ആർതർ റോഡ് ജയിലിലെ 63 ദിവസം | Interview
ഹണി വി.ജി.
ജയിൽ ജീവിതത്തിന്‍റെ ഇരുട്ടിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഒരു കഥ എത്തുകയാണ്. കഥയല്ല, ഇതു ജീവിതം തന്നെ, വ്യവസായി എന്നു പറഞ്ഞാൽ അറിയില്ലെങ്കിൽ, ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് എന്നു പറഞ്ഞാൽ ഉറപ്പായും തിരിച്ചറിയുന്ന ആളുടെ ജീവിത കഥ, രാജ് കുന്ദ്രയുടെ അറുപത്തിമൂന്നു ദിവസം നീണ്ട ജയിൽ ജീവിതമാണ് ആ കഥ.
യുടി 69 എന്നാണു സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അണ്ടർ ട്രയൽ എന്നതിന്‍റെ ചുരുക്കമാണ് UT, വിചാരണത്തടവുകാരൻ എന്നർഥം. 69ാം നമ്പർ വിചാരണത്തടവുകാരൻ തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. ആ വേഷമിടുന്നത് ജീവിതത്തിലെ അനുഭവസ്ഥനായ രാജ് കുന്ദ്ര തന്നെ. ജയിലുകളിലെ ഇരുണ്ട ജീവിതം അതുപോലെ തന്നെ തന്‍റെ ചിത്രത്തിൽ അവതരിപ്പിക്കാനാണ് ശ്രമം.
ഇരുട്ടറയിലെ ജീവിതം
ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമാണ് മുംബൈ ആർതർ റോഡ് ജയിലിലെ ജീവിതം എന്നാണ് രാജ് കുന്ദ്ര പറയുന്നത്. സിനിമയിലൂടെ ആ കാലഘട്ടത്തിലെ അനുഭവങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുകയാണ്.
''ജയിലിലായിരുന്ന കാലത്ത് ഒരു മുറിയിലാണ് ഞാനടക്കമുള്ള 250 പേർ കഴിഞ്ഞിരുന്നത്. അവിടേക്ക് ആകെ 50 പേർക്ക് കഴിക്കാനുള്ള ഭക്ഷണമേ കൊണ്ടു വന്നിരുന്നുള്ളൂ. പറയാനാവാത്തത്ര മോശമായിരുന്നു അവിടത്തെ അവസ്ഥ. ജയിലുകളിലെ അവസ്ഥ മാറിയേ തീരൂ. തെരുവ് നായ്ക്കളുടെ ജീവിതം ജയിൽപ്പുള്ളികളേക്കാൾ എത്രയോ ഭേദപ്പെട്ടതാണ്....''
ഒരു നെടുവീർപ്പോടെ രാജ് കുന്ദ്ര പറഞ്ഞു തുടങ്ങുകയായിരുന്നു.
ജീവിതത്തിലും സിനിമയിലും തണലായി ശിൽപ്പ

ആ സമയത്ത് ജയിലിൽ അനുഭവിച്ച വേദനകളും അനുഭവങ്ങളും എല്ലാം ഒരു പുസ്തകമാക്കിയതായി ഒരിക്കൽ സംവിധായകനും സുഹൃത്തുമായ ഷാനവാസ് അലിയോട് പറഞ്ഞിരുന്നു. പുസ്തകം വായിച്ചതിനു ശേഷമാണ് ഷാനവാസ് ഇത് നമുക്ക് സിനിമയാക്കാം എന്ന അഭിപ്രായം മുന്നോട്ടു വച്ചത്. ആദ്യം ശിൽപ്പ ഇതിനെ എതിർത്തുവെങ്കിലും ജയിലിലെ വേദനകൾ മനസിലാക്കിയപ്പോൾ സിനിമയോട് പൂർണമായി സഹകരിക്കുകയായിരുന്നു. സിനിമ പൂർത്തീകരിച്ചാൽ പോലും നിലവാരമില്ലെങ്കിൽ റിലീസ് ചെയ്യാൻ സമ്മതിക്കില്ല എന്നതായിരുന്നു ശിൽപ്പയുടെ നിലപാട്. അറസ്റ്റിലായ സമയത്ത് മാനസികമായി തകർന്ന തന്നെ, ശിൽപ്പ തന്ന മാനസിക ബലമാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്നും രാജ് കുന്ദ്ര.
