
മുംബൈ: ബോളിവുഡിൽ നിന്ന് റോളുകൾ വന്നാൽ തീർച്ചയായും സ്വീകരിക്കുമെന്ന് മോഹൻലാൽ. നടൻ എന്ന നിലയിൽ തെരഞ്ഞെടുപ്പുകൾ സാധ്യമല്ലെന്നും, കിട്ടുന്നത് സ്വീകരിക്കാനേ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്, ഭാഷ അറിയില്ലെങ്കിലും സംസ്കൃത നാടകത്തിൽ അഭിനയിച്ചു. അതൊക്കെ അങ്ങനെ സംഭവിക്കുന്നതാണ്- മോഹൻലാൽ പറഞ്ഞു.
കമ്പനി, രാംഗോപാൽ വർമ കി ആഗ് എന്നീ ഹിന്ദി സിനിമകളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. തന്‍റെ പല സിനിമകളും ഹിന്ദിയിൽ റീമേക്ക് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ മുംബൈയിലെ പ്രൊമോഷണൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്കായ ഭൂൽഭുലയ്യയിൽ അടക്കം പല മലയാളം സിനിമകളുടെ ഹിന്ദി റീമേക്കിലും അഭിനയിച്ച അക്ഷയ് കുമാറാണ് ഹിന്ദിയിലെ പ്രൊമോഷൻ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്.
താൻ മലയാളത്തിൽ ചെയ്ത റോളുകൾ അക്ഷയ് കുമാർ ഹിന്ദിയിൽ ചെയ്തതുമായി താരതമ്യം ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുടെ ആവശ്യം മോഹൻലാൽ നിരസിച്ചു. ''നടൻമാരെ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. ഓരോരുത്തരും വ്യത്യസ്തരാണ്. 100% പ്രൊഫഷണലാണ് അക്ഷയ് കുമാർ. ഞാൻ അത്രയും പ്രൊഫഷണൽ അല്ല'', മോഹലൻലാൽ പറഞ്ഞു.
അതേസമയം, മോഹൻലാൽ വില്ലനായി അരങ്ങേറ്റം കുറിച്ച ആദ്യ സിനിമ പോലും താൻ കണ്ടിട്ടുണ്ടെന്ന് അക്ഷയ് കുമാർ പറഞ്ഞു. മലയാളം അറിയില്ലെങ്കിലും, സബ് ടൈറ്റിലുകളുടെ സഹായത്തോടെ ചിത്രം പോലുള്ള സിനിമകളും കണ്ടു. ഇന്ത്യയിൽ കുട്ടികൾക്കു വേണ്ടി അധികം സിനിമകൾ നിർമിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ മകളോടൊപ്പമായിരിക്കും താൻ ബറോസ് കാണാൻ പോകുക എന്നും അക്ഷയ് കുമാർ പറഞ്ഞു.
തനിക്കു വേണ്ടി ചിത്രത്തിന്‍റെ പ്രത്യേക ഷോ ഒരുക്കാമെന്നു മോഹൻലാൽ പലവട്ടം പറഞ്ഞതാണ്. എന്നാൽ, മകളോടൊപ്പം തിയെറ്ററിൽ പോയി സിനിമ കാണാനാണ് തീരുമാനം. മകളുടെ പ്രതികരണം കാണാൻ കാത്തിരിക്കുകയാണ്. അവളുടെ സന്തോഷമാണ് തന്‍റെ ഏറ്റവും വലിയ സന്തോഷമെന്നും അക്ഷയ് കുമാർ പറഞ്ഞു.
സിനിമ മേഖലയ്ക്കു വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന തന്‍റെ ആഗ്രഹത്തിന്‍റെ ഫലമാണ് ബറോസ് എന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. അതു സംഭവിച്ചുപൊകുന്നതാണ്. ഇതെല്ലാം ഒരുതരം വിസ്മയമാണെന്നും മോഹൻലാൽ.