കഠിനകാലങ്ങൾ കടന്നൊരു നടൻ

ഇത്രയും കാലം ചെറിയ വേഷങ്ങളിൽ മാത്രം നിറഞ്ഞതു കാതലുള്ള അഭിനേതാവായിരുന്നുവെന്നു പ്രേക്ഷകരും തിരിച്ചറിയുന്നു. ഇതു പ്രശാന്ത് അലക്സാണ്ടർ എന്ന നടന്‍റെ സിനിമയോളം ട്വിസ്റ്റുകളുള്ള ജീവിതകഥ
കഠിനകാലങ്ങൾ കടന്നൊരു നടൻ

നമിത മോഹനൻ

സിനിമയിലൊന്നു ശ്രദ്ധിക്കപ്പെടുക. അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചു പ്രേക്ഷകർ സംസാരിക്കുക. ഇതാ ഒരു നല്ല നടൻ പിറവിയെടുത്തിരിക്കുന്നു എന്ന അംഗീകാരം നേടിയെടുക്കുക. ഉള്ളിൽ നിറഞ്ഞു കവിയുന്ന അഭ്രമോഹങ്ങളുമായി വെള്ളിത്തിരയിലേക്ക് എത്തുന്ന എല്ലാവരുടെയും ആഗ്രഹമാണിതൊക്കെ. ഈ ആഗ്രഹം വളരെപെട്ടെന്നു സാക്ഷാത്കരിക്കുന്നവരുണ്ട്. മോഹങ്ങൾ പൂവണിയാതെ അഭ്രപാളിയുടെ ഓരങ്ങളിൽ ഒതുങ്ങിപ്പോകുന്നവരുണ്ട്. ഒരുപാടു കാലത്തെ പ്രയത്നത്തിനൊടുവിൽ നല്ലൊരു കഥാപാത്രത്തിന്‍റെ കരുത്തിൽ സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറുന്നവരുമുണ്ട്. അത്തരത്തിൽ പ്രയത്നത്തിന്‍റെയും അധ്വാനത്തിന്‍റെയും കഠിനകാലങ്ങൾ കടന്നൊരു നടൻ രേഖപ്പെടുത്തപ്പെടുന്നു. ഇത്രയും കാലം ചെറിയ വേഷങ്ങളിൽ മാത്രം നിറഞ്ഞതു കാതലുള്ള അഭിനേതാവായിരുന്നുവെന്നു പ്രേക്ഷകരും തിരിച്ചറിയുന്നു. ഇതു പ്രശാന്ത് അലക്സാണ്ടർ എന്ന നടന്‍റെ സിനിമയോളം ട്വിസ്റ്റുകളുള്ള ജീവിതകഥയാണ്.

വഴിത്തിരിവാണ് സൂപ്പർ സെബാസ്റ്റ്യൻ

ആവാസവ്യൂഹം എന്ന വ്യത്യസ്ത സിനിമയൊരുക്കിയ കൃഷാന്തിന്‍റെ പുരുഷപ്രേതം എന്ന ചിത്രം പ്രഖ്യാപിച്ചതു മുതൽ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. നടി ദർശനയെ ഫോക്കസ് ചെയ്തായിരുന്നു ചിത്രത്തിന്‍റെ പരസ്യങ്ങളും ട്രെയിലറുമൊക്കെ.

എന്നാൽ ഒടിടിയിൽ പുരുഷപ്രേതം എന്ന സിനിമയെത്തിയപ്പോൾ കഥ മാറി. അജ്ഞാതജഡത്തിന്‍റെ നിയമനൂലാമാലകളിൽ കുരുങ്ങുന്ന, പൊലീസ് ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളിൽ ഉഴലുന്ന സെബാസ്റ്റ്യൻ എന്ന കഥാപാത്രം വളരെ പെട്ടെന്നു തന്നെ ആസ്വാദകരുടെ മനസിൽ ഇടംനേടി. അതിനൊപ്പം ആ കഥാപാത്രത്തെ അവതരിപ്പിച്ച പരിചിതമുഖമായ പ്രശാന്ത് അലക്സാണ്ടറും. രണ്ടു പതിറ്റാണ്ട് പിന്നിട്ട പ്രശാന്തിന്‍റെ സിനിമാജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു ആ പ്രേക്ഷക അംഗീകാരം. സൂപ്പർ സെബാസ്റ്റ്യൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രശാന്തിന്‍റെ സിനിമാജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറിയിരിക്കുന്നു.

