സ്വവർഗാനുരാഗത്തിലെ വേറിട്ട വഴിയിലൂടെ 'ബേബി'

കൗമാര സങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചെഴുതുന്ന ചിത്രം ബ്രസീലിന്‍റെ ഇതുവരെ പുറത്തറിയാത്ത തെരുവു കാഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
iffk film review on baby
സ്വവർഗാനുരാഗത്തിലെ വേറിട്ട വഴിയിലൂടെ 'ബേബി'
Updated on

പി.ബി ബിച്ചു

സ്വവർഗാനുരാഗത്തിന്‍റെ പുതിയ തലങ്ങളെ അഭ്രപാളിയിൽ വരച്ചു കാട്ടുകയാണ് ബ്രസീലിയൻ ചിത്രമായ ബേബി. ആണിനേയും ആൺ ശരീരത്തെയും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ആസ്വദിക്കുന്ന, ആരുടേയും കാമനകളെ ത്രസിപ്പിക്കുന്ന തരത്തിലെ നിരവധി ചലച്ചിത്രങ്ങൾ ലോക സിനിമാ വിഭാഗത്തിലായി ചലച്ചിത്രമേളകളിൽ ഇടം നേടിയിട്ടുണ്ടെങ്കിലും സ്ത്രീ-പുരുഷ ബന്ധങ്ങളിൽപോലും ഇതുവരെ നിർവചിക്കപ്പെടാത്ത തരം ലൈംഗികതയെ സ്വവർഗ പ്രണയത്തിന്‍റെ ക്യാൻവാസിലൂടെ ആദ്യന്തം അവതരിപ്പിക്കുകയാണ് സംവിധായകനായ മാർസലോ കേതാനോ. കൗമാര സങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചെഴുതുന്ന ചിത്രം ബ്രസീലിന്‍റെ ഇതുവരെ പുറത്തറിയാത്ത തെരുവു കാഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. നവാഗത സംവിധാനത്തിന് കാനിൽ നിന്നും പുരസ്കാരവുമായി രാജ്യാന്തര ചലച്ചിത്രമേളയിലേക്കെത്തിയ ബേബിക്ക് ആദ്യ ദിനം തന്നെ പ്രേക്ഷക ശ്രദ്ധനേടാനായതും പ്രമേയത്തിലെ വ്യത്യസ്തത മൂലമാണ്. കൗമാരത്തിൽ തന്നെ വീട്ടിൽ നിന്നും അകന്ന് ദുർഗുണ പരിഹാര പാഠശാലയിലെത്തിയ വെല്ലിങ്ടൺ, അവിടെ നിന്നും പുറത്തേക്കെത്തുന്ന സീനിൽ നിന്നുമാണ് പതിയെ ഒഴുകിവന്ന ചിത്രത്തിന്‍റെ സ്വഭാവവും മാറിത്തുടങ്ങുന്നത്. തടവിലെ പരുക്കൻ ജീവിതത്തിൽ നിന്നും യൗവ്വന യുക്തനായി സ്വാതന്ത്ര്യത്തിന്‍റെ കാഴ്ചകളിലേക്ക് അവൻ എത്തുന്നുണ്ടെങ്കിലും തുടർന്ന് എവിടേക്ക് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥയായിരുന്നു.

തിരികെ വീട്ടിലേക്കെത്തിയ അവന് തന്‍റെ കുടുംബത്തെ അവിടെ കാണാനാകുന്നില്ല. പലരോടും അന്വേഷിച്ചെങ്കിലും അവർ എവിടെയാണെന്ന വിവരങ്ങളൊന്നും ലഭ്യമാകുന്നില്ല. ഏകനായ നിലയിൽ വെല്ലിങ്ടണിനെ കണ്ട അമ്മായി താമസിക്കാനായി ഇടം നൽകിയെങ്കിലും തന്‍റെ വഴിയിലേക്ക് പോകാനായിരുന്നു അവനിഷ്ടം. ബ്രസീലിലെ തെരുവുകളിൽ അവൻ കാണുന്നതിൽ സത്രീകളടക്കം ആരോടും വൈകാരികമായ ബന്ധം തോന്നാതിരുന്ന വെല്ലിങ്ടൺ റൊണാൾഡോയെ കണ്ടുമുട്ടുന്നതോടെ ജീവിതം പുതിയ വഴിത്തിരിവിലേക്ക് പ്രവേശിക്കുകയാണ്.

