

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്തു സജി ചെറിയാൻ
തിരുവനന്തപുരം: 30ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കുള്ള പിന്തുണയാണ് ചലച്ചിത്രമേളയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഐഎഫ്എഫ്‌കെ എന്നും എപ്പോഴും അവള്‍ക്കൊപ്പമാണ്. അവര്‍ അന്ന് ഐഎഫ്എഫ്‌കെ വേദിയില്‍ വന്നപ്പോള്‍ ആളുകള്‍ കരഘോഷം മുഴക്കി. കേരളവും സംസ്ഥാന സര്‍ക്കാരും അവള്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിക്കുന്നു. അവർ പങ്കെടുത്ത ഐഎഫ്എഫ്കെയുടെ 26ാം എഡിഷനിലാണ് സ്പിരിറ്റ് ഒഫ് സിനിമ അവാർഡ് പ്രഖ്യാപിച്ചത്.
അതിജീവീതയുടെ പോരാട്ടം സാംസ്കാരിക പ്രതിരോധം ഉയർത്തുന്നതാണ്. സാഹിത്യ ചിത്രകാരന്മാർ ഉൾപ്പെടെ സാംസ്കാരിക മേഖല ഒത്തുച്ചേരുന്ന മഹാ സംഗമമാണിത്. പുതിയ സിനിമ നയം രൂപീകരണ ഘട്ടത്തിലാണ്. പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള എം. അബു ഷാവേഷിന്‍റെ സാന്നിധ്യം ചൂണ്ടിക്കാട്ടി പൊരുതുന്ന ജനങ്ങള്‍ക്കൊപ്പമാണ് ഐഎഫ്എഫ്‌കെയെന്നും മന്ത്രി വ്യക്തമാക്കി.
ചുമതലയേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ചലച്ചിത്രമേളയിൽ അക്കാഡമി ചെയർമാൻ റസൂൽ പൂക്കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ വിശദീകരണവും നൽകി. നേരത്തെ തീരുമാനിച്ച പരിപാടിയുമായി ബന്ധപ്പെട്ട് ലണ്ടനില്‍ ആയതിനാലാണ് സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്ക് ഉദ്ഘാടനത്തിന് എത്താന്‍ സാധിക്കാത്തതെന്ന് മന്ത്രി അറിയിച്ചു. സമാപനസമ്മേളനത്തിന് അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിനിടയിൽ അവൾക്കൊപ്പമെന്ന പോസ്റ്റർ ഉയർത്തി വനിത ഡെലിഗേറ്റുകളും പിന്തുണ അറിയിച്ചു. അക്കാഡമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരന്‍റെ അധ്യക്ഷ പ്രസംഗത്തിനിടയിലാണ് വെള്ള പേപ്പറിൽ ഇംഗ്ലീഷിലും മലയാളത്തിലുള്ള പോസ്റ്റർ ഉയർത്തിയത്. അധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ പോസ്റ്ററുകളും താഴ്ന്നു.
അതേസമയം, ഉദ്ഘാടന ചടങ്ങ് ആരംഭിച്ചതിനു പിന്നാലെ മുൻ ചെയർമാൻ പ്രേംകുമാർ വേദിവിട്ടു. ഉദ്ഘാടന ചടങ്ങിന് ഉള്ളവരെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വേദിയിൽ കയറി മന്ത്രിക്ക് കൈ കൊടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. ഉദ്ഘാടനത്തിനു വളരെ നേരത്തെയെത്തി മന്ത്രിക്ക് സമീപത്തായി സദസിൽ പ്രേംകുമാർ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്ഘാടനത്തിനു മുൻപ് മന്ത്രിക്ക് കൈ കൊടുത്ത് മടങ്ങിയത്.