വിസ്മയലോകമൊരുക്കി കല്‍ക്കിയുടെ ട്രെയിലര്‍

ട്രെയിലറില്‍ പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ശോഭന, ദിഷ പഠാനി തുടങ്ങിയവരെത്തുന്നു

പ്രഭാസിന്‍റെ അടുത്ത ബ്രഹ്മാണ്ട ചിത്രം കൽക്കി 2898 എഡിയുടെ ട്രെയിൽ റിലീസ് ചെയ്തു. അദ്ഭുതങ്ങളുടെ വിസ്മയലോകം തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ ഇതിൽ പ്രദർശിപ്പിക്കുന്നത്. ട്രെയിലറില്‍ പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ശോഭന, ദിഷ പഠാനി തുടങ്ങിയവരെത്തുന്നു. വില്ലൻ വേഷത്തിൽ വൃദ്ധന്‍റെ രൂപഭാവത്തോടെ കമല്‍ഹാസനുമുണ്ട്.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 600 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നത്. ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. നായകന്‍റെ വാഹനമായ ബുജ്ജിയുടെ മേക്കിങ് വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

ജൂണ്‍ 27നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു.

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരകൊണ്ട, ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിർമിക്കുന്നത്.

സന്തോഷ് നാരായണനാണ് കല്‍ക്കി 2898 എഡിയുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com