
#ഡോ. പി.എ. സാജുദീൻ
വി.കെ. രവിവർമ തമ്പുരാൻ രചിച്ച പുതിയ നോവൽ "ഇരുമുടി' വായനയ്ക്കെടുക്കുമ്പോൾ ഏറെ ആകാംക്ഷയുണ്ടായിരുന്നു. ഒരു നോവലിന്റെ പരിസരമായി "ഇരുമുടി' മാറുമ്പോൾ എന്താകും അതിൽ നിറച്ചിരിക്കുക? എന്നാൽ അത് ഒട്ടും അപ്രതീക്ഷിതമല്ല എന്നു വായനയുടെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞു.
ഒരു ഭക്തൻ 41 ദിവസം വ്രതമെടുത്തു മലയ്ക്കു പോകുമ്പോൾ നിറയ്ക്കുന്ന ഇരുമുടിയുടെ മുൻമുടിയിൽ ഭഗവാനുള്ള നിവേദ്യവും, പിന്മുടിയിൽ ഭക്തനു വേണ്ടതുമാണു നിറയ്ക്കാറുള്ളത്. എന്നാൽ, നോവലിൽ മുൻ മുടിയിൽ അയ്യപ്പനും ശബരിമലയും തന്നെ നിറച്ച്, പിന്മുടിയിൽ ഭയങ്കരാമുടിയും അധികാര രാഷ്ട്രീയത്തിന്റെ രക്തമണമുള്ള ഭക്തന്റെ വേദനയും നിറച്ചത് യാദൃച്ഛികമല്ല, തികച്ചും ബോധപൂർവം തന്നെയാണ്.
വളരെ പരിചിതമായ ദേശങ്ങളും അതിന്റെ വർണനകളും കേട്ടറിവിനേക്കാൾ അനുഭവിച്ചറിയുന്നതിന്റെ സുഖമാണു നൽകുന്നത്. ആരാണു ശബരിമലയിലെ പ്രതിഷ്ഠ എന്നതും, തർക്കവിതർക്കങ്ങൾ കൊണ്ട് നിറഞ്ഞുനിൽക്കുന്ന വിഷയത്തിൽ ഇഷ്ടപ്പെടുന്നവർക്ക് അവരുടെ സങ്കൽപങ്ങളിൽ പതിഞ്ഞുപോയ ബിംബം അവരുടേതായി മാറുമ്പോൾ രൂപപ്പെടുന്ന പേരുകൾ അയ്യപ്പൻ, ക്ഷത്രിയൻ, മലയരയൻ, ബുദ്ധൻ, മലമ്പണ്ടാരം, ഈഴവൻ, പ്രേമക്കാരൻ, കല്യാണം കഴിച്ചവൻ, ധർമശാസ്താവിന്റെ അവതാരം, മോഹിനീസുതൻ തുടങ്ങിയ ബിംബങ്ങളായും മാറുന്നു.
രാഷ്ട്രീയ, വംശീയ ഭീകരത തീർത്ത ഇരുളിൽ മാഞ്ഞുപോയ- അല്ല, മായ്ച്ചുകളഞ്ഞ - മനുഷ്യജീവനുകളുടെ വേദനയും രോദനവും തുടക്കത്തിൽ പറഞ്ഞുപോകുന്നു. മാധ്യമപ്രവർത്തകൻ കൂടിയായ തമ്പുരാന്റെ മറ്റു നോവലുകളിൽ നിന്നും തികച്ചും ഭിന്നമായി, മനസിൽ നൊമ്പരമുളവാക്കുന്ന മുറിവിന്റെ അനുഭവമാണ് ആദ്യ മുടിയിലെങ്കിൽ, കഥ പറച്ചിലിന്റെ ഈ മുടിയിൽ അയ്യപ്പന്റെ ജീവചരിത്രം അനാവരണം ചെയ്യുന്ന രീതിശാസ്ത്രം മികവുറ്റ വായാനുഭവം നൽകുന്നു.
ഹിമാലയ യാത്രയുടെ പൊരുൾ, അനുഭവ വിവരണം, പാണ്ഡ്യ- ചോള രാജാക്കന്മാരുടെ ബദ്ധവൈരവും യുദ്ധപരതയും, അത് അവസാനിപ്പിച്ച് സമവായത്തിലൂടെയും സമന്വയത്തിലൂടെയും സമാധാനം പുനഃസ്ഥാപിച്ച് പ്രജാക്ഷേമത്തിൽ അവരെ തത്പരനാക്കുന്ന മധ്യസ്ഥനായി മാറുന്ന അയ്യപ്പൻ, അയ്യപ്പൻ മണികണ്ഠനായി മാറുന്ന ചരിത്രം, ഉദയനനന്റെ ഹിംസാത്മകമായ കിരാതഭരണവും യുദ്ധതന്ത്രങ്ങളും, അവയുടെ മേലുള്ള അയ്യപ്പന്റെ വിജയം, വൈദേശികനായ വാവരുമായുള്ള യുദ്ധം, എരുമേലിയുടെ ചരിത്രവഴിയിലെ കടന്നുവരവ്, ലോകശാന്തിക്കായി കൊട്ടാരം തമ്പുരാട്ടിയുടെ പുലിപ്പാൽ ആവശ്യം, അതിനായി പ്രസവിച്ച പുലിയുമായി കടന്നുവരുന്ന അയ്യപ്പൻ, അതിലേക്കു നയിച്ച സംഭവപരിസരം, ചീരപ്പൻചിറയുടെയും ലങ്കായാത്രയുടെയും വിവരണങ്ങൾ, പേട്ട തുള്ളൽ, ശരണമന്ത്രവും ആഴിയും പടുക്കയുമെല്ലാം രൂപീകൃതമാകുന്ന ചരിത്രം... കേട്ടുപതിഞ്ഞതെങ്കിലും, ഇവയെല്ലാം കൂടുതൽ റിയലിസ്റ്റിക്കായി ഈ നോവലിൽ കാണാൻ കഴിയും.
