

ജൂഡ് ആന്തണി മോഹൻലാൽ | ആയുഷ്മാൻ ഖുറാന
വിസ്മയ മോഹൻലാലിനെ നായികയാക്കി 'തുടക്കം' തിയെറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ 3 കോടിയോളം ആഗോള കളക്ഷൻ നേടിയതായാണ് കണക്കുകൾ. വിസ്മയയുടെ ആദ്യ സിനിമ എന്ന പ്രത്യേകതയോടെയാണ് തുടക്കം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ തുടക്കത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിന്‍റെ ഭാഗമാണ്.
ഇപ്പോഴിതാ മോഹൻലാലുമായി ബന്ധപ്പെട്ട് ജൂഡ് പറഞ്ഞ ഒരു കാര്യമാണ് ചർച്ചയായിരിക്കുന്നത്. മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനെയെയും വച്ച് താൻ ഒരു ബോളിവുഡ് സിനിമ പ്ലാൻ ചെയ്തിരുന്നെന്നും എന്നാൽ മോഹൻലാലിനെ സെക്കന്‍ററി ആക്ടർ എന്ന നിലയിൽ പ്രൊഡക്ഷൻ ഹൗസ് പരിഗണിച്ചതോടെ താൻ ആ പ്രോജക്ട് തന്നെ പിന്മാറുകയായിരുന്നെന്നാണ് ജൂഡിന്‍റെ വെളിപ്പെടുത്തൽ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ജൂഡിന്‍റെ പ്രതികരണം.
"സിനിമയുടെ ഏകദേശ സ്‌ക്രിപ്റ്റ് പൂർത്തിയായതായിരുന്നു. പ്രൊഡക്ഷന്‍ ഹൗസുമായി കഥയും ഡിസ്‌കസ് ചെയ്തിരുന്നു. അന്ന് ആ കഥയില്‍ ലാല്‍ സാറിനും റോളുണ്ടായിരുന്നു. പ്രധാനപ്പെട്ട റോളിലായിരുന്നു ലാല്‍ സാറിന്‍റെ ക്യാരക്റ്റര്‍. പക്ഷേ, തിരക്കഥ പൂർത്തിയാക്കി വരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ഞാന്‍ അവരുടെ മുന്നിലേക്ക് ഒരു ഡിമാന്‍ഡ് വെച്ചു. സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്യാം. പക്ഷേ, ലാല്‍ സാറിനെക്കൊണ്ട് ഈ പ്രൊജക്ട് കംപ്ലീറ്റ് ചെയ്യിക്കണം എന്നായിരുന്നു എന്‍റെ ഡിമാന്‍ഡ്. അപ്പോള്‍ അവര്‍ പറഞ്ഞത് 'ആദ്യം സ്‌ക്രിപ്റ്റ് ഇഷ്ടമാകണം, എന്നിട്ടേ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുള്ളൂ എന്ന്. ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ ലാല്‍ സാറിനെ അവര്‍ സെക്കന്‍ററി ആര്‍ട്ടിസ്‌റ്റെന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായില്ല. ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി." ജൂഡ് ആന്തണി പറഞ്ഞു.