ഡോ. പി.എൻ. പ്രഭാവതി
ഡോ. പി.എൻ. പ്രഭാവതി

സംഗീതത്തിലെ പ്രഭാവഴി

കർണാടക സംഗീതത്തിൽ സ്വന്തമായൊരു വഴി വെട്ടിത്തെളിച്ചു ശുദ്ധസംഗീതത്തിന്‍റെ പ്രഭതൂകി നിൽക്കുന്ന സംഗീതജ്ഞ- പി.എൻ. പ്രഭാവതിയുമായി അഭിമുഖം

അഭിമുഖം: ഡോ. പി.എൻ. പ്രഭാവതി | ഹണി വി.ജി.

സംഗീതത്തിൽനിന്നു പ്രഭാവതിയെയും പ്രഭാവതിയിൽനിന്നു സംഗീതത്തെയും വേർതിരിച്ചെടുക്കാനാവില്ല. കർണാടക സംഗീതത്തിൽ സ്വന്തമായൊരു വഴി വെട്ടിത്തെളിച്ചു ശുദ്ധസംഗീതത്തിന്‍റെ പ്രഭതൂകി നിൽക്കുന്ന സംഗീതജ്ഞ. സ്വന്തമായ ഒരു പ്രഭാവഴി എന്നു തന്നെ വിശേഷിപ്പിക്കാം.

സ്വരശുദ്ധികൊണ്ടും ആലാപന മികവുകൊണ്ടും കർണാടക സംഗീതത്തിൽ സ്വന്തമായ ഒരു ഇടം കണ്ടെത്തിയ സംഗീതജ്ഞയാണ് ഡോ. പി.എൻ. പ്രഭാവതി. മ്യൂസിക് അക്കാഡമിയിൽ നിന്നു മൂന്നാം റാങ്കോടെ പാസായ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ എംഎ പൂർത്തിയാക്കി. 2006ൽ ഒന്നാം റാങ്കോടെ എംഫിൽ. 2010ൽ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്.

ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഏകദേശം നാനൂറിലേറെ വേദികളിൽ പ്രഭാവതി കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. 2010ൽ കേരള സംഗീത നാടക അക്കാഡമിയുടെ യുവപ്രതിഭാ പുരസ്കാര‌വും തേടിയെത്തി. എറണാകുളം ജില്ലയിലെ ചിന്മയ വിശ്വവിദ്യാപീഠ് കൽപ്പിത സർവകലാശാലയിൽ സംഗീത വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി നോക്കുകയാണിപ്പോൾ.

Q

കർണാടക സംഗീതത്തിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

A

അച്ഛനാണ് ഏറ്റവും കൂടുതൽ താത്പര്യമെടുത്തത്. എന്നിലുള്ള വാസനയെ വളർത്തിയതിൽ വലിയൊരു പങ്ക് അച്ഛനാണ്. അദ്ദേഹം നല്ലൊരു പുല്ലാങ്കുഴൽ വിദഗ്ധൻ കൂടി ആയിരുന്നു. ഇരിങ്ങാലക്കുടയാണ് സ്വദേശം.

ലളിത ടീച്ചർ, പാലക്കാട് ലക്ഷ്മി അമ്മാൾ, ഈ രണ്ടു പേരാണ് പഠിപ്പിച്ചത് ആദ്യ കാലങ്ങളിൽ. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.

ക്രൈസ്റ്റ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് മണി കൃഷ്ണ സ്വാമി ഒരിക്കൽ കോളേജിൽ വന്നു. ഹോസ്റ്റ് ചെയ്യാനുള്ള ചുമതല എനിക്കായിരുന്നു. അക്കാലത്ത് എനിക്ക് അവരെ കാണുന്നത് തന്നെ അദ്ഭുതമായിരുന്നു. അവർ രണ്ടു ദിവസം ഉണ്ടായിരുന്നു അന്ന്. അതുകൊണ്ടു തന്നെ അവരുമായി ഒരു ബന്ധമുണ്ടാക്കാൻ സാധിച്ചു. ആ ദിവസം എനിക്കൊരു കൃതി പഠിപ്പിച്ചു തന്നു. ഒരുപാട് സഹായം ചെയ്തു.