അയ്യപ്പൻ യുദ്ധത്തിനു നൽകുന്ന നിർവചനം തന്നെ ശ്രദ്ധേയമാണ്. ""യുദ്ധമെന്ന തന്ത്രം ആരെയും കീഴ്പ്പെടുത്താനും പിടിച്ചെടുക്കാനും കൊന്നൊടുക്കാനുമല്ല. മറിച്ച്, വലിയ യുദ്ധസന്നാഹങ്ങൾ എതിരാളിയെ യുദ്ധത്തിൽ നിന്നു പിന്തിരിപ്പിച്ച് ധർമവും സമാധാനവും പുലരാൻ കാരണമാകുന്ന തന്ത്രമെന്ന നിലയിലാണു കാണേണ്ടത്''. ഏറെ കലുഷിതമായ വർത്തമാനകാല രാഷ്ട്രീയപരിസരങ്ങളിൽ വലിയ തിരിച്ചറിവായി കാണേണ്ട പാഠമാണിത്.
മനുഷ്യനെന്ന അടിസ്ഥാന യാഥാർഥ്യത്തിൽ അവന്റെ വംശാവലിക്കോ സാമൂഹിക പശ്ചാത്തലത്തിനോ വൈജ്ഞാനിക- ഭൗതിക ആഴങ്ങൾക്കോ വലിയ പ്രാധാന്യമൊന്നുമില്ലെന്ന് ഉറപ്പിച്ചുനിർത്തുന്ന ദർശനം അയ്യപ്പന്റെ ജീവചരിത്രം ഓർമിപ്പിക്കുന്നു.
നമ്മുടെ സാമൂഹിക- ജാതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന പരിസരങ്ങളിൽ എത്തിക്കപ്പെട്ട വനവാസികളും അവരിലൂടെ രൂപപ്പെട്ട മറ്റ അധഃകൃത വിഭാഗങ്ങളും ഇഴവർ, നായർ മുതൽ വരേണ്യവിഭാഗത്തിലെ ക്ഷത്രിയരും ബ്രാഹ്മണരും വരെ നീണ്ടുകിടക്കുന്ന വ്യത്യസ്ത ജാതിവിഭാഗങ്ങൾ. വൈദേശികമായി കടന്നുവന്ന മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ. ഇവരിലെല്ലാം സ്നേഹസാഹോദര്യത്തിന്റെ ഇഴയടുപ്പം തുന്നിയെടുക്കാൻ കഴിയുന്ന വ്യത്യസ്തവും വിശാലവുമായ കാഴ്ചപ്പാടിന്റെ പ്രതിപുരുഷനായി, സർവസാഹോദര്യത്തിന്റെ പ്രതിബിംബമായി അയ്യപ്പൻ ധർമശാസ്താവിൽ വിലയം പ്രാപിക്കുന്നു. അപ്പോൾ, എല്ലാ ജാതി- മത- വർഗ- വർണ അതിർവരമ്പുകളും ഒന്നായി ചേർന്ന "തത്ത്വമസി' എന്ന സങ്കൽപത്തിൽ ലയിച്ചുചേരുന്ന അനുഭവമായി "ഇരുമുടി' വായന നമ്മെ എത്തിക്കുന്നു. അയ്യപ്പചരിതം ഗവേഷണാത്മക പഠനവിഷയമായി എടുക്കുന്ന ഏതൊരാൾക്കും അടിസ്ഥാന റഫറൻസ് ഗ്രന്ഥമായി പരിഗണിക്കാവുന്നതാണ് "മലയാള മനോരമ' ബുക്സ് പ്രസിദ്ധീകരിച്ച രവിവർമ തമ്പുരാന്റെ ഈ മികച്ച രചന.
കഥ പറയുന്ന രീതിയും കടന്നുവരുന്ന സംഭവങ്ങളും വായനാ അനുഭവത്തിൽ ഒട്ടും വിരസമാകുന്നില്ല. രാഷ്ട്രീയ- വംശീയ ഭീകരത തീർത്ത ഇരുളിൽ മായ്ച്ചുകളഞ്ഞ മനുഷ്യജീവനുകളുടെ രോദനവും വേദനയും ഈ നോവലിന്റെ തുടക്കത്തിലേ തന്നെ പറഞ്ഞുവയ്ക്കുമ്പോൾ അതു വായനക്കാരന്റെ മനസിൽ നൊമ്പരമുളവാക്കുന്ന മുറിവായും, കനലായെരിയുന്ന അനുഭവമായും മാറും.
(കേരള ഹയർ സെക്കൻഡറി ഡയറക്റ്ററേറ്റിൽ മുൻ അക്കാദമിക് ജോയിന്റ് ഡയറക്റ്ററും ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പലുമാണ് ലേഖകൻ).