

അജയ് ദേവ്ഗൺ, മോഹനൻലാൽ
മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചെത്തിയ ദൃശ്യം 3 മലയാളത്തിൽ വൻ വിജയം നേടിയതിനു പിന്നാലെ ഹിന്ദി ദൃശ്യം 3യും തിയറ്ററിലെത്തുകയാണ്. ദൃശ്യം 3 ദി കൺക്ലൂഷൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ പ്രമോഷണൽ ചടങ്ങിനിടെ അജയ് ദേവ്ഗൺ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
മലയാളത്തിന്‍റെ തനി പകർപ്പല്ല ഹിന്ദി ദൃശ്യം 3 എന്നാണ് അജയ് ദേവ്ഗൺ പറയുന്നത്. മോഹൻലാൽ ചിത്രം കാണണം എന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹത്തിന്‍റെ അനുമതി ലഭിച്ചാൽ സന്തോഷമാണെന്നും അജയ് ദേവ്ഗൺ പറഞ്ഞു. ‘ദൃശ്യം 3’ ഒറിജിനൽ ചിത്രത്തിന്‍റെ തനിപ്പകർപ്പല്ല. നിരവധി മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. രണ്ടു സിനിമകളും രണ്ടാണ്. ഇത് വേറെ തന്നെ തിരക്കഥയാണ്. ഈ സിനിമ ലാൽ സർ കാണണമെന്നാണ് എന്റെ ആഗ്രഹം. ദൃശ്യത്തിന്‍റെ അണിയറപ്രവർത്തകർ സിനിമ കണ്ട് വിലയിരുത്തണം. ലാൽ സാറിന്റെ അനുമതി കൂടി ലഭിച്ചാൽ സന്തോഷമാണ്. അദ്ദേഹത്തിന്റെ അഭിപ്രായം അറിയാൻ ആകാംക്ഷയുണ്ട്.- അജയ് ദേവ്ഗൺ പറഞ്ഞു.
രണ്ടാം ഭാഗത്തിനു ശേഷം മൂന്നാമത്തെ ഭാഗത്തേക്കുറിച്ച് ഉറപ്പില്ലായിരുന്നു എന്നാണ് അജയ് ദേവ്ഗൺ പറയുന്നത്. വെറുതെ ഒരു തിരക്കഥയുണ്ടാക്കി തുടർച്ച സൃഷ്ടിക്കാൻ പറ്റിയ സിനിമയല്ല ഇതെന്നും ചിത്രം ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്‌ടോബർ രണ്ടിനാണ് ചിത്രം എത്തുന്നത്. അഭിഷേക് പഥക്കാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും നിർവഹിക്കുന്നത്.