

''കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു, ഇതാണോ പ്രബുദ്ധ കേരളം'': നാട്ടുകാരുടേത് ക്രിമിനൽ ആക്റ്റിവിറ്റിയെന്ന് ജിഷിൻ
മദ്യ ലഹരിയിൽ വാഹനമോടിച്ച് കാൽനട യാത്രക്കാരനെ ഇടിച്ചിടുകയും നാട്ടുകാരോടും പൊലീസിനോടും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു അറസ്റ്റിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട സിദ്ധാർഥിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന്‍റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജിഷിൻ മോഹൻ.
ഒരാളെ വലിച്ചിഴച്ചും ശ്വാസം മുട്ടിച്ചുമല്ല പ്രതികരിക്കേണ്ടതെന്നും നാട്ടുകാരുടേത് ക്രിമിനൽ ആക്ടിവിറ്റിയാണെന്നുമാണ് ജിഷിൻ വിമർശിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്ന ആദ്യത്തെ ആളല്ല സിദ്ധാർഥ്. പൊലീസിൽ ഏൽപ്പിക്കുന്നതിന് പകരം നാട്ടുകാർ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാല് കെട്ടിയിടുകയുമാണ് ചെയ്തത്. ഇതാണോ പ്രബുദ്ധ കേരളം. മധുവിനെ തല്ലിക്കൊന്നപ്പോൾ കുറേ പേർ പരിതപിച്ചിരുന്നു. ഇപ്പോൾ ആർക്കും പരിതാപമൊന്നുമില്ലെന്നും അവൻ ആർട്ടിസ്റ്റും സെലിബ്രിറ്റിയും ആയതാണ് കാരണമെന്നും ജിഷിൻ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജിഷിന്‍റെ പ്രതികരണം.
"നമ്മുടെ സഹപ്രവർത്തകൻ സിദ്ധാർഥ് മദ്യപിച്ച് വണ്ടിയോടിച്ച്, ആ വണ്ടിയൊരാളെ തട്ടി. ഇതിനെ ന്യായീകരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നില്ല. ഇതിൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായിട്ട് തോന്നി. ഇവർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റിയാണ്. മദ്യപിച്ചയാളെ പൊലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്. നാട്ടുകാർ ഇവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ കേരളം, ഇതാണോ പ്രബുദ്ധകേരളം?മധുവിനെ തല്ലിക്കൊന്നപ്പോൾ കുറേപേർ പരിതപിച്ചിരുന്നു. എവിടെ പരിതാപമൊന്നുമില്ലേ ആർക്കും. എന്തേ, കാരണം അവൻ ആർടിസ്റ്റാണ്, സെലിബ്രിറ്റിയാണ്." ജിഷിൻ പറയുന്നു.
ജിഷിന്‍റെ വിഡിയോയ്ക്ക് താഴെ വൻ വിമർശനമാണ് ഉയരുന്നത്. മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ ഇടിച്ചിടുകയല്ല മധു ചെയ്തത് എന്നാണ് ആളുകളുടെ കമന്‍റ്. സെലിബ്രിറ്റികൾ ചെയ്യുന്ന വൃത്തികേടുകളെല്ലാം ആളുകൾ കണ്ടു നിൽക്കണോ എന്നും ചോദിക്കുന്നവരുണ്ട്. ബുധനാഴ്ച്ച രാത്രി എംസി റോഡിൽ നാട്ടകം ഗവ കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്. കോട്ടയം ഭാഗത്ത് നിന്നെത്തിയ വാഹനം നിയന്ത്രണം വിട്ട് ലോട്ടറി വിൽപനക്കാരനെ ഇടിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സിദ്ധാഥിനെ കസ്റ്റഡിയിലെടുക്കുകയും വ്യാഴാഴ്ച്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.