11 വർഷത്തെ ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വേർപിരിയൽ വാർത്ത ജീവ പുറത്തുവിട്ടത്
Jeeva confirms separation from Aparna Thomas

അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Updated on

അപർണ തോമസുമായുള്ള വേർപിരിയൽ സ്ഥിരീകരിച്ച് നടനും അവതാരകനുമായ ജീവ ജോസഫ്. 11 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞ് പോകാൻ തീരുമാനിച്ചതായി ജീവ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വേർപിരിയലിന്‍റെ കാരണം തികച്ചും വ്യക്തിപരമാണെന്നും ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യം പങ്കുവയ്ക്കുന്നത് തനിക്ക് എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞാണ് ജീവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ആരംഭിച്ചത്. തന്‍റെ കരിയറിലൂടെയും സന്തോഷങ്ങളിലൂടെയും പ്രയാസകരമായ നിമിഷങ്ങളിലൂടെയും ജീവിതത്തിലെ മറ്റ് ഘട്ടങ്ങളിലൂടെയും ഒപ്പമുണ്ടായിരുന്ന ആരാധകർ ഈ വിവരം നേരിട്ട് തന്നിൽനിന്ന് അറിയാൻ അർഹരാണെന്ന് തോന്നിയതിനാലാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദമ്പതികളെന്ന നിലയിൽ തങ്ങളെ ഒരുപാട് പേർ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഇനി അത് ‘ഞങ്ങൾ’ എന്ന നിലയിലല്ലെന്നും ജീവ വ്യക്തമാക്കി. “ഇനി അത് ‘ഞങ്ങൾ’ അല്ല, ജീവയും അപർണയും മാത്രമാണ്,”- എന്നാണ് അദ്ദേഹം കുറിച്ചത്.

11 വർഷത്തെ ദാമ്പത്യത്തിന് ശേഷം തങ്ങൾ വ്യത്യസ്ത വഴികളിലേക്ക് പോകുകയാണ്. “എവിടെയോ എന്തോ തെറ്റിപ്പോയി. ഇനി ഇത് മുന്നോട്ട് പോകില്ലെന്ന സത്യം ഞങ്ങൾ അംഗീകരിക്കുകയാണ്” എന്നും ജീവ പറഞ്ഞു. ഇരുവരും പരസ്പരം ആലോചിച്ചാണ് വേർപിരിയാനുള്ള തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.

വേർപിരിയലിന്‍റെ കാരണം തികച്ചും വ്യക്തിപരമാണെന്നും ജീവ വ്യക്തമാക്കി. ഈ തീരുമാനം വളരെ വ്യക്തിപരമായ ഒന്നാണെന്നും അതിനാൽ ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ തങ്ങൾക്ക് സ്വകാര്യത നൽകണമെന്നും അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചു.

തങ്ങൾ ഈ തീരുമാനം പക്വതയോടെയാണ് സ്വീകരിച്ചതെന്നും ആരാധകരും ഇതിനെ അതേ പക്വതയോടെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ജീവ പറഞ്ഞു. “എല്ലാം ഒരു കാരണത്താലാണ് സംഭവിക്കുന്നത് എന്നാണ് പറയാറുള്ളത്. ഞാനും അതിൽ ശരിക്കും വിശ്വസിക്കുന്നു” എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

അപർണ തോമസിന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. വിവാഹവാർഷികത്തെക്കുറിച്ചുള്ള ആരാധകന്‍റെ ചോദ്യത്തിന് അപർണ നൽകിയ ‘അതൊക്കെ പണ്ട്’ എന്ന മറുപടി വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വേർപിരിയൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ജീവയുടെ ഔദ്യോഗിക സ്ഥിരീകരണം.

2015ലാണ് ജീവയും അപർണ തോമസും വിവാഹിതരായത്. ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന ഇരുവരും സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ശ്രദ്ധേയരായ താരദമ്പതികളായിരുന്നു.

logo
Metro Vaartha
www.metrovaartha.com