പുതുമുഖ നായകനും സിനിമയുടെ സന്ദേശവും

അഭിനേതാവ് എന്ന നിലയിൽ രാജ് കുന്ദ്രയ്ക്ക് ഇത് അരങ്ങേറ്റമാണ്. സിനിമയുടെ മറ്റു മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും നടനാകുന്നത് ആദ്യം. അതുകൊണ്ടു തന്നെ സിനിമ ചിത്രീകരണം വെല്ലുവിളി തന്നെയായിരുന്നുവെന്ന് സംവിധായകൻ ഷാനവാസ് അലി പറയുന്നു. എന്നാൽ, ആ വെല്ലുവിളി വളരെ മനോഹരമായാണ് രാജ് ഏറ്റെടുത്തതെന്നു കൂടി കൂട്ടിച്ചേർക്കുന്നു ഷാനവാസ്.
തന്‍റെ ചിത്രം കൊണ്ട് ജയിലുകളിൽ എന്തെങ്കിലും മാറ്റം വരുത്താൻ കഴിഞ്ഞാൽ അതായിരിക്കും ഈ ചിത്രത്തിന്‍റെ സന്ദേശമെന്ന് രാജ് കുന്ദ്ര. ഇനി, മാറ്റം വരുത്താൻ കഴിഞ്ഞില്ലെങ്കിൽ തന്നെ മാറ്റത്തിനൊരു തുടക്കമിടാൻ കഴിഞ്ഞാലും അതൊരു നേട്ടമായി കരുതുമെന്നും അദ്ദേഹം പറയുന്നു. രാജ് കുന്ദ്രയുടെ കഥയ്ക്ക് തിരക്കഥാ രൂപം നൽകിയിരിക്കുന്നത് വിക്രം ഭാട്ടിയയും സംവിധായകൻ ഷാനവാസ് അലിയും ചേർന്നാണ്. കുന്ദ്ര തന്നെയാണ് ചിത്രം നിർമിക്കുന്നത്.
കേസും അറസ്റ്റും
അശ്ലീലചിത്രം നിർമിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ 2021ലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ജൂലൈ 19 മുതൽ 63 ദിവസം ജയിലിൽ കഴിഞ്ഞു. ഈ കാലയളവിലെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
രാജ് കുന്ദ്രയ്‌ക്കെതിരെ കേസ് വന്നതിന് പിന്നാലെ ശിൽപ്പ ഷെട്ടിയുമായി വേർ പിരിയുമെന്ന തരത്തിൽ വാർത്തകൾ വന്നു. എന്നാൽ, ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ രാജ് കുന്ദ്രയ്‌ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണിപ്പോൾ ശിൽപ്പ.
2009 നവംബർ 22 നാണ് രാജ് കുന്ദ്ര ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെ വിവാഹം കഴിക്കുന്നത്. കുന്ദ്രയ്ക്കും ഷെട്ടിക്കും ഒരു മകനും ഒരു മകളുമുണ്ട്.

ചെറിയ തുടക്കം, ഗോഡ് ഫാദറില്ലാതെ വളർച്ച
പഞ്ചാബിൽ നിന്നു ലണ്ടനിലേക്കു കുടിയേറിയ സാധാരണ കുടുംബമായിരുന്നു രാജ് കുന്ദ്രയുടെ മാതാപിതാക്കൾ. അച്ഛൻ ബാലകൃഷൻ കുന്ദ്ര ചെറിയ ബിസിനസ് തുടങ്ങും മുൻപ് ലണ്ടനിൽ ബസ് കണ്ടക്റ്ററായിരുന്നു. അമ്മ ഉഷ റാണി കുന്ദ്ര ആകട്ടെ ഒരു കടയിൽ അസിസ്റ്റന്‍റായി ജോലി ചെയ്യുകയും ചെയ്തിരുന്നു.
രാജ് കുന്ദ്ര ജനിച്ചതും വളർന്നതും ലണ്ടനിലാണ്. അച്ഛനെ സഹായിക്കാൻ അദ്ദേഹത്തിന്‍റെ കൊച്ചു റെസ്റ്ററന്‍റിൽ പാത്രങ്ങൾ കഴുകിയിരുന്ന ഒരു ഭൂതകാലമുണ്ട് രാജിന്. ആദ്യ കാലങ്ങളിൽ ലണ്ടനിൽ പാർട്ട് ടൈം ടാക്സി ഡ്രൈവറായും ജോലി ചെയ്തു. കുറച്ച് പണം സ്വന്തമായി സമ്പാദിച്ചു തുടങ്ങിയത് അങ്ങനെയാണ്.
