
ബറോസിനു ശേഷം ഒരു സിനിമ കൂടി സംവിധാനം ചെയ്യുമോ എന്ന ചോദിച്ചാൽ നിലവിൽ ഉത്തരമില്ലെന്ന് നടൻ മോഹൻ ലാൽ. വാർത്താ ഏജൻസിയായ പിടിഐ ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് 3 ഡി ചിത്ര ബറോസ് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നതും മോഹൻലാലാണ്.
എങ്ങനെയാണ് സംവിധാനം ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്‍?
സംവിധായകനായേക്കാം എന്നത് മുൻ കൂട്ടി എടുത്ത ഒരു തീരുമാനമായിരുന്നില്ല. പക്ഷേ 46 വർഷം നീണ്ടു നിന്ന കരിയറിൽ എനിക്കൊപ്പം നിന്ന ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി എന്തെങ്കിലും നൽകണം എന്ന് ആഗ്രഹിച്ചിരുന്നു. വളരെ ആകസ്മികമായി സംഭവിച്ചതാണിത്. ബറോസിന്‍റെ കഥ കേട്ടപ്പോൾ വളരെ വ്യത്യസ്തമാണല്ലോ എന്നു തോന്നി. എങ്കിൽ ശരി ഈ ചിത്രം നിർമിക്കാം എന്നുറപ്പു നൽകി. അപ്പോഴാണ് ആര് സംവിധാനം ചെയ്യുമെന്ന ചോദ്യം ഉയർന്നത്. കഴിഞ്ഞ 4 പതിറ്റാണ്ടുകളായി ഞാൻ ഇന്ത്യൻ സിനിമയുടെ ഭാഗമാണ്. ആളുകളുടെ ജീവിതത്തെ പല രീതിയിൽ സ്പർശിച്ച നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ആരാധകർക്കായി ഒരു സമ്മാനം എന്ന രീതിയിലാണ് ബറോസ് സംവിധാനം ചെയ്യാമെന്ന് തീരുമാനിച്ചത്. കുട്ടികളുടെ ഉള്ളിലെ ഭാവനയെ ഉണർത്തുന്നതിനൊപ്പം മുതിർന്നവർക്ക് അവരുടെ നിഷ്കളങ്കമായ കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചു വരവ് കൂടിയാണ് ബറോസിലൂടെ ഉദ്ദേശിച്ചിരുന്നത്.
മണിരത്നം അടക്കമുള്ള സംവിധായകർക്കൊപ്പം ജോലി ചെയ്ത അനുഭവം ബറോസിനു മുതൽക്കൂട്ടായോ?
ബറോസ് ഒരു 3 ഡി ചിത്രമാണ്. അതു കൊണ്ടു തന്നെ 2 ഡി ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി ചില പ്രതിസന്ധികൾ ഉണ്ടായിരുന്നു. ക്യാമറയുടെ നീക്കം മുതൽ ഷോട്ട് വിഭജിക്കുന്നതിനും എഡിറ്റിങ്ങിലും വരെ പൂർണമായും വ്യത്യസ്തമാണ് 3 ഡി സിനിമ. ഞങ്ങൾക്ക് അതിന് പ്രത്യേകം ക്യാമറകൾ ആവശ്യമായി വന്നിരുന്നു. പ്രത്യേകം നിറങ്ങളും വസ്ത്രങ്ങളും ഉപയോഗിച്ചിരുന്നു. അത്തരത്തിൽ പൂർണമായും വ്യത്യസ്തമായ ഒരനുഭവമായിരുന്നു. സിനിമയിലെ ഒരു ഷോട്ട് എടുക്കുമ്പോൾ പോലും മറ്റു സംവിധായകരിൽ നിന്ന് ഒരു തരത്തിലുള്ള പ്രചോദനവും എനിക്ക് ഉണ്ടായിട്ടില്ല. ഈ ചിത്രം പൂർണമായും എന്‍റെ ക്രിയേറ്റിവിറ്റിയാണ്.
ആവേശം, മഞ്ഞുമ്മൽ ബോയ്സ്.. തുടങ്ങിയ സിനിമകളുടെ വൻ വിജയം ഇൻഡസ്ട്രിക്കുണ്ടാക്കിയ മാറ്റം?
മലയാളം ഇൻഡസ്ട്രിയിൽ വളരെ നല്ല മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നമ്മുടേത് ഒരു ചെറിയ ഇൻഡസ്ട്രിയായിരുന്നു. അതു കൊണ്ടു തന്നെ പണ്ട് നമ്മൾ മലയാളികളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടാണ് സിനിമകൾ ചെയ്തിരുന്നത്. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. നമ്മുടെ ഇൻഡസ്ട്രി വിശാലമായി. നമുക്ക് ഇപ്പോൾ ഒരുപാട് പാൻ- ഇന്ത്യൻ താരങ്ങൾ ഉണ്ട്. മറ്റ് ഇൻഡസ്ട്രികളുമായി മത്സരിക്കാൻ നമുക്ക് സാധിക്കും. നമുക്ക് ഒരു പാട് നല്ല കഥകളുണ്ട്. പുതിയ സംവിധായകരും പുതിയ സമീപനവുമാണ് വന്നു കൊണ്ടിരിക്കുന്നത്.
ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം?
ദൃശ്യത്തിന് മൂന്നാം ഭാഗം ഒരുക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ ഞങ്ങൾ അതിനായി ശ്രമിക്കുന്നുണ്ട്. അതെന്തു തന്നെയായാലും ദൃശ്യം രണ്ടാം ഭാഗത്തിനേക്കാൾ ഏറെ മികച്ചതായിരിക്കും. അല്ലാത്ത പക്ഷം അത്തരത്തിൽ ഒരു സിനിമ ചെയ്യില്ല. കാരണം ഇപ്പോൾ ദൃശ്യം എന്ന സിനിമ നല്ലൊരു പേരുണ്ടാക്കിയിട്ടുണ്ട്. അതു കൈമോശം വരാൻ ആഗ്രഹിക്കുന്നില്ല.
ദൃശ്യത്തിന്‍റെ ഹിന്ദി വേർഷനെക്കുറിച്ച് എന്താണഭിപ്രായം?
അവർ കഥയിൽ ചെറിയ മാറ്റം വരുത്തിയിരുന്നു. വളരെ ബുദ്ധിപൂർവമായ മാറ്റമായിരുന്നു. ഓരോ സംസ്ഥാനത്തിനും അവരുടേതായ സംസ്കാരവും സംഗീതവും ഒക്കെയുണ്ട്. അതു കൊണ്ടു തന്നെ അതിന്‍റേതായ മാറ്റങ്ങൾ വരുത്തേണ്ടി വരും. പക്ഷേ സിനിമയുടെ ഉൾക്കാമ്പ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.