പ്രചോദനമായി "പുരുഷപ്രേതം'

പതിവു സിനിമാരീതികളിൽ നിന്നും വിഭിന്നമാണ് പുരുഷപ്രേതത്തിലെ ആഖ്യാനശൈലി. ആ വ്യത്യസ്തതയെ ആസ്വാദനത്തിന്‍റെ ഉയരങ്ങളിലെത്തിക്കാൻ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തിലൂടെ പ്രശാന്ത് നൽകിയ സംഭാവനകൾ ചെറുതല്ല. "ആളുകൾ നല്ല പ്രതികരണം അറിയിക്കുമ്പോഴും കഥാപാത്രത്തെയടക്കം ഇഴകീറി പരിശോധിച്ച് റിവ്യൂകൾ പറയുമ്പോഴും ഒരുപാട് സന്തോഷം തോന്നുന്നു. ഇത്രനാളും സിനിമയിൽ ഉണ്ടായിട്ട് കിട്ടാത്ത അംഗീകാരം കൂടിയാണിത്. എന്നെ സംബന്ധിച്ചിടത്തോളം വർഷങ്ങളായി ആഗ്രഹിച്ചതാണ്, എത്ര ചെറിയ കഥാപാത്രം ആണെങ്കിൽ പോലും ആളുകളത് നോട്ടീസ് ചെയ്യണമെന്നും, നമ്മളെ പറ്റി സംസാരിക്കണമെന്നും നല്ലത് പറയണമെന്നും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് ഫൈറ്റ് ചെയ്താണ് സിനിമയിൽ എത്തുന്നത്. ഈ നല്ല അഭിപ്രായങ്ങൾ മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ പ്രചോദനം നൽകുന്നു. '' പ്രശാന്ത് പറയുന്നു.

രണ്ടു പതിറ്റാണ്ടായി സിനിമയിലുണ്ട്

ഇരുപതു വർഷത്തെ സിനിമാജീവിതമാണ്. എഴുപതോളം സിനിമകളിലും അഭിനയിച്ചു. ആക്ഷൻ ഹീറോ ബിജു, മധുരരാജ, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇരുപതു വർഷത്തെ സിനിമാജീവിതത്തിൽ ഈ മൂന്നു കഥാപാത്രങ്ങൾ മാത്രമേ ആളുകൾ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നു പറയുമ്പോൾ, ഇതിനിടയിൽ എത്രത്തോളം ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെന്ന് ഊഹിക്കാവുന്നതല്ലെ ഉള്ളൂ എന്നു പ്രശാന്ത് ചോദിക്കുന്നു.

പുരുഷപ്രേതം എന്ന സിനിമ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമൊന്നുമുണ്ടായിരുന്നില്ലെന്നു പ്രശാന്ത്. ആരും പറയാത്തൊരു കഥയായതു കൊണ്ടു തന്നെ ആളുകൾ ഏറ്റെടുക്കുമെന്നുറപ്പായിരുന്നു. എന്നാൽ സൂപ്പർ സെബാസ്റ്റ്യന് ഇത്രയും സ്വീകാര്യത കിട്ടുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. സിനിമ ഇറങ്ങിയതിനു ശേഷം, സിനിമയെക്കുറിച്ചും കഥയെക്കുറിച്ചും പ്രേക്ഷകർ എത്ര പ്രാധാന്യത്തോടെ സംസാരിക്കുന്നോ, അതേ പ്രാധാന്യത്തിൽ സൂപ്പർ സെബാസ്റ്റ്യനെക്കുറിച്ചും പ്രശാന്ത് എന്ന നടനെക്കുറിച്ചും പറയുന്നു. പ്രശാന്തിന്‍റെ അഭിനയജീവിതത്തിലെ ആദ്യ വലിയ അംഗീകാരം കൂടിയാണത്.

ആദ്യ മുഴുനീള കഥാപാത്രം

ഒരു ഫുൾ ലെങ്ത് പൊലീസ് വേഷം വരുന്നുണ്ട്, കഥ കേൾക്കണമെന്നു സംവിധായകൻ കൃഷാന്ത് പറഞ്ഞതു 2018-ലാണ്. കഥ കേട്ടു. എന്നാൽ ഇത്തരമൊരു വേഷം എന്നെവച്ചു ചെയ്യുന്നതു വളരെയധികം അപകടമാണെന്നായിരുന്നു പ്രശാന്തിന്‍റെ ആദ്യമറുപടി. കൃഷാന്തിന്‍റെ വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയിലും പ്രശാന്ത് ഒരു പൊലീസ് വേഷം അവതരിപ്പിച്ചിരുന്നു.

പുരുഷപ്രേതത്തിൽ കൃഷാന്തിന് വേണ്ടത് എന്നെപ്പോലെ ഒരാളെയായിരുന്നു, പ്രശാന്ത് പറയുന്നു. തുടർന്നു പ്രോജക്ടുമായി മുന്നോട്ടു പോയി. ആദ്യം കേട്ട സ്ക്രിപ്റ്റിൽ നിന്നും മൂന്നു നാലു വർഷം കൊണ്ട് ഇന്നു കാണുന്ന സിനിമയിലെക്കെത്തി ക്കുകയായിരുന്നു.

