എ.ആർ. റഹ്മാന്‍റെ സംഗീതത്തിൽ 'ജയ് ജയ് റാം': രാമായണത്തിലെ ആദ്യഗാനം | Video
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണത്തിന്‍റെ സംഗീത യാത്രയ്ക്ക് തുടക്കം. ചിത്രത്തിലെ ആദ്യ ഗാനമായ 'ജയ് ജയ് റാം' അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഓസ്കർ ജേതാവ് എ.ആർ. റഹ്മാൻ ഈണം പകർന്നിരിക്കുന്ന ഗാനത്തിന്‍റെ മലയാളം വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹരിചരണും അമൃത രാജനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒരു ആരതിയുടെ ആത്മീയ ബോധവും സിനിമാറ്റിക് ഗാനത്തിന്‍റെ വൈകാരികതയും സമന്വയിപ്പിച്ചാണ് ഈ ഭക്തിഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീരാമന്‍റെ കാരുണ്യം, സംരക്ഷണം, ധർമ്മനിഷ്ഠ എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് ഗാനത്തിലെ വരികൾ.
തലമുറകളായി നമ്മെ നയിക്കുന്ന വഴികാട്ടിയാണ് ശ്രീരാമനെന്നും ആ ആഴത്തിലുള്ള ബന്ധമാണ് 'ജയ് ജയ് റാം' എന്ന ഗാനത്തിന് പിന്നിലെന്നും നിർമ്മാതാവ് നമിത് മൽഹോത്ര പറഞ്ഞു. പ്രാർത്ഥനയുടെ പരിശുദ്ധിയും വ്യക്തിപരമായ അനുഭവവും നിലനിർത്തിക്കൊണ്ടുതന്നെ ഒരു സിനിമാറ്റിക് ഗാനമായി ഇതിനെ മാറ്റാനാണ് ശ്രമിച്ചതെന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്മാനും വ്യക്തമാക്കി.
രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
