
ശരത് ഉമയനല്ലൂർ
ചവുട്ടി നിൽക്കുന്ന മണ്ണും മണ്ണിനു ചുവട്ടിലെ വെള്ളവും നിശ്വാസവായുവും ഒക്കെ ഉപേക്ഷിച്ചുള്ള പാലായനം. തിരിച്ചു പോക്ക് പക്ഷേ കാലത്തിൽ നിന്നും ചരിത്രത്തിലേക്കുള്ള പ്രവേശനവും കൂടിയാകുമ്പോൾ "എൻഡ്‍ലെസ് ബോർഡേഴ്സ് ' തീക്കാഴ്ചയാകുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കുകയും കാബൂളിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്തെ സംഭവങ്ങളാണ് അബ്ബാസ് ആമിനി പുനരാവിഷ്‌കരിക്കുന്നത്. ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുവര്‍ണ മയൂരം നേടിയാണ് എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സ് കേരള മേളയ്ക്ക് എത്തിയത്. നിറഞ്ഞ കൈയടി തന്നെയാണ് ചിത്രം പ്രേക്ഷകർ നെഞ്ചേറ്റിയെന്നതിന് തെളിവ്. മതവും രാഷ്‌ട്രീയവും ജീവിതത്തിൽ പിടിമുറുക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കപ്പെടും. അതോടെ പാലായനം അനിവാര്യമാകുകയും ചെയ്യും. വിശ്വാസങ്ങളും മത ഗ്രന്ഥങ്ങളും ശാസ്ത്രത്തെ അവഗണിക്കുകയും അറിയാനുള്ള അവകാശത്തെ തടയുകയുമാണ് പതിവ്. അവിടങ്ങളിലെ സമൂഹം പാരമ്പര്യത്തെയും പരമ്പരാഗത രീതികളെയും പിന്തുടരുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടേയിരിക്കും. മാറുന്ന മനസുകളെ പരിഗണിക്കാറേയില്ല. രാഷ്‌ട്രീയ അസ്ഥിരാവസ്ഥ തുടര്‍ന്നു കൊണ്ടിരിക്കുക കൂടി ചെയ്യുകയാണെങ്കില്‍ സാധാരണക്കാരന്‍റെ ജീവിതം ദുഃസഹം തന്നെയായിരിക്കും. "എന്‍ഡ് ലെസ് ബോര്‍ഡേഴ്‌സ് ' ആസ്വാദകനെ കൊളുത്തി വലിക്കുന്നുണ്ട്.
പരമ്പരാഗത രീതികള്‍ പിന്തുടരുന്ന ഒരു കൂട്ടരുടെ കഥയാണ് അവിടേയ്ക്ക് അദ്ധ്യാപകനായി എത്തുന്ന അഹമദിലൂടെ പറയുന്നത്. വൃദ്ധനായ ഒരാള്‍ രണ്ട് പശുക്കളും കുറച്ചു പണവും നല്‍കി പതിനാറുകാരിയെ ഭാര്യയാക്കുന്നു. ശയ്യാവംലിയായ അയാളെ ശുശ്രൂഷിക്കുകയാണ് ആഗ്രഹങ്ങള്‍ പരമ്പരാഗത രീതികള്‍ക്കും രക്ഷിതാക്കള്‍ക്കും അടിയറ വയ്‌ക്കേണ്ടി വന്ന ഹസീബ. അവള്‍ക്ക് സ്വപ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ പതിനെട്ടുകാരന്‍ ബലാജുവിന്‍റെ പ്രണയം അവള്‍ സ്വീകരിച്ച് പാലായനം ആഗ്രഹിക്കുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന അടിമത്തത്തില്‍ നിന്നും രക്ഷനേടുന്നതിനാണ് അതിര്‍ത്തി കടക്കാന്‍ കൊതിക്കുന്നത്. ബലാജുവിന് രക്ഷിക്കാന്‍ കഴിയുമെന്നും അവള്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭവിഷ്യത്തുക്കള്‍ എന്തും നേരിടാന്‍ ഇറങ്ങി തിരിക്കുന്നത്. അഹമദാകട്ടെ ഭരണകൂടം നിഷേധിക്കുന്ന അറിവ് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്ന അദ്ധ്യാപകനാണ്. സമാന കുറ്റത്തിന് ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭാര്യ നിലോഫറുമായി നാടുവിടാനാണ് അഹമദ്ദിന്‍റെ ആഗ്രഹം. അഹമദിനുള്ളതിനേക്കാള്‍ രാഷ്‌ട്രീയ ബോധം നിലോഫറില്‍ കാണാന്‍ കഴിയും. എന്നാല്‍ ബലാജുവിനും ഹസീബയ്ക്കുമൊപ്പം തുര്‍ക്കി വഴി ഇറാനിലേയ്ക്ക് കടക്കാന്‍ നിര്‍ബന്ധിതമാകുന്നു അഹമദും നിലോഫറും. അഹമദ് പാലായനം ആഗ്രഹിക്കുന്നുണ്ട്. പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്ലൈമാക്‌സ് രംഗത്തിനൊടുവില്‍ അഹമദിന്‍റെയും അതിലുപരി നിലോഫറിന്‍റെയും നിലപാട് പ്രേക്ഷകന് ബോധ്യപ്പെടും. ഇന്ന് രാത്രി 9ന് ടാഗോര്‍ തിയെറ്ററില്‍ അവസാന പ്രദര്‍ശനം നടക്കും.
