

ബ്രാഡ് പിറ്റ്
ലോസ് ആഞ്ചലസ്: കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യ മിഡ്-ബജറ്റ് സിനിമാ നിർമാണത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന് ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ്. എന്നാൽ അഭിനേതാക്കളുടെ പ്രകടനം പുനഃസൃഷ്ടിക്കാൻ എഐ ഉപയോഗിക്കുന്നതിൽ തനിക്ക് കൂടുതൽ ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബ്രാഡ് പിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
സൃഷ്ടിപരമായ ഉപകരണമായി എഐ ഉപയോഗിച്ചാൽ നാല് കോടി മുതൽ ഒൻപത് കോടി ഡോളർ വരെ ബജറ്റുള്ള സിനിമകൾ നിർമിക്കാൻ സാധിക്കുമെന്ന് ഓസ്കർ ജേതാവായ താരം പറഞ്ഞു. ചെലവേറിയ വിഷ്വൽ എഫക്റ്റുകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ എഐക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ ഒരു അഭിനേതാവിന്‍റെ പ്രകടനം പുനഃസൃഷ്ടിക്കാൻ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് തനിക്ക് സമ്മിശ്രമായ അഭിപ്രായമാണുള്ളതെന്ന് പിറ്റ് പറഞ്ഞു. തന്‍റെ ഒരു പ്രകടനം എഐ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാനാകുമോ എന്ന ചോദ്യത്തിന്, സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വ്യക്തിയെയും അദ്ദേഹത്തിന്‍റെ സൃഷ്ടിപരമായ തീരുമാനങ്ങളെയും ആശ്രയിച്ചിരിക്കുമെന്ന് പിറ്റ് മറുപടി നൽകി.
എഐ വഴി ലഭിക്കുന്ന വിവിധ സാധ്യതകളിൽ നിന്ന് സംവിധായകന് ആവശ്യമായ വികാരവും പ്രകടനവും തെരഞ്ഞെടുത്ത് അതിനനുസരിച്ച് രൂപപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്തിമഫലം തന്‍റെ യഥാർഥ തെരഞ്ഞെടുപ്പുകളെയും അഭിനയത്തിലൂടെ താൻ കണ്ടെത്തിയ കാര്യങ്ങളെയും പ്രതിഫലിപ്പിക്കണമെന്നില്ലെന്നും പിറ്റ് വ്യക്തമാക്കി. സിനിമകളിലെ എഐ ഉപയോഗം വളരെ രസകരമായ ഒരു പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു ഗാനം കേട്ടതായും അത് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതായും പിറ്റ് പറഞ്ഞു. എന്നാൽ യഥാർഥ ഗായികയുടെ ശബ്ദം കേൾക്കുന്നതിന് തുല്യമല്ല അതിന്‍റെ അനുഭവമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹാർട്ട് ഓഫ് ദി ബീസ്റ്റ് ആണ് പിറ്റിന്‍റെ അടുത്ത ചിത്രം. സർവൈവൽ ത്രില്ലറായ ഈ ചിത്രത്തിൽ വിമാനാപകടത്തിൽ നായയ്‌ക്കൊപ്പം രക്ഷപ്പെടുന്ന സ്പെഷ്യൽ ഫോഴ്സ് സൈനികനായാണ് അദ്ദേഹം അഭിനയിക്കുന്നത്.