Keiko Nakahara

കെയ്കോ നകഹാര

കള്ളം പറഞ്ഞ് കടൽ കടന്ന പെൺകുട്ടി, ഇപ്പോൾ ബിഗ് ബജറ്റ് സിനിമാറ്റൊഗ്രഫർ!

ഹോളിവുഡിലും ബോളിവുഡിലും ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച കെയ്കോ നകഹാരയുടെ ആദ്യ മലയാള ചിത്രമായ 'വടക്കൻ' മാർച്ച് 7ന് റിലീസ് ചെയ്യും

ഉസ്താദ് ഹോട്ടലിൽ എംബിഎ പഠിക്കാൻ സ്വിറ്റ്സർലൻഡിൽ പോയി ഷെഫായി തിരിച്ചുവന്ന ഫൈസിയെപ്പോലെയായിരുന്നു കെയ്കോ നകഹാര.

''ഇംഗ്ലിഷ് പഠിക്കണം, ലിഗ്വിസ്റ്റാകണം...'', അതാണ് ആ ജാപ്പനീസ് പെൺകുട്ടി അന്ന് അച്ഛനോടും അമ്മയോടും പറഞ്ഞത്. ആഗ്രഹത്തിനൊപ്പം നിന്ന കുടുംബത്തിന്‍റെ പിന്തുണയോടെ കെയ്കോ യുഎസിലെത്തി. പക്ഷേ, ഏറെ നാളായി ഉള്ളിൽ കൊണ്ടുനടന്ന പാഷൻ പിന്തുടരാൻ തീരുമാനിച്ചുറപ്പിച്ചായിരുന്നു ആ യാത്ര. സിനിമ പഠിക്കാൻ കാലിഫോർണിയയിലെ സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. സ്വപ്നങ്ങള്‍ക്ക് പിറകെയുള്ള കെയ്കോയുടെ യാത്രയുടെ തുടക്കം അതായിരുന്നു.

സംവിധാനമോ ക്യാമറയോ സ്ക്രിപ്റ്റോ..., സിനിമയുടെ ഏത് മേഖല തെരഞ്ഞെടുക്കണം എന്നതായിരുന്നു പിന്നീടുള്ള ചോദ്യം. പഠനത്തിന്‍റെ ഭാഗമായി ഫിലിം ക്യാമറ തോളിലെടുത്തു വച്ച നിമിഷം അവള്‍ ഉറപ്പിച്ചു, ''ഇതാണ് ഇനി എന്‍റെ കരിയർ''.

ആ ദൃഢനിശ്ചയം സഫലമാക്കുന്നതായിരുന്നു പിന്നീട് അവളുടെ യാത്രകള്‍. ഏതാനും ഹോളിവുഡ് സിനിമകളിൽ സഹായിയായി തുടക്കം. കെയ്കോ സ്വതന്ത്രമായി ഛായാഗ്രഹണം നിർവഹിച്ച ആദ്യ ചിത്രത്തിൽ പ്രിയങ്ക ചോപ്രയായിരുന്നു നായിക- ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോമിന്‍റെ ബയോപിക് ആയിരുന്നു അത്. മേരി കോം എന്നു തന്നെ പേരിട്ട ആ സിനിമയുടെ വൻ വിജയത്തോടെ ബോളിവുഡിൽ അവൾ ചുവടുറപ്പിച്ചു, പിന്നെ നിരവധി ബിഗ് ബജറ്റ് സിനിമകൾ.

അജയ് ദേവ്‍ഗണിന്‍റെ 'തൻഹാജി' അടക്കം ഒട്ടേറെ സിനിമകള്‍ ക്യാമറയിൽ ഒപ്പിയെടുത്ത കെയ്കോ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. കെയ്കോ നകഹാര ഛായാഗ്രഹണം നിർവഹിച്ച ആദ്യ മലയാള സിനിമയായി തിയെറ്ററുകളിലെത്തുകയാണ് ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലർ 'വടക്കൻ'. മാർച്ച് ഏഴിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

1. തനേഗാഷിമ ദ്വീപിൽ നിന്ന് സിനിമയിലേക്ക്

Tanegashima, Japan

തനേഗാഷിമ, ജപ്പാൻ

ജപ്പാനിലെ തനേഗാഷിമ എന്ന കൊച്ചു ദ്വീപിലാണ് കെയ്കോ നകഹാരയുടെ ജനനം. 57 കിലോമീറ്റ‍ർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള വലിയൊരു തുരുത്ത്, അവിടത്തെ ജനസംഖ്യ കേവലം 33,000 മാത്രം. അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം. ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിലെ ഉദ്വേഗസ്ഥനായിരുന്നു കെയ്കോയുടെ അച്ഛൻ. അച്ഛന്‍റെ ജോലിയുടെ സ്വഭാവം മൂലം ജപ്പാനിൽ പലയിടങ്ങളിൽ മാറി മാറിയായിരുന്നു കെയ്കോയുടെ കുടുംബം താമസിച്ചിരുന്നത്. അതിനാൽ തന്നെ യാത്രകളെ കെയ്കോ ഏറെ സ്നേഹിച്ചു. പുതിയ പുതിയ ആളുകള്‍, സംസ്കാരങ്ങള്‍, അനുഭവങ്ങള്‍ തുടങ്ങിയവയിലേക്കെത്താൻ അവളുടെ മനസ് കൊതിച്ചു.

