

ദുൽഖർ സൽമാൻ, ജെയ്സൺ സഞ്ജയ്, നസ്ലിൻ
അച്ഛനും പിന്നാലെ സിനിമയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് വിജയ്‌യുടെ മകൻ ജേസൺ വിജയ്. നടൻ എന്ന നിലയിൽ അല്ല സംവിധായകനായാണ് ജേസൺ അരങ്ങേറ്റം കുറിക്കുന്നത്. ജേസണിന്‍റെ അദ്യ സിനിമയായ സിഗ്മ റിലീസിന് ഒരുങ്ങുകയാണ്. സിഗ്മയുടെ പ്രൊമോഷൻ ചടങ്ങിനിടെ മലയാള സിനിമയിലെ തന്‍റെ ഇഷ്ട താരങ്ങൾ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജേസൺ.
മോഹൻലാലിനെയും മമ്മൂട്ടിയെയും ഇഷ്ടമാണെന്നും എന്നാൽ കൂടുതൽ ഇഷ്ടം ദുൽക്കർ സൽമാനെയും നസ്ലിനെയുമാണ് എന്നാണ് ജേസൺ പറഞ്ഞത്. മലയാളത്തിലെ ഇഷ്ട നടൻ ആരാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
ഒരുപാട് പേരെ ഇഷ്ടമാണ്. ദുൽക്കർ സൽമാനെ ഇഷ്ടമാണ്. അടുത്തിടെയായി നസ്ലിനെയും ഇഷ്ടമാണ്. മോഹൻലാൽ സാറിനെയും മമ്മൂട്ടി സാറിനെയും വളരെ ഇഷ്ടമാണ്- ജേസൺ പറഞ്ഞു.
അടുത്തിടെ കണ്ടതിൽ മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് എന്നും ജേസൺ വെളിപ്പെടുത്തി. നസ്ലിനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് ഇഷ്ടപ്പെട്ടു എന്നാണ് ജേസൺ പറയുന്നത്. സിനിമയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായതുകൊണ്ടായിരിക്കും തനിക്ക് ഇഷ്ടപ്പെട്ടതെന്നും ജേസൺ കൂട്ടിച്ചേർത്തു.