ആ പരാജയപ്പെട്ട സംവിധായകന്‍ എന്‍റെ അച്ഛനാണ്, സിബി മലയില്‍, അയാൾ വളർത്തിയത് നട്ടെല്ലുള്ള മകനെയാണ്; പേളിക്ക് ജോയുടെ മറുപടി

"എന്‍റെ പോസ്റ്റ് നിരവധി പേരെ അസ്വസ്ഥരാക്കിയെന്ന് തോന്നുന്നു. ഞാൻ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നത് ചിലരെ അസ്വസ്ഥരാക്കുന്നു. ഇവർ ആരൊക്കെയാണെന്ന് എനിക്ക് മനസിലാകുന്നില്ല"
joe sibi malayil pearle maaney instagram controversy cjp protest

പേളി മാണി | ജോയും സിബിമലയിലും

Updated on

സിജെപി പ്രതിഷേധത്തിലുള്ള പോസ്റ്റില്‍ പേളി മാണിക്ക് മറുപടിയുമായി സംവിധായകന്‍ സിബി മലയിലിന്‍റെ മകന്‍ ജോ. പേളി വിശേഷിപ്പിച്ച പരാജയപ്പെട്ട സംവിധായകന്‍ തന്‍റെ അച്ഛനാണെന്ന് പറഞ്ഞാണ് ജോയുടെ പ്രതികരണം.

"ഹേയ്, അമ്മ പോരാളി, ആ 'പരാജയപ്പെട്ട സിനിമക്കാരൻ' എന്‍റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് നന്നായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്‍റെ 7 സ്ലൈഡുകൾ വായിക്കാൻ നിങ്ങൾക്ക് ഇത്ര മടിയുണ്ടായിരുന്നോ? 57 ലക്ഷം ഫോളോവേഴ്സ് നിങ്ങളുടെ അപൂർണമായ ആശയങ്ങൾ വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക്, ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ ഭാരമായി തോന്നിയോ. നിങ്ങൾ ഈ വിഷയം വ്യക്തിപരമാക്കിയ സ്ഥിതിക്ക് കളി തുടങ്ങാം. ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്ഥമായി ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. അദ്ദേഹത്തിന്‍റെ പേര് സിബി മലയിൽ എന്നാണ്. മുന്നോട്ടു വരൂ. നിങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രമിക്ക്", എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ജോ പ്രതികരിച്ചത്.

വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റ സംഘർഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും കണ്ടു. അക്രമസംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണം, ജീവനാണ് പ്രധാനം, അഭിപ്രായം മാറ്റിപ്പറയുന്ന ബലഹീനതയല്ല, വളർച്ചയാണ്.. എന്നീ അഭിപ്രായങ്ങളോടു കൂടിയ ദീർഘമായ പോസ്റ്റാണ് പേളി സോഷ്യൽമീഡിയയിലൂടെ പങ്കു വച്ചിരുന്നത്. എന്നാൽ പ്രശ്നത്തിന്‍റെ ഗൗരവം കുറച്ചു കാണിക്കുന്നുവെന്നാരോപിച്ച് പേളി കടുത്ത രീതിയിൽ വിമർശിക്കപ്പെട്ടു. നിരവധി പേരാണ് പേളിക്കെതിരേ കമന്‍റും പോസ്റ്റുകളുമായി എത്തിയത്. വിമർശിച്ചവരെ പേളി ബ്ലോക്ക് ചെയ്തതായും ആരോപണമുയർന്നിരുന്നു.

പിന്നീട് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കു വച്ച പ്രസ്താവനയും പേളി സ്റ്റാറ്റസ് ആക്കിയിരുന്നു. കടുത്ത വിമർശനത്തെത്തുടർന്ന് പേളി ഈ സ്റ്റാറ്റസ് നീക്കം ചെയ്തു. തൊട്ടു പിന്നാലെ ഞാൻ പേളി മാണിയാണ്, എന്‍റെ ഇഷ്ട നിറം കാവിയാണ്. ദേശീയ പതാകയിൽ ആ നിറത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന പ്രസ്താവനയുമായി പേളി മറ്റൊരു സ്റ്റാറ്റസ് പങ്കു വച്ചത്.

എന്‍റെ പോസ്റ്റ് നിരവധി പേരെ അസ്വസ്ഥരാക്കിയെന്ന് തോന്നുന്നു. ഞാൻ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നത് ചിലരെ അസ്വസ്ഥരാക്കുന്നു. ഇവർ ആരൊക്കെയാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പരാജയപ്പെട്ട സിനിമാ പ്രവർത്തകൻ എന്‍റെ നാല് പേജുള്ള പോസ്റ്റിനെക്കുറിച്ച് 10 പേജ് ലേഖനം എഴുതിയിരിക്കുന്നു. പരമാവധി എരിവും അജിനോമോട്ടോയും ചേർത്ത് പറ്റുന്ന വിധത്തിലെല്ലാം എന്‍റെ കുറിപ്പിനെ അനാരോഗ്യകരമാക്കി മാറ്റിയിരിക്കുന്നു.

എന്‍റെ രണ്ട് കുട്ടികളും സുരക്ഷിതരല്ലേ എന്ന് ചിലർ പരിഹാസത്തോടെ ചോദിക്കുന്നു. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമിപ്പിക്കുന്നു. അവർ പെൺകുട്ടികളാണെന്ന് എനിക്ക് നന്നായറിയാം. നിങ്ങളെന്നെ ഭീഷണിപ്പെടുത്തി എന്‍റെ പ്രസ്താവന തിരുത്തിക്കാൻ ശ്രമിക്കുകയാണോ. അതിനാദ്യം നിങ്ങളെന്നെ തൊടണം. തെറ്റായ ഒരാളുമായാണ് നിങ്ങൾ പ്രശ്നമുണ്ടാക്കുന്നത്. നിങ്ങളെനിക്ക് അഭിപ്രായസ്വാതന്ത്ര്യം നൽകേണ്ട കാര്യമില്ല. എനിക്ക് ഉണ്ട്, ഞാനത് ഉപയോഗിക്കുകയും ചെയ്യും. ഞാൻ നിങ്ങളുടെ കളിപ്പാവയല്ലെന്നും പേളി കുറിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com