'ജെഎസ്കെ' സിനിമ വിവാദം; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

സെൻസർ ബോർഡിന്‍റെ നിലപാട് വ്യക്തമായതിനും ശേഷം കേസിൽ കക്ഷിചേരാമെന്നാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും നിലപാട്
HC on Janaki v/s State of Kerala name change controversy

'ജെഎസ്കെ' സിനിമ വിവാദം; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

file image

Updated on

കൊച്ചി: പ്രവീൺ നാരായണന്‍റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി VS സ്റ്റേറ്റ് ഓഫ് കേരള (JSK) എന്ന സിനിമയുടെ പ്രദർശനാനുമതി തടഞ്ഞതിനെതിരായ ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി. സെൻസർ ബോർഡിന്‍റെ റിവ്യു ബോർഡ് പ്രിവ്യു പൂർണമായും കണ്ടതിനു ശേഷം ഹർജി പരിഗണിക്കാമെന്നാണ് ഹൈക്കോടതി നിലപാട്. വ്യാഴാഴ്ചയാണ് റിവ്യു ബോർഡ് പ്രിവ്യു കാണുക.

അതേസമയം, സംഭവത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹർജി പരിഗണിക്കുമ്പോൾ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സെൻസർ ബോർഡിന്‍റെ നിലപാട് വ്യക്തമായതിനും ശേഷം കേസിൽ കക്ഷിചേരാമെന്നാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും നിലപാട്.

ജാനകി എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരായതിനാൽ മാറ്റണമെന്ന് കാട്ടിയാണ് സിനിമയുടെ അനുമതി മുംബൈ റീജിണൽ ഓഫീസ് നിഷേധിച്ചത്. സിനിമയുടെ പേര് മാത്രമല്ല, സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും മാറ്റണമെന്നുമാണ് നിർദേശം. സുരേഷ് ഗോപി ചിത്രത്തിൽ 96 തവണ ജാനകി എന്ന പേര് ഉപയോഗിക്കുന്നതായും സെൻസർ ബോർഡ് ചൂണ്ടിക്കാട്ടുന്നു. ചിത്രം ജൂൺ 27 ന് റിലീസ് ചെയ്യാനിരിക്കെയാണ് സംഭവം.

വക്കീൽ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാൽ സിനിമാ വിവാദത്തിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com