അകാലത്തിൽ കൊഴിഞ്ഞ ചിരിവസന്തം

അകാലത്തിൽ കൊഴിഞ്ഞ ചിരിവസന്തം

അജീന പി. എ

അരങ്ങിലായിരുന്നു സുബിയുടെ അഭിനയത്തിന്‍റെ മികവു തെളിഞ്ഞത്. അവതരണത്തിലെ അസാമാന്യമായ കൈയടക്കവും, ഹാസ്യവും കൊണ്ട് ആസ്വാദകരെ രസിപ്പിച്ച അഭിനേത്രി. സ്റ്റേജ് പരിപാടികൾ സുബിയെ ശ്രദ്ധേയമാക്കി. മലയാള കലാലോകം സുബിക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ, അകാലത്തിൽ വിടപറഞ്ഞ കലാകാരിയുടെ ഓർമകൾ പങ്കുവയ്ക്കുന്നു നടനും അവതാരകനുമായ ജയരാജ് വാര്യർ.

'കെപിഎസി ലളിത ചേച്ചിയുടെ ഒന്നാം ഓർമ ദിനമാണിന്ന്, അന്ന് തന്നെ മറ്റൊരു അഭിനേത്രി വിടവാങ്ങുന്നു', ജയരാജ് വാര്യർ പറയുന്നു. സുബിയുടെ വിയോഗവാർത്ത അറിഞ്ഞ നിമിഷം മനസിൽ ഓടിയെത്തിയത് ഒന്നിച്ചു പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലെ ഓർമകളാണ്. സുബിയുമായുള്ള സൗഹൃദത്തിന്‍റെ അരങ്ങൊരുങ്ങിയതും സ്റ്റേജ് ഷോകളിലൂടെ തന്നെ. മാസങ്ങളോളം അമെരിക്കയിലും ദുബായിലും സ്റ്റേജ് ഷോകളിൽ പങ്കെടുക്കാൻ ഒരുമിച്ചുണ്ടായിരുന്നു. നിർഭാഗ്യവശാൽ, ഒരു വേദിയിൽ പോലും ഒരുമിച്ചെത്താൻ കഴിഞ്ഞില്ല, ജയരാജ് വാര്യർ പറയുന്നു.

ടെലിവിഷൻ ഷോകളിലും അരങ്ങിലുമാണ് സുബിയുടെ പ്രതിഭ തെളിഞ്ഞത്. അവരുടെ വേദികളിലെ നർമ്മം ജനം ആസ്വദിച്ചു. കൊച്ചു ‌കുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ രസിപ്പിച്ച അവതരണമായിരുന്നു സുബിയുടേത്. മൗലികമായ നർമ്മത്തിനുടമയായ കുട്ടിയായിരുന്നു. വളരെ ക്ഷിപ്രസാധ്യമായി നർമ്മം കൈകാര്യം ചെയ്തു. മറ്റൊരാൾ പറയുന്നതു അനുകരിക്കുന്നതാണ് അനുകരണകലയെങ്കിലും, സുബിയുടേതു മറ്റൊരാളുടെ നർമ്മം കടമെടുക്കുന്ന രീതിയായിരുന്നില്ല. പെട്ടെന്ന് പൊട്ടിച്ചിരിക്കുകയും അതേസമയം തന്നെ പ്രയാസങ്ങളോർത്തു കരയുകയും ചെയ്യുമായിരുന്നു, ജയരാജ് വാര്യർ ഓർക്കുന്നു.

ഹ്യൂമർ വേൾഡിനൊരു തീരാനഷ്ടമാണ് സുബിയുടെ വിയോഗം. നമ്മുടെ ജീവിതത്തിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമൊക്കെ മറക്കുന്നത് ഹാസ്യത്തിലൂടെയാണ്. ഈ വിയോഗത്തോടെ ഞങ്ങൾ സഹപ്രവർത്തകർക്ക് ന‍ഷ്ട്ടപ്പെടുന്നത് കലാകാരിയെക്കാൾ അടുത്ത സുഹൃത്തിനെയാണ്. അത്രയ്ക്ക് സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു അവർ, ജയരാജ് വാര്യർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com