

ജിത്തു മാധവനും ഷിഫിന ബബിൻ പക്കറും
തൊടുന്നതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ജിത്തു മാധവൻ. ഇപ്പോൾ ജിത്തു മാധവന്‍റെ ഭാര്യ ഷിഫിന ബബിൻ പക്കറും സിനിമയിലേക്ക് ചുവടുവെക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഭാര്യയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ജിത്തു മാധവൻ പങ്കുവച്ച കുറിപ്പാണ്.
ഷിഫിനയുടെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇത് എന്നാണ് ജിത്തു മാധവൻ കുറിച്ചത്. ഉത്തരവാദിത്തമില്ലാത്ത പിന്തുണ നൽകാത്ത ഒരു ഭർത്താവിന്‍റെ ഭാര്യയായിരിക്കുന്നതിനൊപ്പം സ്വന്തം കരിയർ കെട്ടിപ്പടുക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. ജിത്തു മാധവൻ സംവിധാനം ചെയ്ത 'രോമാഞ്ചം', 'ആവേശം' എന്നീ സിനിമകളുടെ അസിസ്റ്റന്‍റായിരുന്നു ഷിഫിന. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങിൽ സൂര്യ, നസ്രിയ തുടങ്ങിയ വമ്പൻ താരങ്ങളാണ് പങ്കെടുത്തത്.
ജിത്തു മാധവന്‍റെ കുറിപ്പ്
"രചയിതാവും സംവിധായികയുമായ ഷിഫിന ബബിൻ പക്കറിന് അഭിനന്ദനങ്ങൾ! നിന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റേയും പോരാട്ടങ്ങളുടെയും ഫലം, നീ നേരിട്ട അപമാനങ്ങൾക്കുള്ള മറുപടി. ഇവിടെവരെ എത്താൻ നീ അനുഭവിച്ച കഷ്ടപ്പാടുകൾ എനിക്കറിയാം. നീയാകുകയെന്നത് അത്ര എളുപ്പമല്ല. നീ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുക എന്നതും പ്രയാസമാണ്. അമ്മയായിരിക്കുക, ഒപ്പം ഉത്തരവാദിത്തമില്ലാത്ത, പിന്തുണ നൽകാത്ത ഒരു ഭർത്താവിന്റെ ഭാര്യയായിരിക്കുക (അത്തരമൊരു മനുഷ്യനായതിൽ ക്ഷമിക്കണം), ഇതിനിടയിൽ സ്വന്തമായി ഒരു കരിയർ കെട്ടിപ്പടുക്കുക, തിരക്കഥയെഴുതുക, അതൊരു പ്രൊജക്റ്റാക്കി മാറ്റുക ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. വലിയൊരു കൈയടി', സംവിധായകൻ കുറിച്ചു. തിയേറ്ററിൽ നിന്റേയും നമ്മുടെ പ്രിയപ്പെട്ട പൈലിയുടെയും കൂടെയിരുന്ന് നിന്റെ സിനിമ കാണാനും, പടം കഴിയുമ്പോൾ നിന്റെ പേര് തെളിയുന്നത് കണ്ട് ജനം കൈയടിക്കുന്നത് സാക്ഷ്യം വഹിക്കാനും ഞാൻ കാത്തിരിക്കുന്നു. നിനക്കിത് നന്നായി ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം. ഐ ലവ് യു ഡാർലിങ്.'