2. പ്രിയങ്ക ചോപ്രയും മേരി കോമും

Priyanka Chopra in Mary Kom biopic

മേരി കോം ബയോപിക്കിൽ പ്രിയങ്ക ചോപ്ര

സാൻ ഡീഗോ യൂണിവേഴ്സിറ്റിയിലെ പഠനത്തിനു ശേഷം ലോസ് ആഞ്ചലസിൽ എട്ട് വർഷം ഹോളിവുഡ് സിനിമകൾക്കൊപ്പം പ്രവർത്തിച്ചിരുന്നു കെയ്കോ. മേരി കോം ചെയ്യാൻ മുംബൈയിലെത്തുമ്പോൾ ഉണ്ടായ കൾച്ചറൽ ഷോക്ക് അതിന്‍റെ ഫലമായിരുന്നു. എരിവും പുളിയുമൊക്കെ ഏറിയ ഇന്ത്യൻ ഭക്ഷണത്തോടുള്ള പേടി മൂലം വാഴപ്പഴവും കുക്കീസും മാത്രമായിരുന്നു മിക്ക ദിവസങ്ങളിലും കഴിച്ചിരുന്നത്. പക്ഷേ, തന്‍റെ പാഷനായ സിനിമാറ്റൊഗ്രഫി അത്തരം ബുദ്ധിമുട്ടുകൾക്കെല്ലാം മുകളിലാണ് അവൾക്ക്.

മേരി കോം സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മൂന്ന് ദിവസം മുൻപായിരുന്നു, സിനിമയുടെ പ്രധാന സിനിമറ്റോഗ്രഫർ കെയ്കോ ആയിരിക്കുമെന്ന തീരുമാനമായത്. അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു. ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്. സ്ക്രിപ്റ്റൊക്കെ വായിച്ച് സീൻ പ്രിപ്പയർ ചെയ്യുന്ന തിരക്ക്. ഷൂട്ടിന്‍റെ സമയങ്ങളിലാണ് പ്രിയങ്ക ചോപ്രയുമായി അടുത്തു പരിചയമാകുന്നത്. പിന്നീട് അതൊരു ആത്മബന്ധമായി വളർന്നു.

Keiko Nakahara with Anupam Kher

അനുപം ഖേറിനൊപ്പം കെയ്കോ നകഹാര

സിനിമാ മേഖലയിൽ തന്നെ ഏറ്റവും സ്വാധീനിച്ചയാള്‍ റോജർ ഡിക്കൻസ് ആണെന്ന് കെയ്കോ പറയും. പിന്നെ ജപ്പാനിലെ ഒരു വനിതാ സിനിമാറ്റൊഗ്രാഫറും. 70 വയസുള്ള അവർ ഇപ്പോഴും ബിഗ് ബജറ്റ് ജാപ്പനീസ് സിനിമകള്‍ ഒരുക്കുന്നുണ്ട്.

കെയ്കോയ്ക്ക് ഇപ്പോൾ 47 വയസായി. 20 വർഷത്തോളമായി സിനിമാറ്റൊഗ്രഫി മേഖലയിൽ. ഈ കരിയർ തുടങ്ങിയ ശേഷം കൂടുതലും ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ ഭാഗമായാണ് പ്രവർത്തിച്ചത്. ആദ്യമായി ഒരു ജപ്പാൻ സിനിമയ്ക്കുവേണ്ടി ഇപ്പോൾ വർക്ക് ചെയ്യാനൊരുങ്ങുന്നു. ആദ്യമായി ഹോം കൺട്രിയിൽ ഒരു സിനിമയുടെ ഭാഗമാകുന്നതിന്‍റെ ത്രില്ലിലാണിപ്പോൾ.

3. കള്ളം പറഞ്ഞ് കടൽ കടന്ന്...

