

ഇഷാൻ ഖട്ടർ
മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള നടനാണ് ഇഷാൻ ഖട്ടർ. താരം പ്രധാന വേഷത്തിലെത്തിയ നീരജ് ഗയ്‌വാന്‍റെ ഹോം ബൗട്ട് എന്ന ചിത്രം ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിശ്ര വിവാഹിതരായ മാതാപിതാക്കളുടെ മകനായി ജനിച്ചത് തന്നെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
നടി നീലിമ അസീമിന്‍റേയും രാജേഷ് ഖട്ടറിന്‍റേയും മകനാണ് ഇഷാൻ ഖട്ടർ. അമ്മ മുസ്ലീം മത വിശ്വാസിയും അച്ഛൻ ഹിന്ദു മത വിശ്വാസിയുമാണ്. എല്ലാ വിശ്വാസങ്ങളും സംസ്കാരങ്ങളും ഉൾക്കൊണ്ടാണ് താൻ വളർന്നത് എന്നാണ് ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ ഇഷാൻ ഖട്ടർ പറയുന്നത്.
ഇന്ത്യ എന്ന ഐഡിയ തനിക്ക് സാംസ്കാരികവും മതപരവുമായ സമന്വയമാണ് എന്നാണ് താരം പറഞ്ഞത്. അങ്ങനെയൊരു വീട്ടിൽ ജനിച്ച് വളർന്നതിനാൽ വളരെ തുറന്നതും മതേതരവും സ്വതന്ത്രവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഞാൻ അമ്പലത്തിലും മുസ്ലീം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും പോകാറുണ്ട്. എല്ലാ മതങ്ങളും വിശ്വാസവും സംസ്കാരവും ചേർന്ന സൗന്ദര്യത്തെയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഇഷാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ യഥാർത്ഥ ശക്തി ഈ വൈവിദ്യമാണ് എന്നാണ് താരം പറയുന്നത്. പല വിശ്വാസത്തിലും സംസ്കാരത്തിലുമുള്ളവർ ഒന്നിച്ചെത്തി അവരുടേതായ രീതിയിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ് രാജ്യം ഇത്തരത്തിൽ മുന്നേറുന്നതെന്നും ഇഷാൻ കൂട്ടിച്ചേർത്തു.