

സുജിത്ത് വാസുദേവ്, ദയ, മഞ്ജു പിള്ള
മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു സംസാരിച്ച് മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. വിവാഹമോചനത്തിനു ശേഷം ഇരുവരുടെയും ജീവിതം കൂടുതൽ മെച്ചപ്പെട്ടുവെന്നും കുറച്ചു നേരത്തേ ഇക്കാര്യം പറയേണ്ടതായിരുന്നുവെന്നും ദയ പറയുന്നു. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് ദയയുടെ വെളിപ്പെടുത്തൽ. 2024ലാണ് മഞ്ജു പിള്ളയും ഛായാഗ്രാഹകനായ സുജിത് വാസുദേവും തമ്മിൽ പിരിഞ്ഞത്.
അവർ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോയിരുന്നത്. എനിക്ക് വേണ്ടി ഒരുമിച്ച് തുടരേണ്ടതില്ലെന്നും പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കാനും ഞാനാണ് അവരോട് പറഞ്ഞത്. കുറച്ചു കൂടി നേരത്തേ ഞാനത് പറയേണ്ടതായിരുന്നു. അതിനു ശേഷം ഇരുവരുടെയും കരിയറിലും ആരോഗ്യത്തിലുമെല്ലാം നല്ലതേ ഉണ്ടായിട്ടുള്ളൂ.. സമൂഹം എന്തു ചിന്തിക്കുമെന്ന ആശങ്ക ഇരുവർക്കുമുണ്ടായിരുന്നു. പക്ഷേ കുറേ കാലം കഴിയുമ്പോൾ ചുറ്റുമുള്ളവർ ഇതെല്ലാം മറക്കും.
നമ്മുടെ സന്തോഷവും മാനസികാരോഗ്യവും ആണ് നമുക്ക് വലുത്. അതുകൊണ്ടാണ് പിരിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞത്. അങ്ങനെ പിരിഞ്ഞു. അമ്മയുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹമോചനത്തിനു ശേഷം ഹേറ്റ് കമന്‍റ്സ് ഒരുപാട് ലഭിച്ചത് അമ്മയ്ക്കായിരുന്നു. പക്ഷേ വിവാഹമോചനത്തിനു ശേഷം അമ്മയുടെ കരിയറും ആരോഗ്യവും മെച്ചപ്പെട്ടു. അച്ഛന് അദ്ദേഹത്തിന്‍റെ പാഷൻ പിന്തുടരാൻ പറ്റി. അവരുടെ വേർപിരിയൽ തനിക്ക് മാനസിക ബുദ്ധിമുട്ടോ ട്രോമയോ ഉണ്ടാക്കിയിട്ടില്ലെന്നും ദയ പറയുന്നു.