ചെറുപ്പം മുതൽ കണ്ട സിനിമകളാണ് തനിക്കുള്ളിൽ ഇത്തരത്തിലൊരു പാഷൻ കൊണ്ടുവന്നത് എന്ന് കെയ്കോ ഓർക്കുന്നു. പക്ഷേ, ഫിലിം മേക്കറാകാൻ എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. വീട്ടിൽ ആർക്കും സിനിമയുമായി ബന്ധമില്ലല്ലോ. അങ്ങനെയാണ് ഒടുവിൽ എങ്ങനെയെങ്കിലും അമെരിക്കയിലെത്തണമെന്ന ചിന്തയുണർന്നത്. വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ പിരിഞ്ഞ് പോകുന്നത് കുറച്ച് വിഷമിപ്പിച്ചിരുന്നു. എങ്കിലും ആഗ്രഹങ്ങള്‍ നേടിയെടുക്കാൻ തന്നെ കെയ്കോ ഉറപ്പിക്കുകയായിരുന്നു. തന്‍റെ സ്വപ്നം വീട്ടിൽ പറഞ്ഞാൽ ശരിയാവില്ലെന്ന തോന്നലിലാണ്, ലിഗ്വിസ്റ്റ് ആകണമെന്നും ട്രാൻസ്ലേറ്ററാകാൻ ഇംഗ്ലിഷ് പഠിക്കണമെന്നുമൊക്കെ വീട്ടിൽ നുണ പറഞ്ഞത്. താൻ ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകയായ മേരി കോം സിനിമയുടെ റിലീസിന്‍റെ സമയത്താണ്, താൻ പഠിച്ചതും പ്രവർത്തനമേഖലയുമെല്ലാം വീട്ടുകാർക്കു മുന്നിൽ വെളിപ്പെടുത്തുന്നത്.

ഫിലിം മേക്കിങ് കഴിഞ്ഞാൽ ഫാമിലിയാണ് കെയ്കോയുടെ പ്രയോറിറ്റി. ഒരു മകനുണ്ട്, കുറച്ച് ഫ്രണ്ട്സും. സോഷ്യൽ മീഡിയ പേഴ്സണല്ല, ഇൻസ്റ്റഗ്രാമിലും മറ്റും സമയം കളയാനില്ല, ലൈഫ് എൻജോയ് ചെയ്യുന്നു, ഇപ്പോൾ നയിക്കുന്നത് പീസ്ഫുൾ ലൈഫാണ് എന്നാണ് കെയ്കോയുടെ പക്ഷം.

4. വടക്കൻ എന്ന വിസ്മയം

'വടക്കൻ' സിനിമയുടെ ഷൂട്ടിനോടനുബന്ധിച്ചാണ് കെയ്കോ ആദ്യമായി കേരളത്തിൽ വന്നത്. സിനിമയുടെ പ്രധാന ലൊക്കേഷനായ വാഗമണിന്‍റെ മനോഹാരിതയെക്കുറിച്ചു പറയുമ്പോള്‍ കെയ്കോയ്ക് നൂറ് നാവാണ്. 20 വർഷത്തെ കരിയറിൽ താൻ കണ്ട ഏറ്റവും മികച്ച ലൊക്കേഷൻ ഇതാണെന്നാണ് അവർ പറയുന്നത്. ഇത്രയും നാളത്തെ കരിയറിൽ താൻ കണ്ട മികച്ച സംവിധായകൻ വടക്കൻ സിനിമയുടെ സംവിധായകനായ സജീദ് ആണെന്നും അവരുടെ സാക്ഷ്യം.

കേരളത്തിലെ ഭക്ഷണം ഏറെ ആസ്വദിച്ചു, സിനിമാലോകത്ത് എത്തിയിട്ട് ആദ്യമായി ക്രൂവിനോടൊപ്പം താൻ ഭക്ഷണം കഴിച്ചത് ഇവിടെ വന്നപ്പോഴാണെന്നും അവർ ഓർക്കുന്നു. വടക്കനു വേണ്ടി ഇൻഫ്രാറെഡ് ക്യാമറയും ലൈറ്റിങ്ങും ഉപയോഗിച്ചുള്ള ഷൂട്ടിങ് പുതിയൊരു അനുഭവമായിരുന്നു. ഇതുവരെ ചെയ്ത സിനിമകളിൽ വടക്കന്‍റേത് ചലഞ്ചിങ് സിനിമാറ്റൊഗ്രഫിയായിരുന്നുവെന്നാണ് കെയ്കോയ്ക്ക് പറയാനുള്ളത്.

''ഒരു പാറയിടുക്കിൽ ചൂട്ട് കത്തിച്ചുള്ള അരണ്ട വെളിച്ചത്തിൽ കിഷോർ നഗ്നപാദനായി ചുവടുവയ്ക്കുന്ന രംഗം ഷൂട്ട് ചെയ്തിരുന്നു. തീയുടെ ചൂടും പുകയുമൊക്കെയായി ഒരു പ്രത്യേക സാഹചര്യമായിരുന്നു. ക്യാമറ ചെയ്യുന്ന ഞാൻ മാസ്ക് ധരിച്ചിരുന്നു. പക്ഷേ കിഷോറിന് അത് പറ്റില്ലല്ലോ, അദ്ദേഹത്തിന്‍റെ ഡെഡിക്കേഷൻ അസാധ്യമായിരുന്നു. അതുപോലെ ശ്രുതിയുടെ പെർഫോമൻസും സമാനതകളില്ലാത്തതായിരുന്നു'', കെയ്കോ പറയുന്നു.

ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കൻ' ഒരുക്കിയിരിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ഉണ്ണി ആറിന്‍റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം 'വടക്കനി'ൽ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് ഒരുക്കുന്നത്.

കിഷോറിനെയും ശ്രുതിയെയും കൂടാതെ മെറിൻ ഫിലിപ്പ്, മാല പാർവതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com