പഠിക്കാൻ താത്പര്യമുണ്ടെന്നു കാണിച്ച് ഞാനൊരു കത്തയച്ചു. അങ്ങനെയാണ് ഇന്‍റർവ്യൂവിനു ചെന്നെയിൽ ചെല്ലാൻ എനിക്ക് മറുപടി വരുന്നത്. പിന്നീട് അവിടെ പോയി ജോയിൻ ചെയ്തു. മ്യൂസിക് അക്കാഡമിയിൽ ആദ്യം ചേർന്ന കോഴ്സിന് മൂന്നാം റാങ്ക് ഉണ്ടായിരുന്നു. ആകെ അഞ്ചു വർഷത്തോളം അവിടെ തുടർന്നു.

വിദുഷി ഗുരു സുഗുണ വരദാചാരിയുടെ ശിക്ഷണവും ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ സമയത്ത് പകുതി ദിവസത്തോളം ക്ലാസ് ആയിരുന്നു. പല കാര്യങ്ങളും വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞത് അവിടെ നിന്നാണ്. വിദ്വാൻ ടി.എം. കൃഷ്ണ, വിദുഷി ഡോ. ജി. ബേബി ശ്രീറാം എന്നിവരാണ് മറ്റു ഗുരുക്കൻമാർ.

Q

എന്‍റെയൊരു അടുത്ത സുഹൃത്ത് പറയുന്നത് കേട്ടിട്ടുണ്ട്. പാലക്കാട്ടെ നല്ല ഉച്ചച്ചൂടിൽ പ്രഭാവതിയുടെ സാവേരി കേൾക്കുമെന്ന്. പ്രഭാവതിയുടെ സാവേരി കേൾക്കുമ്പോൾ തണൽ പരന്നു പ്രപഞ്ചം പ്രഭാതത്തിലേക്ക് തിരികെ നടക്കുമെന്ന്. എന്താണീ സാവേരിയുമായുള്ള ജന്മാന്തര ബന്ധത്തിന്‍റെ രഹസ്യം?

A

രാവിലെ അഞ്ചു മണിക്ക് അടുത്തുള്ള ക്ഷേത്രത്തിൽ നിന്നു പാട്ട് കേൾക്കുമായിരുന്നു. അതിരാവിലെ അതു കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭവമാണ്. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. ഗ്രേറ്റ് എം.എസ്. സുബ്ബലക്ഷ്മി അമ്മയുടേതായിരുന്നു ആ ശബ്ദം. പിന്നെ സാവേരിയെക്കുറിച്ചു പറയാൻ പ്രത്യേകതകൾ ഒരുപാടുണ്ട്.

സാവേരി രാഗത്തിന്‍റെ ചരിത്രത്തെക്കുറിച്ച് ഒരുപാട് അന്വേഷിച്ചിട്ടുണ്ട്. അതിനായി ഒരുപാട് പഠനവും നടത്തിയിട്ടുണ്ട്. പല ഗ്രന്ഥങ്ങളിൽ നിന്നു പല കാര്യങ്ങളും അറിയാൻ ശ്രമിച്ചിട്ടുണ്ട്. ചരിത്രകാരന്മാർ എഴുതിയ വഴികഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പല കാര്യങ്ങളും ചെയ്യാൻ സാധിച്ചത്. അഭിമാനമായി കാണുന്നു അതിനെ ഇപ്പോൾ.

Q

കർണാടക സംഗീതം വരേണ്യ വർഗത്തിന്‍റേതാണെന്നും, അതു മതത്തെയും ഭാഷയെയുമൊക്കെ ശക്തിപ്പെടുത്തുന്നു എന്നൊരു ആരോപണമുണ്ട്. എന്താണ് അഭിപ്രായം?

