നന്മ കിനിയാത്ത 'നായകന്മാർ'

സ്വയം പരിഹസിക്കുമ്പോഴും വിമർശിക്കുമ്പോഴും ശ്രീനിവാസൻ ലക്ഷ്യം വച്ചിരുന്നത് ഈ സമൂഹത്തെ തന്നെയായിരുന്നു

നീതു ചന്ദ്രൻ

ചില സിനിമകൾക്കൊടുവിൽ ബേസ്ഡ് ഓൺ ട്രൂ ഇവന്‍റ്സ് എന്നെഴുതിക്കാണിക്കാറില്ലേ... അതു വരെയുണ്ടായതിനേക്കാൾ വലിയ ഞെട്ടലാകും ആ ഒരൊറ്റ വാചകം നമുക്ക് നൽകുക.. പത്തിരുപത് കൊല്ലം മുൻപ് വടക്കു നോക്കിയന്ത്രവും തലയണമന്ത്രവും ഒക്കെ കണ്ട് കഴിഞ്ഞ് ഏറ്റവും ഒടുവിൽ സംവിധാനം ശ്രീനിവാസൻ എന്നെഴുതിക്കാണിക്കുമ്പോഴുണ്ടാകാറുള്ളതും ഏറെക്കുറേ സമാനമായ ഞെട്ടലാണ്. അത്രയേറെ സെൽഫ് ട്രോളാണ് ശ്രീനിവാസൻ ഓരോ സിനിമയിലും സ്വന്തം കഥാപാത്രങ്ങൾക്ക് നൽകിയിട്ടുള്ളത്. സംവിധാനവും തിരക്കഥയും അഭിനയവും ഒരുമിച്ചു ചെയ്യുന്നവരൊക്കെ നന്മ കിനിയുന്ന നായകന്മാരായി തന്നെ സിനിമയിൽ എത്തുന്ന കാലമാണെന്നോർക്കണം.. അക്കാലത്താണ് സംശയരോഗിയായ ഭർത്താവായും ഭാര്യയുടെ വാക്ക് കേട്ട് അബദ്ധത്തിലേക്ക് കൂപ്പു കുത്തുന്നയാളായും ജോലി ചെയ്യാൻ മടിയുള്ള അതിനു വേണ്ടി നൂറ് എക്സ്ക്യൂസ് കണ്ടെത്തുന്ന ആളായുമൊക്കെ സ്വന്തം സിനിമകളിൽ ശ്രീനിവാസൻ എത്തിയത്. ‌മലയാളത്തിൽ അത്രയേറെ ചങ്കൂറ്റമുള്ള മറ്റാരുമില്ലെന്ന് സംശയമില്ലാതെ പറയാം.

നന്നായി പാടാൻ അറിയാത്ത, കൺവെൻഷണൽ മലയാളി നായകന്‍റെ അത്ര സൗന്ദര്യമില്ലാത്ത, അസാധാരണ ശേഷികളൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ.

പക്ഷേ ‌ലോകത്തുള്ള സകല പുച്ഛവും ചിലപ്പോൾ നിസംഗതയും എല്ലാം കൂടി വാരിപ്പൂശിക്കൊണ്ടുള്ള ഒന്നോ രണ്ടോ ഡയലോഗ് മാത്രം മതി, അയാൾക്കാ സിനിമയെ മുഴുവൻ ഹൈജാക്ക് ചെയ്യാൻ. സ്വയം അറിയാതെയാണ് ഇക്കണ്ട മലയാളികളെല്ലാം ശ്രീനിവാസന്‍റെ ഫാനായി മാറിയത്..

