"ആ നാണക്കേട് എനിക്കൊപ്പം എന്നുമുണ്ടാകും": പെദ്ദിയിലെ കഥാപാത്രത്തെക്കുറിച്ച് ജാൻവി കപൂർ

നടിയെ സ്ത്രീവിരുദ്ധമായും ലൈംഗികച്ചുവയോടെയും അവതരിപ്പിച്ചു എന്നായിരുന്നു വിമർശനം
janhvi kapoor about peddi character

ജാൻവി കപൂർ

Updated on: 

രാം ചരൺ നായകനായി എത്തിയ പെദ്ദിയിലെ ജാൻവി കപൂറിന്‍റെ കഥാപാത്രവുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയർന്നുവന്നത്. നടിയെ സ്ത്രീവിരുദ്ധമായും ലൈംഗികച്ചുവയോടെയും അവതരിപ്പിച്ചു എന്നായിരുന്നു വിമർശനം. ഇപ്പോൾ അതിൽ പ്രതികരണവുമായി ജാൻവി കപൂർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ കഥാപാത്രത്തിലൂടെ തനിക്കുണ്ടായ അപമാനം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടാകും എന്നാണ് നടി പറഞ്ഞത്. ഇനി ഇത്തരത്തിലുള്ള കഥാപാത്രം അവതരിപ്പിക്കില്ലെന്നും ജാൻവി കൂട്ടിച്ചേർത്തു.

കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ എന്ന ടോക് ഷോയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ജാൻവിയുടെ പ്രതികരണം. എങ്ങനെയാണ് പെദ്ദി വിമർശനങ്ങളെ നേരിട്ടത് എന്ന കരണിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. " ആ കഥാപാത്രത്തേക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ഫീൽ ചെയ്തിരുന്നു. ഒരുപാട് ആളുകളുടെ ഹാർഡ് വർക്ക് ആയതുകൊണ്ട് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. അത് എനിക്കുള്ളിൽ വലിയ ഭാരമായി നിന്നു. അത്തരം രംഗങ്ങൾ സമൂഹത്തെ മോശമായി സ്വാധീനിക്കും. പ്രത്യേകിച്ച് സ്ത്രീകളിൽ. ആ നാണക്കേട് എന്നും എനിക്കൊപ്പമുണ്ടാകും.- ജാൻവി പറഞ്ഞു.

അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിനു മുൻപ് ഞാൻ ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ എന്ന് ചോദിച്ചാൽ നൂറ് ശതമാനവും ശ്രദ്ധിക്കണമായിരുന്നു എന്നാണ് ഉത്തരം. അത് എക്സ്ട്രീം ഒബ്ജക്റ്റിഫിക്കേഷനാണോ? സ്ത്രീകൾക്ക് എതിരായ അതിക്രമത്തെ പ്രോത്സാഹിപ്പിക്കുമോ എന്ന് ചോദിച്ചാൽ അതെ എന്നാണ് ഉത്തരം. ഇനി ഇങ്ങനെ യൊന്നും സംഭവിക്കില്ല എന്ന് പറയാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ- നടി വ്യക്തമാക്കി.

തെന്നിന്ത്യൻ സിനിമയിലെ രീതിയെക്കുറിച്ച് ജാൻവി വ്യക്തമാക്കി. തെന്നിന്ത്യൻ സിനിമയിൽ പൂർണമായ തിരക്കഥയുണ്ടാവുക വളരെ വിരളമായിട്ടാണ് എന്നാണ് ജാൻവി പറയുന്നത്. ക്യാമറ ആങ്കിൽ എന്താണെന്നോ ഒന്നും അറിയാൻ കഴിയില്ല. താൻ വളരെ പ്രിവിലേജുള്ള സ്ഥലത്തു നിന്നാണ് വരുന്നതെന്നും അത് താൻ പ്രയോജനപ്പെടുത്തണമായിരുന്നു എന്നും ജാൻവി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com