അങ്ങനെയൊരു ടാക്സി ഓട്ടത്തിലാണ് ഒരു യാത്രക്കാരൻ മൂലം താൻ ബിസിനസിലേക്ക് കടക്കാനിടയായതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. പിന്നീടത് പടിപടിയായി വളരുകയായിരുന്നു. അതിന് ശേഷം സിനിമാ വിതരണ രംഗത്തേക്ക് അവിചാരിതമായി കടന്നു. ഹിന്ദി ഭാഷ കൂടുതൽ പഠിക്കുന്നതും അക്കാലത്താണ്. അച്ഛനും അമ്മയും ഹിന്ദി ചിത്രങ്ങൾ കാണാറുണ്ടായിരുന്നതു കൊണ്ട് അതു തനിക്ക് എളുപ്പമായിരുന്നെന്നും അദ്ദേഹം പറയുന്നു.
വിജയത്തിനു പിന്നിലെ ഒരേയൊരു കാരണം
അച്ഛനും അമ്മയും ജോലിയിൽ നിന്നു വിരമിക്കുന്നതോടെയാണ് കുടുംബത്തിന്‍റെ ഉത്തരവാദിത്വം പൂർണമായി അദ്ദേഹത്തിന്‍റെ ചുമലിലേക്കു വന്നുചേരുന്നത്. വിജയത്തിനു വേണ്ടിയുള്ള കഠിനാധ്വാനത്തിനു കണക്കില്ല. നിരന്തരമായ പ്രയത്നങ്ങൾക്ക് ഒരു ഗോഡ് ഫാദറിന്‍റെയും അനുഗ്രഹാശിസുകളുമുണ്ടായില്ല. അച്ഛനമ്മമാരുടെ അനുഗ്രഹം മാത്രമായിരുന്നു തനിക്കു തണലായുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
''ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് ശത കോടീശ്വരനാണെന്നു പലരും പറയും. പക്ഷേ ആർക്കുമാറിയില്ല അതെങ്ങനെ ആയി എന്നുള്ളത്. കഠിനാധ്വാനം, അതു മാത്രമാണ് ഈ നിലയിലെത്താനുള്ള കാരണമെന്നു ഞാൻ അഭിമാനത്തോടെ പറയും''.
പതിനെട്ടാം വയസിൽ കുന്ദ്ര ദുബായിലേക്കും പിന്നീട് നേപ്പാളിലേക്കും താമസം മാറ്റി. ബ്രിട്ടനിലെ ഫാഷൻ റീട്ടെയിലർമാർക്ക് പശ്മിന ഷാളുകൾ വിൽക്കുന്ന ബിസിനസ് ആരംഭിക്കുകയും അത് വൻ വിജയകരമാവുകയും ചെയ്തു. ദുബായിലേക്കു മാറിയ ശേഷമാണ് ലോഹങ്ങൾ, കൺസ്ട്രക്ഷൻ, ഖനനം, പുനരുപയോഗ ഊർജ പദ്ധതികൾ എന്നിവയിൽ ഇടപെടുന്ന എസെൻഷ്യൽ ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന കമ്പനി സ്ഥാപിക്കുന്നത്. അക്കാലത്ത് ബോളിവുഡ് സിനിമകളുടെ ധനസഹായത്തിലും നിർമാണത്തിലും ഏർപ്പെട്ടിരുന്നു. മണിരത്നം ചിത്രമായ യുവയുടെ വിതരണം ഏറ്റെടുത്തിരുന്നതായി രാജ് കുന്ദ്ര ഓർമിപ്പിച്ചു.
നവംബർ മൂന്നിന് UT69 എന്ന ഈ ചിത്രം തിയെറ്ററുകളിൽ എത്തുകയാണ്. ജയിൽ ജീവിതത്തിന്‍റെ ഇരുണ്ട മുഖവും അവിടെ തെരുവ് മൃഗങ്ങളെക്കാൾ മോശമായ സാഹചര്യത്തിൽ കഴിയുന്ന കുറേ മനുഷ്യരുടെ അവസ്ഥയും തുറന്നു കാട്ടുന്ന ആദ്യ സിനിമ തന്നെയായിരിക്കും ഇതെന്നു പ്രതീക്ഷിക്കാം.