സുഷിൻ ശ്യാമിനൊപ്പം 'സ്തുതി' പാടി ജ്യോതിർമയിയുടെ തിരിച്ചുവരവ് | Video

അമൽ നീരദിന്‍റെ ബോഗയ്ൻവില്ല എന്ന സിനിമയിൽ ജ്യോതിർമയിക്കൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും

ചുരുക്കം സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന ജ്യോതിർമയി പുതിയ ഗെറ്റപ്പിൽ തിരിച്ചുവരുന്നു, കൂടെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും. ഭീഷ്മപർവത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻവില്ല എന്ന സിനിമയുടെ പ്രൊമോ ഗാനമാണ് പ്രേക്ഷകരുടെ ആകാംക്ഷ ഉണർത്തുന്നത്.

'സ്തുതി' എന്ന പേരിൽ എത്തിയിരിക്കുന്ന ഗാന രംഗത്തിൽ ജ്യോതിർമയിക്കൊപ്പം സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനുമുണ്ട്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്.

സുഷിന്‍റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് 'സ്തുതി'. കുഞ്ചാക്കോ ബോബന്‍റെ ചടുലമായ ചുവടുകളും 'സ്തുതി'യുടെ ഹൈലൈറ്റാണ്.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ. ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com