

ഋഷിക, യഷ്
ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ ഓഗസ്റ്റ് 26ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്. ചിത്രത്തിന്‍റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കന്നഡ നടി ഋഷിക സിങ്.
സ്ത്രീകളെ ബഹുമാനിക്കാത്ത പക്ഷം ചിത്രത്തിലെ നായകൻ യഷിനെ കർണാടകയിൽ നിന്നും പുറത്താക്കുമെന്നാണ് നടിയുടെ വിമർശനം. തന്‍റെ ഔദ‍്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി വിമർശനവുമായി രംഗത്തെത്തിയത്. ഒരു ഭർത്താവും പിതാവും എന്ന നിലയ്ക്ക് യഷ് സ്ത്രീകളോട് കൂടുതൽ ബഹുമാനം കാണിക്കണമെന്നാണ് ഋഷിക ആവശ‍്യപ്പെട്ടത്. താൻ ടോക്സിക് ആണെന്ന് പലതവണ ആവർത്തിച്ചുകൊണ്ടാണ് നടി വിഡിയോ അവസാനിപ്പിച്ചത്.
നടിയുടെ വിഡിയോ സമൂഹമാധ‍്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതോടെ വിമർശനവുമായി യഷ് ആരാധകരും രംഗത്തെത്തി. ചിത്രത്തിലെ കഥാപാത്രങ്ങൾ തമ്മിലുള്ള രംഗങ്ങളെ സാങ്കൽപ്പിക ചിത്രമായി കാണാൻ എന്തുകൊണ്ടാണ് ഋഷികയ്ക്ക് സാധിക്കാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. കന്നഡ സിനിമ അന്താരാഷ്ട്ര തലത്തിലേക്കും പ്രേക്ഷകരിലേക്കും എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ടോക്സിക് കന്നഡയിൽ നിർമിച്ചതിലും അതിൽ ബോളിവുഡ് നടി ഭാഗമാകുന്നതിലും എനിക്ക് സന്തോഷമുണ്ട്. എന്നാൽ ട്രെയിലറിൽ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്ന രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. ട്രെയിലറിലെ ഇന്‍റിമേറ്റ് രംഗങ്ങൾ തന്നെ നിരാശപ്പെടുത്തിയെന്നും ഭാര‍്യയും മക്കളുമുള്ള യഷിൽ നിന്നും ഇത്തരത്തിലൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നും നടി പറയുന്നു. ഗീതു മോഹൻദാസ് കർണാടക സ്വദേശി അല്ലാത്തതിനാൽ അവർക്ക് കർണാടക സംസ്കാരം അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു.