രാമായണം എഴുതിയത് ശ്രീധർ രാഘവൻ! അപ്പോൾ വാത്മീകിയോ? ട്രോളുമായി സമൂഹമാധ്യമങ്ങൾ
രൺബീർ കപൂർ ശ്രീ രാമനും യഷ് രാവണനുമായെത്തുന്ന രാമായണ പാർട്ട് 1 ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തു വന്നതോടെ ശ്രീധർ രാഘവനെ രൂക്ഷമായി വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. ഫസ്റ്റ് ഗ്ലിംപ്സിൽ രചന ശ്രീധർ രാഘവൻ എന്ന് എഴുതിയിരിക്കുന്നതാണ് പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. രാമായണം എഴുതിയത് ശ്രീധർ രാഘവനാണെങ്കിൽ പിന്നെ വാത്മീകി ആരാണെന്നാണ് വിമർശകർ ചോദിക്കുന്നത്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നവംബറിലാണ് തിയെറ്ററുകളിലെത്തുക. കാക്കീ, വാർ, പത്താൻ, ടൈഗർ 3 എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ശ്രീധർ രാമായണത്തിന്‍റെയും ക്രെഡിറ്റ് തട്ടിയെടുത്തിരിക്കുന്നുവെന്നാണ് ആരോപണം.
വ്യാഴാഴ്ചയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തു വിട്ടത്. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് സിനിമ തിയെറ്ററിലെത്തുക.