പാരിസിൽ വെറും ഏഴ് മണിക്കൂർ; ഓരോ നിമിഷവും ആഘോഷമാക്കി ജാൻവി കപൂർ

പാരിസ് യാത്രയ്ക്കിടെ ഈഫൽ ടവറിന് മുന്നിൽ നിൽക്കുന്ന വീഡിയോയാണ് ജാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്
Janhvi Kapoor

ജാൻവി കപൂർ

Updated on

ഒരു നഗരത്തെ അടുത്തറിയാൻ ദിവസങ്ങളോളം അവിടെ തങ്ങണമെന്നില്ല. കൃത്യമായൊരു പ്ലാനും കുറച്ച് സമയവും ഉണ്ടെങ്കിൽ ഏതാനും മണിക്കൂറുകൾ പോലും മനോഹരമായ യാത്രാനുഭവമായി മാറ്റാം. പാരിസിൽ വെറും ഏഴ് മണിക്കൂർ ചെലവഴിച്ച ബോളിവുഡ് താരം ജാൻവി കപൂറിന്‍റെ യാത്ര ഇതിന് മികച്ച ഉദാഹരണമാണ്.

പാരിസ് യാത്രയ്ക്കിടെ ഈഫൽ ടവറിന് മുന്നിൽ നിൽക്കുന്ന വീഡിയോയാണ് ജാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പശ്ചാത്തലത്തിൽ ലോകപ്രശസ്തമായ ഈഫൽ ടവർ. മുന്നിൽ ജാൻവിയുടെ സ്റ്റൈലിഷ് ലുക്ക്. യാത്രയ്ക്കിടയിൽ ലിപ്സ്റ്റിക്കും ബ്ലഷും ഉപയോഗിച്ച് ഒരുങ്ങുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.

“പാരിസിൽ ഏഴ് മണിക്കൂർ, പക്ഷേ എന്‍റെ ഫ്രഞ്ച് ഗേൾ ലിപ്സ്റ്റിക്കും ബ്ലഷും ഇല്ലാതെ അല്ല” എന്ന കുറിപ്പോടെയാണ് ജാൻവി വീഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാരിസിന്‍റെ ആകർഷണീയത അനുഭവിക്കാമെന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയായി ഈ യാത്ര.

പാരിസിൽ സമയം കുറവാണെങ്കിൽ ആദ്യം പരിഗണിക്കേണ്ടത് ഈഫൽ‌ ടവർ തന്നെയാണ്. 1889ലെ വേൾഡ്‌ ഫെയറിനായി നിർമിച്ച 330 മീറ്റർ ഉയരമുള്ള ഈ വിഖ്യാത നിർമിതി പാരിസിന്‍റെ ഏറ്റവും തിരിച്ചറിയപ്പെടുന്ന കാഴ്ചകളിലൊന്നാണ്. കലാസ്വാദകർക്ക് ലൂവർ മ്യൂസിയം ഒഴിവാക്കാനാകില്ല. ചരിത്രപ്രസിദ്ധമായ രാജകൊട്ടാരത്തിൽ പ്രവർത്തിക്കുന്ന ലൂവർ ലോകത്തിലെ ഏറ്റവും വലിയ കലാമ്യൂസിയങ്ങളിലൊന്നാണ്. മൊണാലിസ, വീനസ് ഡി മിലോ തുടങ്ങി ഏകദേശം 35,000 കലാസൃഷ്ടികളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. സീൻ നദിയിലൂടെയുള്ള ബോട്ട് യാത്രയും പരിഗണിക്കാം. പാരിസിന്‍റെ ഹൃദയഭാഗത്തിലൂടെയാണ് സീൻ നദി ഒഴുകുന്നത്. ഏകദേശം ഒരു മണിക്കൂർ നീളുന്ന ബോട്ട് യാത്രയിലൂടെ നഗരത്തിലെ പ്രധാന കാഴ്ചകൾ വെള്ളത്തിൽ നിന്ന് ആസ്വദിക്കാം.

logo
Metro Vaartha
www.metrovaartha.com