ചെറുത്തു നിൽപ്പിന്‍റെ കടലിരമ്പം ധമനികളിൽ തീക്ഷ്ണമായി ആഴ്ന്നിറങ്ങുന്ന "ടെറസ്ട്രിയല്‍ വേഴ്‌സസ് ' എന്ന സിനിമ പ്രേക്ഷകന് മുന്നിലേക്കു തീ മഴയായി പെയ്തിറങ്ങുന്നു. രാഷ്‌ട്രീയത്തിന്‍റെ നിലയ്ക്കാത്ത താപവേഗങ്ങൾ പേറിയവരായിരുന്നു അവർ . സമരവസന്തങ്ങളുടെ സമൃദ്ധമായ ഒരു ഭൂതകാലം അവർക്കുണ്ട്. ഒരു പേരിടാനോ ഒരു കലാസൃഷ്ടി നടത്തുന്നതിനോ കഴിയാത്ത ചോയ്‌സുകളില്ലാത്ത നിയന്ത്രണങ്ങളാല്‍ വരിഞ്ഞു മുറുക്കപ്പെട്ട ഇറാനിലെ ജീവിതം ടെറസ്ട്രിയല്‍ വേഴ്സസ് തുറന്നു കാണിക്കുന്നു. ഒരു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് എത്തുന്ന ഒമ്പത് കഥാപാത്രങ്ങള്‍, അവരിലേയ്‌ക്കെത്തുന്ന നിരവധിയായ ചോദ്യങ്ങള്‍, അതിനുള്ള ഉത്തരങ്ങള്‍ ഇതാണ്.
സ്വന്തം ചോയ്‌സുകള്‍ നിഷേധിക്കുന്ന ഭരണകൂടം വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. സ്വന്തം കുട്ടിക്ക് പേരിടുന്നതില്‍ തുടങ്ങി സ്വതന്ത്രമായ ഒരു ആവിഷ്‌കാരം നടത്തണമെങ്കില്‍ പോലും ഭരണകൂടത്തിന്‍റെ ഇടപെടലുകളുണ്ടാകും. ഒന്‍പത് കഥാപാത്രങ്ങളിലൂടെ അവരുടെ നേരെ ഉന്നയിക്കുന്ന ചോദ്യങ്ങളിലൂടെയാണ് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യത്തെ ടെറസ്റ്ററിയല്‍ വേഴ്‌സസ് തുറന്നു കാട്ടുന്നത്. മതത്തെയും വിശുദ്ധ വേദപുസ്തകത്തെയും നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ അല്ലെങ്കില്‍ അത്തരമൊരു തോന്നല്‍ സൃഷ്ടിക്കുന്നതോ ആയ ഒന്നിനും തന്നെ ഭരണകൂടം അനുമതി നല്‍കില്ല. യാഥാര്‍ത്ഥ്യം ആണെങ്കില്‍ കൂടി കഥകളില്‍ പോലും ഇത്തരം സംഭവങ്ങള്‍ പരാമര്‍ശിക്കാനും പാടില്ല. അലി അസ്ഗരിയും അലിഗെസാ ഖതാമിയും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ സീനുകള്‍ കോര്‍ത്തിണക്കിയ സൃഷ്ടിയേ അല്ല. ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ക്യാമറയ്ക്ക് മുന്നിലെത്തുന്ന കഥാപാത്രങ്ങളോട് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും അതിനുള്ള മറുപടിയുമാണ് സിനിമ. ഉദ്യോഗസ്ഥര്‍ ശബ്ദ സാന്നിദ്ധ്യം മാത്രമാണ്. ചലിക്കാത്ത, മാറാത്ത ഫ്രെയിമുകളാണെങ്കിലും ചോദ്യങ്ങളിലും ഉത്തരങ്ങളിലൂമൂടെ പ്രേക്ഷകന്‍ ബോറടിക്കാതെ മുന്നോട്ടു പോകും. സ്വന്തം കുഞ്ഞിന് ഡേവിഡ് എന്ന ഇഷ്ടപേരിടാന്‍ കഴിയാത്ത പിതാവില്‍ തുടങ്ങി സ്വന്തം അച്ഛന്‍റെ ജീവിതം അതേ പടി സിനിമയാക്കാന്‍ കഴിയാത്ത സംവിധായകന്‍ വരെ നീളുന്ന കഥാപാത്രങ്ങളാണ് സ്‌ക്രീനില്‍ വന്നു പോകുന്നത്. ഒടുവില്‍ ഭൂകമ്പത്തില്‍ ടെഹ്‌റാന്‍ തകരുന്നത് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിനായി വാദിച്ചു കീഴടങ്ങുന്ന ജനതയുടെ പൊട്ടിത്തെറിയായി വേണമെങ്കില്‍ വിലയിരുത്താം. രാഷ്‌ട്രീയ ആഭിചാരങ്ങൾക്ക് മുന്നിൽ,ഉപജാപങ്ങൾക്ക് മുന്നിൽ, അധികാരമുള്ളവരുടെ തന്ത്രമന്ത്രയന്ത്രങ്ങൾക്ക് മുന്നിൽ അപരാജിതനായി നിവർന്ന് നിൽക്കുന്നവരെ സിനിമ അടയാളപ്പെടുത്തു.