

അഖിൽ എൻആർഡിയുടെ ഭാര്യ മേഘ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം
ഇൻഫ്ലൂവൻസറും നടനുമായ ഭർത്താവ് അഖിൽ എൻആർഡിയെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കിടെ പുതിയ പോസ്റ്റുമായി ഭാര്യ മേഘ നായർ. ചെങ്ങന്നൂരിലുള്ള തന്‍റെ അച്ഛന്‍റെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് മേഘ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ചെങ്ങന്നൂരുള്ള എന്‍റെ അച്ഛന്‍റെ വീട്ടിൽ’ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പ്.
മേഘയുടെ പോസ്റ്റിന് താഴെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്‍റുകളെത്തി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് നേരിട്ടുള്ള മറുപടിയാണോ പോസ്റ്റെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നു. എന്നാൽ അഖിൽ എൻആർഡിയുമായുള്ള ബന്ധം വേർപെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ മേഘ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. പുതിയ പങ്കാളിയെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ മേഘ പ്രതികരിച്ചിട്ടില്ല.
അതിനിടെ അഖിൽ എൻആർഡിയും പുതിയ റീലുമായി സോഷ്യൽ മീഡിയയിൽ സജീവമായി. ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് അഖിൽ റീലിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സുഹൃത്ത് ഗൃഹപ്രവേശന ചടങ്ങിലേക്ക് ക്ഷണിക്കാനെത്തുമ്പോൾ ചടങ്ങിന് വരുമ്പോൾ ക്യാമറ കൂടി കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ പ്രമേയം. സുഹൃത്തിന്‍റെ സാന്നിധ്യത്തേക്കാൾ ക്യാമറയ്ക്കാണ് പ്രാധാന്യമെന്ന തരത്തിലുള്ള നർമരംഗമാണ് റീലിൽ അവതരിപ്പിക്കുന്നത്.
സ്വാഭാവിക ജീവിതത്തിലെ സംഭവങ്ങളെ നർമത്തിൽ അവതരിപ്പിക്കുന്നതാണ് അഖിലിന്‍റെ റീലുകളുടെ പ്രത്യേകത. സാധാരണക്കാരുമായി എളുപ്പത്തിൽ ബന്ധപ്പെടുന്ന അവതരണ ശൈലിയും അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ട്.
അഖിലിന്‍റെ റീലുകളിൽ നേരത്തെ തന്നെ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്ന മേഘ നായർ പിന്നീട് അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു. 2024ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷവും ഇരുവരും ഒരുമിച്ചുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.