ദിലീപിന്‍റെ പിറന്നാൾ ദിനത്തിൽ 'കല്യാണരാമൻ' റീറിലീസ് പോസ്റ്റർ

തിയറ്ററുകളിൽ വീണ്ടും ചിരിപ്പൂരം തീർക്കാൻ രാമൻകുട്ടിയും പോഞ്ഞിക്കരയും എത്തുന്നു! പിറന്നാൾ ദിനത്തിൽ 'കല്യാണരാമൻ' റീറിലീസ് പോസ്റ്റർ
Kalyanaraman rerelease

കല്യാണരാമനിൽ ദിലീപ്.

Updated on: 

ദിലീപ് നായകനായി എത്തിയ 'കല്യാണരാമൻ' വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 24 വർഷങ്ങൾക്കു ശേഷം തിരിച്ചുവരുന്ന ചിത്രം 4കെ അറ്റ്മോസിൽ നൂതന സാങ്കേതിക മികവോടെയാണ് ഒരുങ്ങുന്നത്. ദിലീപിന്‍റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മാസ് സർപ്രൈസ് സമ്മാനമായാണ് 'കല്യാണരാമൻ 4K' റീ റിലീസ് പോസ്റ്റർ പുറത്തിറക്കിയത്.

2002ൽ പുറത്തിറങ്ങിയ 'കല്യാണരാമൻ' സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ലാൽ ക്രിയേഷൻസിന്‍റെ ബാനറിൽ ലാൽ ആണ് നിർമിച്ചത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്‍റർടെയ്നറുകളിൽ ഒന്നായ 'കല്യാണരാമൻ' വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്നത് ചിത്രത്തിലെ രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും ഒന്നിക്കുന്ന ദിലീപ് - ഇന്നസെന്‍റ് - സലിംകുമാർ കോംബോ തന്നെയാകും.

റീ റിലീസിൽ ഏറെ വിജയം കൈവരിച്ച ദേവദൂതൻ, ചോട്ടാ മുബൈ, കിരീടം എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്ത ഹൈ സ്റ്റുഡിയോസാണ് കല്യാണരാമനും അത്യാധുനിക 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദമികവിലുമായി ഒരുക്കുന്നത്.

ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ഇന്നസെന്‍റ്, സലിം കുമാർ, ലാൽ, ലാലു അലക്സ്, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങിയ വലിയൊരു താരനിരയും അണിനിരക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി–ഇഗ്നേഷ്യസ് ആണ്. പി. സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഹരിഹരപുത്രൻ ആണ്. പിആർഒ: പി. ശിവപ്രസാദ്.

logo
Metro Vaartha
www.metrovaartha.com