ഡോ. പി.എൻ. പ്രഭാവതി
ഡോ. പി.എൻ. പ്രഭാവതി
A

കർണാട്ടിക് സംഗീതത്തിൽ മാത്രമായി വരേണ്യതയുടെ പ്രശ്നമുള്ളതായി അറിയില്ല. എല്ലാ മേഖലകളിലും ഉള്ളതിന്‍റെ ചിലത് കർണാടക സംഗീത രംഗത്തും ഉണ്ടായിരിക്കാം. പക്ഷേ, അങ്ങിനെ ഉള്ളതായി അറിവില്ല. വെസ്റ്റേൺ സംഗീത രംഗത്തും ഇതൊക്കെ നടക്കുന്നുണ്ട്. പക്ഷേ, അതിനെ ആരും ചോദ്യം ചെയ്യുന്നില്ല.

Q

അഞ്ഞൂറിനടുത്ത് കച്ചേരികൾ, നിരവധി പ്രബന്ധങ്ങൾ, സെമിനാറുകൾ. മറക്കാൻ പറ്റാത്ത ഒരനുഭവം പറയുമോ?

A

ആന്ധ്രയിൽ കാള ഹസ്തി എന്നൊരു ക്ഷേത്രമുണ്ട്. കേരളത്തിലെ ഗുരുവായൂർ പോലെയാണ് അവർക്കത്. 2006ൽ അവിടെ ക്ഷേത്രത്തിൽ തെലുങ്ക് കൃതികൾ പാടാൻ അവസരം കിട്ടി. പാടിക്കഴിഞ്ഞ ശേഷം ഒരുപാട് പേർ വന്ന് അഭിനന്ദിച്ചു. കേരളത്തിൽ നിന്നു വന്ന ഒരു മലയാളി പെൺകുട്ടി ഇത്ര നന്നായി തെലുങ്ക് കീർത്തനം പാടിയതിന് അവർ ഒരുപാട് സന്തോഷവും സ്നേഹവും തന്നു. പിറ്റേ ദിവസത്തെ തെലുങ്ക് പത്രത്തിലും അത് വാർത്തയായിരുന്നു. അത് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണ്. ഒരുപാട് സന്തോഷം തോന്നിയ നിമിഷം.

Q

ഇനിയെങ്ങോട്ടാണ്?എന്താണ് പുതിയ സ്വപനങ്ങൾ?

ഡോ. പി.എൻ. പ്രഭാവതി
ഡോ. പി.എൻ. പ്രഭാവതി
A

ഇപ്പോൾ കച്ചേരികൾ ചെയ്തു പോകുന്നു. ഇതുവരെ ചെയ്തതിന്‍റെ ഫലങ്ങൾ സന്തോഷത്തോടെ അനുഭവിക്കുകയാണ്. ഒരുപാട് സെമിനാറുകൾ ചെയ്യുന്നു. ഇനിയും ചെയ്യാൻ ആഗ്രഹമുണ്ട്. മറ്റൊരു സ്വപ്നം സ്കൂൾ തലം മുതൽ സംഗീതം പഠിക്കാൻ കുട്ടികൾക്ക് അവസരം നൽകണം, കൊടുക്കണം എന്നതാണ്, ഇതിന് കേന്ദ്ര സർക്കാർ തന്നെ മുൻകൈയെടുത്താൽ വളരെ നല്ലതാണ്. ഒരുപാട് കുട്ടികൾക്ക് പഠിക്കാൻ താത്പര്യമുണ്ട്. പക്ഷേ, നിർഭാഗ്യ വശാൽ അവർക്ക് അതിനുള്ള അവസരം കിട്ടുന്നില്ല. ഇതിനൊരു സിസ്റ്റം ഉണ്ടാക്കിയെടുക്കണം. എങ്കിൽ ആകെ മാറ്റം വരും ഇന്നത്തെ സ്ഥിതിയിൽ.

കല വളർന്നാൽ സംസ്കാരവും വളരും. പരസ്പരം സ്നേഹം, സഹകരണം എല്ലാം കൂടും. പിന്നെ സമൂഹത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ഒരുപാട് കുറയും. ഇതെല്ലാം സമൂഹത്തിന് ഒരുപാട് ഗുണം ചെയ്യും, മാറ്റങ്ങൾ ഉണ്ടാക്കും എന്നാണ് എനിക്ക് തോന്നുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com