്കളെ തന്‍റെ ഇഷ്‌ടങ്ങളുടെ അടിമകളാക്കാതെ. തന്നോട് തർക്കിക്കാനും വിയോജിക്കാനും പൂർണ സ്വാതന്ത്ര്യം നൽകുന്ന രാഷ്‌ട്രീയം''
hareesh peradi sreenivasan tribute

ഹരീഷ് പേരടി |ഫെയ്സ് ബുക്കിൽ പങ്കുവച്ച ധ്യാനിന്‍റേയും വിനീതിന്‍റേയും ചിത്രം

Updated on

കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍റെ വേർപാടിൽ അച്ഛന്‍റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന മക്കളായ ധ്യാനിന്‍റെയും വിനീതിന്‍റേയും ദൃശ്യം കണ്ടുനിക്കുന്നവരെ പോലും കണ്ണീരിലാഴ്ത്തിയിരുന്നു. ഈ ദൃശ്യങ്ങൾക്ക് പിന്നിലെ വൈകാരികമായ ഒരു രാഷ്ട്രീയമുണ്ടെന്ന പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു അച്ഛൻ മക്കൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തിന്‍റെ രാഷ്‌ട്രീയമാണ് ആ കരച്ചിലെന്ന് ഹരീഷ് കുറിച്ചു. ജീവിക്കുന്ന കാലത്ത് മക്കളെ തന്‍റെ ഇഷ്‌ടങ്ങളുടെ അടിമകളാക്കാതെ. തന്നോട് തർക്കിക്കാനും വിയോജിക്കാനും പൂർണ സ്വാതന്ത്ര്യം നൽകുന്ന രാഷ്‌ട്രിയം. അങ്ങിനെയുള്ളവർ മരിക്കുമ്പോൾ സ്വാതന്ത്ര്യം രുചിച്ച മക്കൾ ഇങ്ങിനെ പൊട്ടിക്കരയുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷിന്‍റെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ...

ഈ മക്കളുടെ പൊട്ടികരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്... ഒരു അച്ഛൻ മക്കൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തിന്‍റെ രാഷ്‌ട്രീയം... ജീവിക്കുന്ന കാലത്ത് മക്കളെ തന്‍റെ ഇഷ്‌ടങ്ങളുടെ അടിമകളാക്കാതെ... തന്നോട് തർക്കിക്കാനും വിയോജിക്കാനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന രാഷ്‌ട്രിയം...

അങ്ങിനെയുള്ളവർ മരിക്കുമ്പോൾ സ്വാതന്ത്ര്യം രുചിച്ച മക്കൾ ഇങ്ങിനെ പൊട്ടിക്കരയും... ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത,എനിക്ക് രാഷ്‌ട്രിയം പറഞ്ഞ് തർക്കിക്കാൻ അവസരം തന്ന,എന്നെക്കാൾ 46 വയസ്സ് വിത്യാസമുള്ള എന്‍റെ അച്ഛൻ എന്‍റെ ഇരുപതാമത്തെ വയസ്സിൽ മരിക്കുമ്പോൾ ഞാൻ പൊട്ടി പൊട്ടി കരഞ്ഞിരുന്നു... ഇഷ്‌ടപ്പെട്ട നാടകം കളിച്ച് ജീവിക്കാൻ കാവൽ നിന്ന...

ഒരു വരുമാനവുമില്ലാത്ത കാലത്ത് അന്യജാതിയിൽപ്പെട്ട ഇഷ്‌ടപ്പെട്ട പെൺകുട്ടിയുടെ കൈയും പിടിച്ച് വീട്ടിലേക്ക് കയറി വരുമ്പോൾ അവളെ വിളക്കും താലവും എടുത്ത് കെട്ടിപിടിച്ച് സ്വീകരിച്ച എന്‍റെ അമ്മ മരിച്ചപ്പോൾ ഞാൻ കുളൂർ മാഷേയും മധുമാഷേയും സുധാകരേട്ടനേയും കെട്ടിപിടിച്ച് ആർത്താർത്ത് കരഞ്ഞിരുന്നു... ആ സ്വാതന്ത്ര്യത്തിന്‍റെ കണ്ണീരാണ് നമ്മുടെ ജീവിതത്തിന്‍റെ വേരുകൾക്ക് ആത്മ ബലം നൽകുന്നത്... ഉറക്കെ കരയുക... സ്വതന്ത്രരാവുക

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com