
പി. ജി. എസ്. സൂരജ്
വേറിട്ട കാഴ്ചാനുഭവം നൽകിയ സിനിമയാണ് ഇരട്ട. ഞെട്ടിത്തരിച്ച മനസുമായി മാത്രമേ സിനിമ കണ്ടിറിങ്ങാൻ സാധിക്കൂ. ഒരുതരം മരവിപ്പും വല്ലാത്തൊരു ഭാരവും മനസില്‍ നിന്ന് വിട്ടുപോകാന്‍ മണിക്കൂറുകള്‍ വേണ്ടി വരും. മുൻവിധികളെ തകർത്തെറിയുന്ന രചനാരീതി. അതിനോടൊപ്പം ജോജുവിന്‍റെ അഭിനയപാടവവും സിനിമയുടെ സ്വീകാര്യത വർധിപ്പിച്ചു. സിനിമയുടെ ഒരു ഘട്ടത്തിലും ആദ്യസിനിമയെന്നു തോന്നിപ്പിക്കാത്ത വിധമുള്ള കൈയടക്കം സംവിധായകൻ രോഹിത് എം. ജി കൃഷ്ണനിൽ കാണാം. ആദ്യ സിനിമയുടെ വഴികളിലേക്കുള്ള സഞ്ചാരത്തെക്കുറിച്ചു സംവിധായകൻ രോഹിത് എം.ജി കൃഷ്ണന്‍ മെട്രോ വാര്‍ത്തയോട് സംസാരിക്കുന്നു.
ഹൃസ്വചിത്രങ്ങളിലൂടെ തുടക്കം
2012 മുതല്‍ സിനിമയില്‍ എത്തിപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. എല്ലാവരെയും പോലെ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണു തുടക്കം. മൊബൈലില്‍ ഷൂട്ട് ചെയ്ത പല ഫിലിമുകളും പിന്നീട് കണ്ട് നോക്കുമ്പോള്‍ തൃപ്തി തോന്നാത്തതുകൊണ്ട് ഡിലീറ്റ് ചെയ്തിരുന്നു. ആ സമയത്ത് സിനിമയില്‍ സംവിധാനസഹായി ആവാനുള്ള ശ്രമങ്ങളും നടത്തി. ആരും ഒപ്പം കൂട്ടിയില്ല. സിനിമയില്‍ പരിചയമുള്ള ആളുകള്‍ വളരെ കുറവായിരുന്നു. പിന്നീട് ഒരു ജോലിക്ക് കയറിയിട്ട് സിനിമയ്ക്ക് വേണ്ടി ശ്രമിക്കാം എന്ന് വിചാരിച്ചു. ആദ്യ ശമ്പളം കിട്ടിയപ്പോള്‍ ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചു. സംവിധായകന്‍ തരുണ്‍മൂര്‍ത്തിയായിരുന്നു ‘ഇന്ന് ഇന്നലെ’ എന്ന പേരില്‍ പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിമിലെ നായകന്‍. തരുണ്‍ മൂര്‍ത്തിയും ഞാനും കോളേജില്‍ ഒരുമിച്ചായിരുന്നു. പതിനേഴോളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ ആ ഫിലിമിന് അവാര്‍ഡ് ലഭിച്ചു. നമ്മള്‍ ചെയ്യുന്നത് എവിടെയൊക്കെയോ വര്‍ക്ക് ആകുന്നുണ്ട് എന്ന് മനസിലായത് അപ്പോഴാണ്. ആ ഫിലിം അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ വീണ്ടും ഒന്ന് രണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ കൂടി ചെയ്തു.
തിരക്കഥാരചനയിലും...
ഇതിനിടയില്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥകള്‍ എഴുതുന്നുണ്ടായിരുന്നു. എഴുതിയ തിരക്കഥകൾ പലരേയും കാണിച്ചു. ആദ്യം സുഹൃത്തുക്കളുടെ ഇടയിലാണ് പറയുക. കഥ കേട്ട പലരും നല്ല അഭിപ്രായം പറഞ്ഞു. ചിലര്‍ ഇതെന്ത് കഥയാടാ എന്നും ചോദിച്ചു. 2015 - 16 കാലത്ത് എഴുതിയ ഒരു കഥ നിരവധിപേർക്ക് ഇഷ്ടമായി. കൊച്ചിയില്‍ ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ഓഫീസ് ഒക്കെ തപ്പിപ്പിടിച്ച് പോയി കഥ പറഞ്ഞു. അവര്‍ക്കും ഇഷ്ടമായി. തിരക്കഥ എഴുതാന്‍ പറഞ്ഞു. ആ കഥ ഞാന്‍ തിരക്കഥയാക്കി. പക്ഷേ ആ സമയത്താണ് മലയാളത്തില്‍ അതേകഥയുമായി മറ്റൊരു സിനിമ ഇറങ്ങിയത്. അവിചാരിതമായി സംഭവിച്ചതാകം.
