ക്രിസ്റ്റഫറിലെ ആ റിസ്ക്കി ഷോട്ടിനു പിന്നിൽ.: ഹെലിക്യാമിൽ വിസ്മയമെഴുതുന്ന ഇന്ദ്രജിത്ത്

സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍റെ നിർദേശപ്രകാരമായിരുന്നു ഇത്തരം ഒരു റിസ്‌കി ഷോട്ടിന് തയ്യാറായത്
ക്രിസ്റ്റഫറിലെ ആ റിസ്ക്കി ഷോട്ടിനു പിന്നിൽ.: ഹെലിക്യാമിൽ വിസ്മയമെഴുതുന്ന ഇന്ദ്രജിത്ത്
Updated on

പ്രശാന്ത് പാറപ്പുറം

കാലടി: ഓടുന്ന ലോറിക്കിടയിലൂടെ ക്യാമറ സഞ്ചരിച്ച് മുന്നോട്ടു വരുന്ന വ്യത്യസ്തമായ ഷോട്ട്. മമ്മൂട്ടി-ബി. ഉണ്ണികൃഷ്ണൻ ടീമിന്‍റെ ക്രിസ്റ്റഫർ എന്ന സിനിമയിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഷോട്ടായിരുന്നു അത്. ബിഗ് സ്‌ക്രീനിൽ കാണികളെ അമ്പരപ്പിച്ച ആ ഷോട്ടിനു പിന്നിൽ ഒരു ബിടെക് വിദ്യാർത്ഥിയാണ്. കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ റോബോട്ടിക് ആൻഡ് ഓട്ടോമാഷൻ വിദ്യാർത്ഥി വി.എസ് ഇന്ദ്രജിത്താണ് ആ മനോഹരമായ ഷോട്ട് ഹെലിക്യാമിൽ പകർത്തിയത്.

പെരുമ്പാവൂർ സ്വദേശിയാണ് ഇന്ദ്രജിത്ത്. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍റെ നിർദേശ പ്രകാരമായിരുന്നു ഇത്തരം ഒരു റിസ്‌കി ഷോട്ടിന് തയ്യാറായത്. ലോറിയുടെ അടിയിലൂടെ ഹെലിക്യാം പോകുമ്പോൾ ക്യാമറ ഉൾപ്പെടെ നശിച്ചു പോകാൻ ചാൻസുണ്ടായിരുന്നു. അതുകൊണ്ട് ചെറിയ പേടിയുമുണ്ടാ യിരുന്നു. എന്നാൽ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഷോട്ട് പകർത്താൻ കഴിഞ്ഞു, ഇന്ദ്രജിത്ത് പറയുന്നു.

സാധാരണ ഇത്തരം ഷോട്ടുകൾ കമ്പ്യൂട്ടർ ഗ്രാഫിക്‌സിലൂടെ ചെയ്യുകയാണ് പതിവ്. സ്വന്തമായി നിർമിച്ച ഡ്രോണിൽ ആണ് ഇന്ദ്രജിത്ത് ഈ രംഗം ചിത്രീകരിച്ചത്. അനിയൻ യദുകൃഷ്ണൻ ആണ് ഈ രംഗത്തിന്‍റെ അസിസ്റ്റന്‍റ് ആയി കൂടെ ഉണ്ടായിരുന്നത്. ഷോട്ട് സിനിമയിൽ കണ്ടപ്പോൾ നിരവധി പേർ അഭിനന്ദിച്ചു. സുഹൃത്ത് വഴിയാണ് ക്രിസ്റ്റഫറിൽ ഹെലിക്കാമിൽ ഷോട്ടെടുക്കാൻ ഇന്ദ്രജിത്ത് പോകുന്നത്. വ്യത്യസ്തങ്ങളായ 4 മിനിറ്റ് ഷോട്ട് സിനിമക്കായി പകർത്തി. സിനിമയിൽ വിവിധ രംഗങ്ങളിൽ ആ ഷോട്ടുകൾ ഉപയോഗിക്കുകയും ചെയ്തു.

ഹെലിക്യാമിൽ ഇതിനു മുമ്പും പല പരീക്ഷണങ്ങൾ നടത്തി ശ്രദ്ധ നേടിയട്ടുണ്ട് ഇന്ദ്രജിത്ത്. 4 ഹെലിക്യാമുകൾ ഇന്ദ്രജിത് നിർമിച്ചിട്ടുണ്ട്. ഇതിനകം സിനിമ ഉൾപ്പെടെ പല മേഖലകളിൽ നിന്നും ഇന്ദ്രജിത്തിന് അവസരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ശിവപ്രസാദ് മായ ദമ്പതികളുടെ മൂത്ത മകനാണ് ഇന്ദ്രജിത്ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com