കലാഭവന്‍ മണിക്ക് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; സ്മാരകം നിർമിക്കുന്നത് 20 സെന്‍റ് സ്ഥലത്ത്, മണ്ണ് പരിശോധന ആരംഭിച്ചു
കലാഭവൻ മണിക്കു സ്മാരകം നിർമിക്കാൻ കണ്ടെത്തിയ സ്ഥലം.
കലാഭവൻ മണിക്കു സ്മാരകം നിർമിക്കാൻ കണ്ടെത്തിയ സ്ഥലം.

ഷാലി മുരിങ്ങൂർ

ചാലക്കുടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കലാഭവന്‍ മണിക്ക് ജന്മനാട്ടിൽ സ്മാരകം യാഥാർഥ്യമാകുന്നു. ചാലക്കുടിക്കാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് കലാഭവൻ മണി സ്മാരക നിര്‍മാണത്തിന് തുടക്കമായത്. സാംസ്‌കാരിക വകുപ്പിന്‍റേയും കേരള ഫോക് ലോര്‍ അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിലാണ് സ്മാരക നിര്‍മാണം.

നിര്‍മാണത്തിന്‍റെ പ്രാരംഭ നടപടികളുടെ ഭാഗമായി മണ്ണ് പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും. കുഴല്‍കിണര്‍ നിര്‍മാണവും അടുത്ത ദിവസം ആരംഭിക്കും. നാടൻ കലകളുടെ ഗവേഷണ കേന്ദ്രവും തിയ്യറ്റര്‍ സമുച്ചയവും സ്മാരക മന്ദിരത്തിന്‍റെ ആകര്‍ഷണങ്ങളാണ്.

സ്മാരക നിര്‍മാണത്തിനായി മൂന്ന് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിർമിക്കാൻ ഉദ്ദേശിച്ചിരുന്നതിന്‍റെ പകുതി വലിപ്പത്തിലാണ് സ്മാരകം നിർമിക്കുന്നത്. നഗരസഭ വിട്ടു നൽകിയ 20 സെന്‍റ് സ്ഥലത്ത് ആറായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് ഇപ്പോൾ സ്മാരകം നിർമിക്കുക.സനീഷ്കുമാർ ജോസഫ് എംഎൽഎ നിരന്തരമായി മന്ത്രിക്ക് നൽകിയ കത്തിന്‍റേയും മറ്റും അടിസ്ഥാനത്തിലാണ് ഇപ്പോഴെങ്കിലും സ്മാരകത്തിന്‍റെ നിർമാണം ആരംഭിക്കുന്നത്. ഫോക് ലോർ അക്കാദമിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. വി.ആർ.പുരം സ്വദേശിയാണ് സ്മാരകത്തിന്‍റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം 6ന് മണിയുടെ എട്ടാം അനുസ്മരണത്തിന് മുന്നോടിയായി നിർമാണം ആരംഭിക്കാമെന്ന് സനീഷ് കുമാർ എംഎൽഎ, ഫോക് ലോർ അക്കാദമി സെക്രട്ടറി, ഊരാളുങ്കൽ സൊസൈറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.

സ്മാരക നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുക എന്നതായിരുന്നു ആദ്യം നേരിട്ട വെല്ലുവിളി. വിദ്യഭ്യാസ വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലം സാംസ്‌കാരിക വകുപ്പിന് വിട്ടു നൽകിയുള്ള ഉത്തരവ് ലഭിക്കാൻ ഏറെ സമയം എടുത്തതിനാൽ നിർമാണം നീണ്ടു പോവുകയായിരുന്നു.

നിലവില്‍ അനുവദിച്ചിട്ടുള്ള സ്ഥലത്തോട് ചേര്‍ന്ന് 15 സെന്‍റ് കൂടി ലഭ്യമായാല്‍ സ്മാരക മന്ദിരത്തില്‍ കൂടതല്‍ സൗകര്യങ്ങളൊരുക്കാനാകും. ഇതിനായി അധിക ഭൂമി വേണമെങ്കിൽ വിട്ടു നൽകാമെന്ന് നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ തുക ഇനിയും അനുവദിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നഗരസഭ അധികൃതര്‍ക്ക് ഉറപ്പ് നല്കിയിരുന്നു. നിർമാണം നീണ്ടു പോയപ്പോൾ കലാകാരന്‍മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ സമരങ്ങളാണ് നടത്തിയത്.

ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണിയുടെ പേരിലുള്ള സ്മാരകം മുൻ തീരുമാനത്തിന് വിരുദ്ധമായി ചെറുതാക്കി പണിയുന്നതിൽ മണിയുടെ ആരാധകർക്ക് പ്രതിഷേധമുണ്ട് എങ്കിലും സാംസ്‌കാരിക വകുപ്പും ഫോക് ലോര്‍ അക്കാദമിയും കലാഭവന്‍ മണി സ്മാരകത്തിന്‍റെ നിര്‍മാണത്തിന് തുടക്കമിട്ടിരിക്കുന്നതിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com