ചെറിയ സിനിമയ്ക്കു വേണ്ടിയുള്ള കഥകൾ
വലിയ മുതല്‍മുടക്കുള്ള കഥകള്‍ എഴുതുന്നതിലും നല്ലത് ചെറിയ സിനിമകളുടെ കഥകള്‍ എഴുതുന്നതാണെന്ന് അതിനോടകം മനസിലാക്കി. വളരെ ചെറിയ മുതല്‍മുടക്കില്‍ ശ്രദ്ധിക്കപെട്ട ലോക സിനിമകളുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി. ആ സിനിമകളെല്ലാം കണ്ടു. അതില്‍ മിക്കവയും ഒറ്റ ലൊക്കേഷനില്‍ ചിത്രീകരിച്ചവയായിരുന്നു. 1957 ല്‍ പുറത്തിറങ്ങിയ ട്വല്‍വ് ആംഗ്രിമാന്‍ മുതലുള്ള പഴയതും പുതിയതുമായ സിനിമകള്‍ കണ്ടു. എല്ലാ സിനിമകളിലും ആകാംക്ഷ (Curiosity) എന്ന പൊതു ആശയമാണ് വര്‍ക്കാകുന്നതെന്നു കണ്ടെത്തി. ഈ ആശയത്തില്‍ നിന്നുകൊണ്ട് പറയുന്ന ഒരു കഥയ്ക്കായുള്ള അന്വേഷണമായി. ആ അന്വേഷണത്തിനൊടുവില്‍, കേരളത്തില്‍ പണ്ട് നടന്ന ഒരു സംഭവത്തിലെത്തി. ആദ്യ കേള്‍വിയില്‍ തന്നെ വ്യത്യസ്തത തോന്നി. ആ സംഭവത്തെ മാത്രം എടുത്തൊരു കഥയുണ്ടാക്കി. പൂര്‍ണ്ണമായും ഭാവനയില്‍ നിന്നുകൊണ്ട് പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചൊരു മുഴുനീള സിനിമയ്ക്കുള്ള തിരക്കഥ. ജോലി ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് തിരക്കഥയും എഴുതുന്നത്. രാവിലെ വീട്ടില്‍ നിന്ന് ജോലിസ്ഥലത്ത് എത്താന്‍ 30 കിലോമീറ്ററോളം ദൂരമുണ്ട്. ഈ ദൂരമത്രയും ബൈക്കില്‍ പോകുമ്പോൾ ഓരോ സീനുകളും പ്ലാന്‍ ചെയ്യും. വൈകുന്നേരം തിരിച്ചു വരുമ്പോഴും ആ സീന്‍ വര്‍ക്ക് ചെയ്യും. അന്നത്തെ ദിവസം രാത്രി ആ സീന്‍ പേപ്പറിലേയ്ക്ക് പകര്‍ത്തും. അങ്ങനെ 60 ദിവസമാകുമ്പോള്‍ ഒരു തിരക്കഥ എഴുതി തീര്‍ക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. 60 ദിവസം കൊണ്ട് പൂര്‍ത്തിയായില്ലെങ്കിലും ഈ രീതി തുടര്‍ന്നപ്പോള്‍ വേഗത്തില്‍ ഇരട്ടയുടെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ശ്രദ്ധയോടെ ഓരോ ചുവടുകളും
തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷമുള്ള ചുവടുകള്‍ വളരെ ശ്രദ്ധിച്ചായിരുന്നു. 2010 മുതല്‍ മലയാളത്തില്‍ പുതുമുഖ സംവിധായകന്മാര്‍ക്ക് ചാന്‍സ് നൽകിയ നിര്‍മ്മാതാക്കളുടെ ലിസ്റ്റ് ഉണ്ടാക്കി. കുറേ നിര്‍മ്മാതാക്കളുടെ നമ്പര്‍ കിട്ടി. പല നിര്‍മ്മാതാക്കളോടും കഥ പറഞ്ഞു. അന്ന് ഇരട്ടയുടെ കഥ ഒറ്റ ലൊക്കേഷനില്‍ മാത്രം നടക്കുന്ന കഥയായിരുന്നു. ചിലര്‍ക്ക് കഥ നന്നായി ഇഷ്ടപെട്ടു. അടുത്ത സിനിമയായി ചെയ്യാമെന്നൊക്കെ പറഞ്ഞു. അങ്ങനെ കുറേ മാസങ്ങള്‍ കടന്നു പോയി. 2019 ല്‍ എന്‍റെ ഒരു സുഹൃത്ത് വഴി സംവിധായകനും നിര്‍മ്മാതാവുമായ സാജിദ് യാഹിയയുടെ അടുത്തെത്തി. സാജിദ് കഥ കേള്‍ക്കുന്നതിനു പകരം തിരക്കഥ നല്‍കാനാണ് ആവശ്യപെട്ടത്. തിരക്കഥ നല്‍കിയ അന്ന് തന്നെ രാത്രി 12 മണിയൊക്കെ ആയപ്പോള്‍ സാജിദ് വിളിച്ചു, കഥ വളരെയധികം ഇഷ്ടപെട്ടു എന്നും തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യത്തെ സിനിമയായി ചെയ്യാമെന്നും പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ ഒരു ടീം സെറ്റ് ചെയ്തു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. അപ്പോഴാണ് അപ്രതീക്ഷിതമായി കൊവിഡ് വരുന്നത്. 2021 ആയപ്പോള്‍ സാജിത് മറ്റൊരു സിനിമയുടെ നിര്‍മ്മാണം തുടങ്ങി. അപ്പോള്‍ ഈ സിനിമ ചെയ്യണമെങ്കില്‍ ഇനിയും വൈകുമെന്ന അവസ്ഥ വന്നു. ആ സാഹചര്യത്തിലാണ് ജോജു ചേട്ടനും മാര്‍ട്ടിന്‍ പ്രക്കാട്ടും കൂടി സിനിമ നിര്‍മ്മിക്കാൻ എത്തുന്നത്.