തുടക്കം ടെലിവിഷനിൽ

ടെലിവിഷനിലൂടെയാണു പ്രശാന്തിന്‍റെ കരിയറിന്‍റെ തുടക്കം. കൊടൈക്കനാലിൽ മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്‍റ് പഠനസമയത്ത് അവിടെയൊരു ഹോട്ടൽ മാനെജ്മെന്‍റ് ടീമിന്‍റെ ഫുഡ് ഫെസ്റ്റിവൽ നടന്നു. അതു കവർ ചെയ്യാനായി ഏഷ്യാനെറ്റ് സംഘം വന്നപ്പോൾ ഒരു പ്രോഗ്രാം ഷൂട്ട് ചെയ്തു. ആ പരിപാടിയുടെ ആങ്കറായിട്ടാണ‌ു തുടക്കം. അതൊരു വഴിത്തിരിവായി. ഏഷ്യാനെറ്റിന്‍റെ എക്കലത്തെയും വിജയകരമായ പ്രോഗ്രാമുകളിലൊന്നായ വാൽകണ്ണാടി ചെയ്യാനായി പ്രശാന്തിനെ വിളിച്ചു. 2005 വരെ ആങ്കറും അസിസ്റ്റന്‍റ് പ്രൊഡ്യൂസറുമായി ഏഷ്യാനെറ്റിൽ ജോലി ചെയ്തു. പിന്നീടാണ് കമലിന്‍റെ നമ്മൾ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. പ്രശാന്തിന്‍റെ സിനിമാജീവിതത്തിന്‍റെ തുടക്കം. നമ്മൾ മുതൽ അച്ഛനുറങ്ങാത്ത വീടു വരെ കുറെയേറെ ചിത്രങ്ങൾ ചെയ്തു. ആദ്യ സ്വതന്ത്ര കഥാപാത്രം അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലാണ്.

ഇനിയങ്ങോട്ട് ക്യാരക്റ്റർ വേഷങ്ങൾ ചെയ്യണമെന്നു മനസിലുറപ്പിച്ചു. ടെലിവിഷൻ പൂർണമായും ഉപേക്ഷിച്ചു. എന്‍റെ ഭാഗത്തു നിന്നും ഒരു പണിയുമെടുക്കാതെയുള്ള കാത്തിരിപ്പായിരുന്നു, പ്രശാന്ത് പറയുന്നു. വേഷങ്ങൾ തേടിയെത്തുമെന്നു കരുതി വെറുതെ വീട്ടിലിരുന്നു. ആക്ഷൻ ഹീറോ ബിജു വരെ ആ അവസ്ഥ തുടർന്നു. ആക്ഷൻ ഹിറോ ബിജു എല്ലാവർക്കും ഇഷ്ടപ്പെട്ടതോടെ അവസരങ്ങൾ തേടി പോവുകയായിരുന്നെന്നു പ്രശാന്ത് പറയുന്നു. പിന്നെയും പലവിധ കഥാപാത്രങ്ങളിലൂടെ കടന്നു സൂപ്പർ സെബാസ്റ്റ്യനിൽ എത്തിനിൽക്കുന്നു.

ചെറിയ കഥാപാത്രവും വലിയ പ്രതീക്ഷയാണ്

പ്ര‌ശാന്ത് ഒരു കാര്യം ഉറപ്പിക്കുന്നുണ്ട്. ഒരു സെക്കൻഡിൽ മിന്നിമറയുന്ന കഥാപാത്രമായാൽ പോലും, സൂപ്പർ സെബാസ്റ്റ്യൻ ചെയ്ത അതേ ആത്മാർഥതയോടെയാണു കഥാപാത്രത്തെ സമീപിച്ചിട്ടുള്ളത്. ഓരോ ചെറിയ കഥാപാത്രവും വലിയ പ്രതീക്ഷ തന്നെയാണ്. "ഇന്ന് എനിക്ക് അന്നം നൽകുന്ന കഥാപാത്രങ്ങളാണ് നാളെ എനിക്കുള്ള അന്നം തേടിക്കൊണ്ടുവരുന്നതെന്ന വിശ്വാസത്തിലാണ് ഓരോ വേഷവും ചെയ്യുന്നത്.' പ്രശാന്ത് ഉറപ്പിച്ചു പറയുന്നു. സൂപ്പർ സെബാസ്റ്റ്യൻ വലിയ പ്രതീക്ഷയാണ്. കാലങ്ങളായുള്ള കാത്തിരിപ്പിനു കിട്ടിയ ചെറുതല്ലാത്ത ഫലം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com