നിയമതടസം നീങ്ങി; സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് ജനനായകൻ നിർമാതാക്കൾ

ഹർജി പിൻവലിക്കാൻ അനുമതി നൽകിയത് മദ്രാസ് ഹൈക്കോടതി
Jananayakaan producers withdraw petition against censor board

സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് ജനനായകൻ നിർമാതാക്കൾ

Updated on

ചെന്നൈ: വിജയ് ചിത്രം ജനനായകൻ വിവാദത്തിൽ സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചൊവ്വാഴ്ച രാവിലെയാണ് ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ച് കേസ് പരിഗണിച്ചത്. കേസ് പിൻവലിച്ചതോടെ ചിത്രവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ അവസാനിച്ചു. സെൻസർ ബോർഡിന്‍റെ റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമാതാക്കൾക്ക് ചിത്രം പ്രദർശത്തിനെത്തിക്കാൻ സാധിക്കും.

സെൻസർ ബോർഡിന്‍റെ തീരുമാനത്തിനെതിരേ സമർപ്പിച്ച റിട്ട് ഹർജി പിൻവലിക്കാൻ അനുവദിത്തണമെന്ന് ആവശ്യപ്പെട്ടാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ട ബോർഡിന്‍റെ നടപടിയെ ചോദ്യം ചെയ്തായിരുന്നു നിർമാതാക്കൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. നിർമാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിജയൻ സുബ്രഹ്മണ്യൻ ഹർജി പിൻവലിക്കാൻ അനുമതി തേടി കോടതിക്ക് കത്ത് നൽകുകയായിരുന്നു. എച്ച്.വിനോദ് സംവിധാനം ചെയ്ത ചിത്രം ജനുവരി ഒൻപതിന് പൊങ്കലിന് റിലീസ് ചെയ്യേണ്ടതായിരുന്നു. സെൻസർ ബോർഡുമായുള്ള നിയമതർക്കം കാരണം റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയ്ക്ക് യു/ എ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. വീണ്ടും നിയമപോരാട്ടം തുടരുന്നത് റിലീസിനെ ബാധിക്കുമെന്നതിനാലാണ് ഹർജി പിൻവലിച്ച് സെൻസർ ബോർഡിന്‍റെ റിവൈസിങ് കമ്മിറ്റിക്ക് വിട്ടുനൽകാൻ നിർമാതാക്കൾ തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com