"തിരക്കഥ വായിച്ച മാര്‍ട്ടിന്‍ ചേട്ടന്‍ വളരെ നല്ല അഭിപ്രായം പറഞ്ഞു. എന്നെ സംബന്ധിച്ച് ഈ സിനിമ ഒരു ഫിലിം സ്കൂളില്‍ പഠിക്കുന്ന അനുഭവമായിരുന്നു. ഇതിനു മുന്‍പ് ഒരു സിനിമയിലും വര്‍ക്ക് ചെയ്തിട്ടില്ല. അങ്ങനെയുള്ള എനിക്ക് ഇരുപത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ജോജു ചേട്ടന്‍റെ കൂടെയും മികച്ച സിനിമകളുടെ സംവിധായകനായ മാര്‍ട്ടിന്‍ ചേട്ടന്‍റെ കൂടെയും ആദ്യ സിനിമ ചെയ്യാന്‍ സാധിച്ചതു തന്നെ വലിയ ഭാഗ്യം.' രോഹിത് പറയുന്നു.
നായാട്ടിന്‍റെയും ചാര്‍ളിയുടെയും സൃഷ്ടാക്കളുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് വലിയ ഉത്തരവാദിത്തമായിരുന്നു. സ്വാഭാവികമായും പ്രേക്ഷകര്‍ ഈ രണ്ട് സിനിമകളുടെയും നിലവാരത്തില്‍ നിന്നുകൊണ്ട് മാത്രമേ എന്‍റെ സിനിമയും നോക്കിക്കാണൂ. നമ്മുടെ ടീമില്‍ പലരും പുതുമുഖങ്ങളായിരുന്നു. ക്യാമറമാന്‍ വിജയുടെ ആദ്യ സിനിമയായിരുന്നു ഇരട്ട. നിരവധി സിനിമകളുടെ സ്പോട്ട് എഡിറ്ററായി ജോലി ചെയ്തുവന്ന മനു ആന്‍റണി ആയിരുന്നു എഡിറ്റര്‍. മനു സ്വതന്ത്രമായി എഡിറ്റിംഗ് നിര്‍വഹിക്കുന്ന ആദ്യ ചിത്രമായിരുന്നു.
ജോജു ചേട്ടനും ഒരുപാട് സപ്പോര്‍ട്ട് ചെയ്തു. സഹ സംവിധായകനായ ജിത്തു അഷറഫ് 20 വര്‍ഷത്തോളമായി അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന്‍റെ അനുഭവ പരിചയം സിനിമയ്ക്ക് ഒരുപാടു ഗുണം ചെയ്തു.
ഡബിൾ റോളിൽ ജോജു
ഡി.വൈ.എസ്.പി പ്രമോദിനെ അവതരിപ്പിച്ച് പത്ത് മിനിട്ടിനു ശേഷം എ.എസ്.ഐ വിനോദ് ആയി വരുമ്പോള്‍ സംഭവിക്കുന്ന ജോജുവിന്‍റെ പരകായ പ്രവേശം കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. വളരെ വേഗത്തിലാണു ജോജു ചേട്ടന്‍ മറ്റൊരു കഥാപാത്രമായി മാറുന്നത്. ഓരോ കഥാപാത്രത്തെയും അതിസൂക്ഷ്മതയോടെ യാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. രണ്ട് വര്‍ഷമായി അദ്ദേഹത്തിനു കഥ അറിയാം. അതുകൊണ്ട് തന്നെ കഥയിലൂടെ ആഴത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോസ്ട്യൂം മാറി വരുമ്പോള്‍ തന്നെ ജോജു ചേട്ടന്‍ പൂര്‍ണ്ണമായും കഥാപാത്രമായി മാറിക്കഴിഞ്ഞിട്ടുണ്ടാകും.