സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ: ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടും

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം
Kerala government to release Hema Commission report on problems faced by women in Malayalam cinema
Minister Saji CheriyanFile

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം. നിയമപരമായി പഠിച്ച ശേഷം റിപ്പോര്‍ട്ടിലെ പുറത്തുവിടാന്‍ കഴിയുന്ന ഭാഗങ്ങള്‍ പരസ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനായിരുന്നു ഹേമ കമ്മിറ്റി. മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതിയായിരുന്നു വിഷയം പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടത്.

2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. മാത്രവുമല്ല, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയാറായില്ല. പിന്നാലെ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവര്‍ക്കും റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് വിവരാവകാശ കമ്മീഷന്‍റെ ഇടപെടലുണ്ടായത്.

വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ആര്‍ടിഐ (റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍) നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴികെ യാതൊന്നും മറച്ചുവയ്ക്കരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പരസ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

Trending

No stories found.

Latest News

No stories found.