കുടുംബസ്ഥനായ റൊണാൾഡോ ജീവിക്കുന്നത് പക്ഷേ, പുരുഷ സുഹൃത്തുക്കളുമായി സൗഹൃദവും ശരീരവും പങ്കിട്ടായിരുന്നു. വല്ലപ്പോഴും വീട്ടിലേക്കെത്തുന്ന അയാൾക്ക് തന്‍റെ രീതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഭാര്യയോ മകനോ ഒരു തടസമേ ആകുന്നില്ല. റൊണാൾ‌ഡോയൊടൊപ്പം ചിലവഴിക്കുന്ന സമയങ്ങളിൽ വെല്ലിങ്ടണിന് അയാൾ ഒരു മെന്‍ററായി മാറുന്നു. ദിവസങ്ങൾ കഴിയുന്തോറും തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം മെല്ലെ പ്രണയത്തിലേക്ക് വഴിമാറുന്നു. പിന്നീട് പുതിയ പങ്കാളികളിലേക്കും അവരിലൂടെ ആഡംബര ജീവിതത്തിലേക്കും വഴിമാറുന്ന വെല്ലിങ്ടൺ ക്ലൈമാക്സിൽ വൈകാരിക മുഹൂർത്തങ്ങളിലേക്കാണ് പ്രേക്ഷകനെയും കൊണ്ടു സഞ്ചരിക്കുന്നത്. ലൈംഗികതയെ പാഷനാക്കി മാറ്റിയ ഒരു പറ്റം യുവാക്കളോടൊപ്പം വിവിധ പ്രായക്കാരെയും അവരുടെ ജീവിതങ്ങളെയും ചിത്രം വരച്ചിടുന്നത് സ്വവർഗാനുരാഗത്തിന്‍റെ തീക്ഷ്ണമായ ഷോട്ടുകളിലൂടെയാണ്. വെല്ലിങ്ടൺ എന്ന ബേബിയായി ചിത്രത്തിലെത്തുന്ന ജോ പ്രെഡ്രോ മറിയാനോ എന്ന നടന്‍റെ കഥാപാത്രത്തിലേക്കുള്ള സന്നിവേശം അഭിനന്ദനാർഹമാണ്. സെക്സ് വർക്കറായെത്തിയ റൊണാൾഡോയെ അവതരിപ്പിച്ച റിക്കാഡോ ടിയോഡോറോയും വൈകാരികമായ രംഗങ്ങളിലെ ചെറുചലനങ്ങൾ കൊണ്ടുപോലും പ്രേക്ഷകന്‍റെ ഉള്ള് തൊടുന്നുണ്ട്. ആണിന്‍റെ നോട്ടം പേറുന്ന മറ്റൊരു ആണും, തന്നെ നോക്കുന്ന ആണിനെ അതേ കണ്ണിലൂടെ പ്രേക്ഷകനിലേക്ക് കണക്‌ട് ചെയ്യാനും കഴിയുന്ന ബേബിയെ ചലച്ചിത്രമേളയിൽ ഒഴിവാക്കാതെ അനുഭവിക്കേണ്ട വിഭങ്ങളിൽ ഒന്നായി തന്നെ കാണാം.തിങ്കളാഴ്ച വൈകിട്ട് ആറിന് ഏരിസ് പ്ലക്സിലും ബുധനാഴ്ച രാവിലെ 9.15ന് ശ്രീയിലും ബേബി വീണ്ടും പ്രദർശനത്തിനെത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com