മലയാള സിനിമയിൽ പുതിയ നിലവാരങ്ങൾ സൃഷ്ടിച്ചവരിൽ ഒരാൾ. മിഥുനത്തിലെ ചങ്കു പറിച്ചു കൊടുക്കുന്ന കൂട്ടുകാരൻ, വടക്കു നോക്കിയന്ത്രത്തിലെ ഉള്ളിലുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാത്ത തളത്തിൽ ദിനേശൻ, പൊന്മുട്ടയിടുന്ന താറാവിലെ അനുരാഗിയായ തട്ടാൻ, ചിത്രത്തിലെ സ്വന്തം കുടുംബത്തിനു വേണ്ടി കുതന്ത്രങ്ങൾ ഒപ്പിക്കുന്ന ഭാസ്കരൻ നമ്പ്യാർ ..., തേന്മാവിൻ കൊമ്പത്തിലെ കുബുദ്ധിയുടെ അവതാരമായ അപ്പക്കാള.. അങ്ങനെ ഇത്തിരി വില്ലൻ ചുവയുണ്ടെങ്കിൽ പോലും മലയാളികൾ സ്വയമറിയാതെ സ്നേഹിച്ചു പോയ അനവധി കഥാപാത്രങ്ങൾ.

സ്വയം പരിഹസിക്കുമ്പോഴും വിമർശിക്കുമ്പോഴും ശ്രീനിവാസൻ ലക്ഷ്യം വച്ചിരുന്നത് ഈ സമൂഹത്തെ തന്നെയായിരുന്നു.. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മറ്റാരും അങ്ങനെ കൈ വച്ചിട്ടില്ലാത്ത സീസണൽ ഭക്തിയെ വരെ രൂക്ഷമായി ചോദ്യം ചെയ്യുന്നുണ്ട് ശ്രീനിവാസൻ. മലയാളത്തിന്‍റെ രാഷ്ട്രീയ സാഹചര്യത്തെ അപ്പാടെ പരിഹസിച്ചു കൊണ്ടുള്ള സന്ദേശം ഒരിക്കൽ വൻ തോതിൽ പ്രശംസിക്കപ്പെട്ടതും ആ ഒരു കാരണം കൊണ്ടായിരുന്നു. പക്ഷേ കാലം പോയപ്പോൾ അരാഷ്‌ട്രീയവാദിയെന്ന പട്ടവും അതേ സിനിമ ശ്രീനിവാസനു മേൽ ചാർത്തിക്കൊടുത്തുവെന്നതാണ് മറ്റൊരു യാഥാർഥ്യം. ഉദയനാണ് താരത്തിലെ സരോജ് കുമാർ എന്ന കഥാപാത്രത്തെ മലയാളികൾ മനസിലേറ്റി. പക്ഷേ പദ്മശ്രീ ഭരത് ഡോ. സരോജ് കുമാർ എന്ന ചിത്രത്തിലെത്തിയതോടെ വിമർശനത്തിന്‍റെ കൂരമ്പുകൾ ശ്രീനിവാസനു നേരെയെത്തി. അതു പോലെ തന്നെ അലോപ്പതിയെ വിമർശിച്ചതും വലിയ വിവാദമായി മാറി. പക്ഷേ മരുന്നുകളോടല്ല,‌ ചികിത്സാ രീതികളോടാണ് തനിക്ക് പ്രശ്നമെന്ന് ശ്രീനിവാസൻ അതിൽ വിശദീകരണം നൽകിയിരുന്നു. മനസിലുള്ളതെല്ലാം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്നതായിരുന്നു ശ്രീനിവാസന്‍റെ വ്യക്തിത്വം.. അതു കൊണ്ട് നിരവധി പ്രശ്നങ്ങളുമുണ്ടാകാറുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നു. പക്ഷേ ശ്രീനിവാസൻ എന്നും നിലപാടുകളിൽ ഉറച്ചു നിന്നു.

മലയാള സിനിമയിൽ ശ്രീനിവാസൻ ഒരു വിന്നിങ് ഫാക്റ്ററായിരുന്നു. ഇനിയെത്ര നാൾ കഴിഞ്ഞാലും എത്രയേറെ സിനിമകൾ വന്നാലും സ്ക്രീനിൽ ശ്രീനിവാസനെത്തുമ്പോൾ മലയാളികളുടെ ചുണ്ടിൽ വിരിയുന്ന നേർത്ത ചിരി വാടാതെ തുടരും..

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com